കടല്‍വെള്ളത്തില്‍നിന്ന് ശുദ്ധജലം; മന്‍ഹാത് വന്‍ വിജയം
text_fieldsഅബൂദബി: കടല്‍വെള്ളത്തില്‍നിന്ന് ശുദ്ധജലം ഉൽപാദിപ്പിക്കുന്ന തദ്ദേശീയ സ്റ്റാര്‍ട്ടപ്പായ മന്‍ഹാത്ത് വന്‍ വിജയം. ഡോ. സഈദ് അല്‍ഹാസനാണ് സ്റ്റാര്‍ട്ടപ്പിന്‍റെ സ്ഥാപകന്‍. തുറന്ന ജലപ്രതലത്തില്‍നിന്ന് ബാഷ്പീകരിക്കപ്പെടുന്ന ജലം സംഭരിച്ചുവെക്കുകയും രാത്രിയില്‍ അന്തരീക്ഷം തണുക്കുമ്പോള്‍ ഈ ജലം സാന്ദ്രീകരിക്കപ്പെടുകയും അത് പാത്രത്തിലേക്ക് സ്വീകരിക്കുന്നതുമാണ് മന്‍ഹാത്തിന്‍റെ പ്രവര്‍ത്തനം. ഈ സംവിധാനത്തിന് വൈദ്യുതിയുടെ ആവശ്യമോ ഇതിലൂടെ കാര്‍ബണ്‍ പുറന്തള്ളലോ ഇല്ലെന്നതും മന്‍ഹാത്തിന്‍റെ സവിശേഷതയാണ്.
റീം ദ്വീപിലെ കനാലില്‍ മന്‍ഹാത്തിന്‍റെ മാതൃകാരൂപം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് നിര്‍മാണം. ഇങ്ങനെ ശേഖരിക്കുന്ന ജലം കാര്‍ഷികാവശ്യങ്ങള്‍ക്കു മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഡോ. സഈദ് അല്‍ഹാസന്‍ പറയുന്നു. തീരമേഖലയില്‍ ധാരാളം മരങ്ങളുണ്ട്.
നൂറുകണക്കിന് കിലോമീറ്റര്‍ അകലെനിന്ന് വെള്ളം എത്തിച്ചാണ് ഇവ നനക്കുന്നത്. മന്‍ഹാത് സാങ്കേതികവിദ്യയിലൂടെ ഈ മരങ്ങള്‍ക്ക് സ്വാഭാവികമായി വെള്ളം നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖലീഫ യൂനിവേഴ്‌സിറ്റി പ്രഫസറായ ഡോ. സഈദ് അല്‍ഹാസന്‍ 2019ലാണ് മന്‍ഹാത് സ്ഥാപിച്ചത്.
അബൂദബി പോർട്ടിന്‍റെ സഹായത്തോടെ ആറോ എട്ടോ മാസങ്ങള്‍ക്കിടെ അബൂദബിയുടെ വിവിധ മേഖലകളില്‍ മന്‍ഹാത് മാതൃകാപദ്ധതികള്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റീം ദ്വീപിലെ മാതൃകാരൂപം നിലവില്‍ പ്രതിദിനം അര ലിറ്റര്‍ മുതല്‍ ഒരു ലിറ്റര്‍ വരെയാണ് ശേഖരിക്കുന്നത്. ഇത് അഞ്ചു ലിറ്റര്‍ വരെയായി വര്‍ധിപ്പിക്കുകയാണ് മന്‍ഹാത്തിന്‍റെ ലക്ഷ്യം. മാതൃകാരൂപത്തില്‍ ഇത്ര ചെറിയ അളവിലേ വെള്ളം ശേഖരിക്കൂ എങ്കിലും മേഖലയില്‍ കൂടുതല്‍ നിക്ഷേപമിറക്കി പദ്ധതി വികസിപ്പിച്ച് മൂന്നു മുതല്‍ അഞ്ചുവര്‍ഷംകൊണ്ട് 160 ലിറ്റര്‍ വരെ ശേഖരിക്കാന്‍ കഴിയുമെന്ന് ഡോ. സഈദ് അല്‍ഹാസന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.