കളരിപ്പയറ്റ് വ്യാപിപ്പിക്കാൻ മണികണ്ഠൻ ഗുരുക്കൾ
text_fieldsദുബൈ: എക്സ്പോ വേദിയിൽ കളരിപ്പയറ്റ് നടത്തി ശ്രദ്ധേയനായ മണികണ്ഠൻ ഗുരുക്കൾ തന്‍റെ പ്രവർത്തനം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള വി.കെ.എം കളരിയുടെ മൂന്നാമത് ശാഖ ദുബൈ അല്‍ നഹ്ദയില്‍ തുറക്കും.
അല്‍ നഹ്ദ രണ്ടിലെ അല്‍ അഹ് ലി കെട്ടിടത്തിലെ ശാഖയുടെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് അഞ്ചിന് കളരി ഗുരുക്കള്‍ മീനാക്ഷിയമ്മ നിർവഹിക്കുമെന്ന് മണികണ്ഠൻ ഗുരുക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യു.എ.ഇയില്‍ കളരിപ്പയറ്റിന്‍റെ പ്രാധാന്യം കൂടുതല്‍ പേരിലേക്ക് എത്തിക്കുമെന്നും അറബി നാട്ടില്‍ ആയോധന കലയുടെ ഖ്യാതി പടര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മെയ്പ്പയറ്റ് (മെയ്ത്താരി), വടിപ്പയറ്റ് (കോല്‍ത്താരി), വാള്‍പ്പയറ്റ് (അങ്കത്താരി), വെറും കൈ പ്രയോഗം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയാണ് ശിഷ്യര്‍ക്ക് പയറ്റു ചൊല്ലിക്കൊടുക്കുന്നത്. വാള്‍, പരിച, കുന്തം, കഠാരി എന്നിവയുടെ മാതൃക അതുപോലെ മരത്തില്‍ ഉണ്ടാക്കിയാണ് അങ്കത്താരി പരിശീലിപ്പിക്കുന്നത്.
പെണ്‍കുട്ടികള്‍ അടക്കം പുതുതലമുറയിലെ ധാരാളം പേര്‍ ഈ രംഗത്തേക്ക് കടന്നുവന്ന് പ്രതിരോധ മുറകള്‍ അഭ്യസിക്കുന്നുണ്ട്. അഞ്ച് മുതല്‍ 60 വയസ്സ് വരെയുള്ളവര്‍ കരാമയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ കളരിയില്‍ പരിശീലിക്കുന്നുണ്ട്. കുറഞ്ഞ വരുമാനക്കാരെ സൗജന്യമായും പഠിപ്പിക്കുന്നുണ്ട്. കോവിഡ് ബാധിച്ചുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ നിരവധിയാളുകള്‍ക്ക് പ്രത്യേക വ്യായാമമുറകളും പരിശീലിപ്പിക്കുന്നു. ദുബൈ എക്സ്പോക്ക് പുറമെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം, അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡ് തുടങ്ങിയ വേദികളിലും കളരിപ്പയറ്റ് അഭ്യാസ പ്രകടനം നടത്തിയിരുന്നു. വാർത്തസമ്മേളനത്തിൽ ഗിരിജ, സുബി, ഇംതിയാസ് ഖുറേഷി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.