മധുരക്കാഴ്ചകളൊരുക്കി ഖോർഫക്കാനിൽ മാമ്പഴോത്സവം
text_fieldsഷാർജ: ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി സഹകരിച്ച് ഖോർഫക്കാൻ മുനിസിപ്പൽ കൗൺസിൽ സംഘടിപ്പിക്കുന്ന മൂന്നാമത് വാർഷിക മാമ്പഴോത്സവം ശ്രദ്ധേയമായി. എക്സ്പോ ഖോർഫക്കാനിൽ സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ മേളക്ക് വെള്ളിയാഴ്ചയാണ് തുടക്കമായത്. 30ലേറെ കർഷകരിൽനിന്നായി 150ലേറെ വ്യത്യസ്തയിനം മാങ്ങകളാണ് മാമ്പഴോത്സവത്തിൽ ഒരുക്കിയിട്ടുള്ളത്. വെള്ളിയാഴ്ച നടന്ന പ്രൗഢമായ ചടങ്ങിൽ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസാണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്.
കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ, കർഷകർ, മാമ്പഴം ഉൽപാദിപ്പിക്കുന്ന കുടുംബങ്ങൾ എന്നിവർ പ്രദർശനങ്ങളുമായി പങ്കെടുക്കുന്നുണ്ട്. സാമ്പത്തിക, ഭക്ഷ്യസുരക്ഷയുടെ പ്രധാന ഭാഗമായ കാർഷിക ഉൽപാദനത്തെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മേള രൂപകൽപന ചെയ്തിരിക്കുന്നത്. മേഖലയിലെ വാണിജ്യ, ടൂറിസം പ്രവർത്തനങ്ങൾ വർധിപ്പിക്കാനും പരിപാടി വഴി ലക്ഷ്യമിടുന്നു. പ്രാദേശിക കർഷകരുടെ വിപുലമായ പങ്കാളിത്തത്തോടെ ഫെസ്റ്റിവലിൽ വൈവിധ്യമാർന്ന മാമ്പഴ ഇനങ്ങൾ പ്രദർശിപ്പിക്കുകയും മികച്ച സമ്മാനങ്ങളുള്ള നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. മത്സരങ്ങൾ പ്രധാനമായും മൂന്ന് വിഭാഗങ്ങളായാണ് നടക്കുന്നത്. മാമ്പഴ മസൈന (സൗന്ദര്യ മത്സരം), സ്ത്രീകൾക്ക് മാത്രമായുള്ള ഏറ്റവും മനോഹരമായ മാമ്പഴക്കൊട്ടക്കുള്ള മത്സരം, കുട്ടികൾക്കുള്ള മികച്ച കലാസൃഷ്ടി മത്സരം എന്നിവയാണിത്. ദിവസവും വൈകുന്നേരം 4.30 മുതൽ രാത്രി 10 വരെയാണ് ഫെസ്റ്റിവലുണ്ടാകുക. വിവിധ സാമ്പത്തിക വാണിജ്യ പരിപാടികളും പ്രവർത്തനങ്ങളും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.