കണ്ടൽ കൃഷി വ്യാപനത്തിനൊരുങ്ങി അജ്മാന്
text_fieldsയു.കെയും ഫ്രാൻസും ഉൾപ്പെടെ ചില രാജ്യങ്ങളിൽ ഈ നൂറ്റാണ്ടിന്റെ പകുതി പിന്നിടുമ്പോഴേക്കും നെറ്റ് സീറോ എമിഷൻ ടാർഗറ്റ് കൈവരിക്കാൻ ഉതകുന്ന നിയമങ്ങൾ ഇതിനകം പാസാക്കി കഴിഞ്ഞിട്ടുണ്ട്. യൂറോപ്യൻ യൂനിയൻ യൂറോപ്പ് മുഴുവൻ ബാധകമായ നിയമ നിർമാണത്തിനായി ശ്രമിക്കുകയാണ്. കാനഡ, ദക്ഷിണ കൊറിയ, ജപ്പാൻ, ജർമനി തുടങ്ങിയ രാജ്യങ്ങൾ ഇതിനകം നെറ്റ് സീറോ എമിഷനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്താൻ സ്വയം സന്നദ്ധരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നെറ്റ് സീറോ എമിഷൻ ലക്ഷ്യം കൈവരിക്കാൻ യു.എസ് സ്വയം സന്നദ്ധമായിരംഗത്ത് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2050ഓടെ നെറ്റ് സീറോ എമിഷൻ ലക്ഷ്യം കൈവരിക്കാനുള്ള പുറപ്പാടിലാണ് യു.എ.ഇ. ഇതിന്റെ ഭാഗമായി ദേശീയ തലത്തിൽ 2030-ഓടെ 10 കോടി കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കാനാണ് നാഷനൽ കാർബൺ സീക്വസ്ട്രേഷൻ പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതിയോട് അനുഭാവം പ്രകടിപ്പിച്ച് കണ്ടല്‍കാടുകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുകയാണ് അജ്മാനും.
വരും തലമുറക്ക് സുഗമമായ ആവാസ വ്യവസ്ഥ ഒരുക്കുക എന്ന ലക്ഷ്യത്തോടെ അജ്മാന്റെ പ്രദേശങ്ങളില്‍ കണ്ടല്‍കാടുകള്‍ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അജ്മാന് നഗരസഭ. അജ്മാന്- ഉമ്മുല്‍ഖുവൈന്‍ അതിര്‍ത്തി പ്രദേശമായ അല്‍ സോറയിലെ നാച്ചുറൽ റിസർവ് മേഖലയില്‍ നിലവിലെ കണ്ടല്‍കാടുകളുടെ വിസ്തൃതി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വികസനങ്ങളുടെയും കൈയ്യേറ്റങ്ങളുടേയും ഭാഗമായി കണ്ടല്‍കാടുകള്‍ നശിപ്പിക്കപ്പെടുമ്പോള്‍ പാരിസ്ഥിതിക മൂല്യം തിരിച്ചറിഞ്ഞ് ഇവിടം സ്വര്‍ഗ്ഗമാക്കുകയാണ് ഭരണാധികാരികള്‍. ഭൂമിയിലെ കാർബൺ വേർതിരിക്കലിനും ആഗോളതാപനത്തിന് കാരണമാകുന്ന വിഷവാതകങ്ങളെ അകറ്റുന്നതിനുമുള്ള ഏറ്റവും പ്രധാന പ്രകൃതിദത്ത സംവിധാനങ്ങളിലൊന്നായാണ് കണ്ടല്‍കാടുകളെ കണക്കാക്കപ്പെടുന്നത്. അജ്മാനിലെ ടൂറിസം വികസന വകുപ്പിന്റെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം ഒരു കണ്ടൽമരം പ്രതിവർഷം ശരാശരി 12.3 കിലോ കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുന്നു. ഇത് 25 വർഷത്തിനിടെ അന്തരീക്ഷത്തിൽ നിന്ന് 308 കിലോഗ്രാം (0.3 ടൺ) കാർബൺ ഡൈ ഓക്സൈഡിന് തുല്യമാണ്. അജ്മാന് അല്‍ സോറ പ്രദേശത്ത് 2023ന്റെ ആദ്യ പാദത്തിൽ 31,000 കണ്ടൽ തൈകൾ വിജയകരമായി നഗരസഭയുടെ ആഭിമുഖ്യത്തില്‍ കൃഷി ചെയ്തു. 2017 നും 2022നും ഇടയിൽ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ പിന്തുണയോടെ അജ്മാൻ എമിറേറ്റ് സർക്കാർ അൽ സോറ നേച്ചർ റിസർവിനുള്ളിൽ അധികമായി 40,000 മുകളിലാണ് കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നത്.
നടപടി കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം തുടക്കം മുതലേ വലിയ തോതില്‍ കണ്ടല്‍ തൈ നടല്‍ ആരംഭിച്ചിട്ടുണ്ട്. 2050 ആകുമ്പോഴേക്കും ഈ മേഖലയില്‍ ലോകോത്തരമായ നേട്ടം കൈവരിക്കുക എന്ന ലക്ഷ്യം ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി നിരവധി പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി സഹകരിച്ചാണ് നഗരസഭ വകുപ്പ് ഈ സംരംഭം മുന്നോട്ട് കൊണ്ട്പോകുന്നത്. വകുപ്പിലെ യോഗ്യരായ ഉദ്യോഗസ്ഥന്മാര് റിസർവിലെ കണ്ടൽകൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങൾ വിലയിരുത്തി തൈകൾ നട്ടുവളർത്തുന്നതിനുള്ള പദ്ധതി തയാറാക്കും. വിദ്യാര്‍ഥികള്‍, സാമൂഹിക കൂട്ടായ്മകള്‍ എന്നിവയുമായി സഹകരിച്ചാണ് പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.