തൊണ്ടയിൽ മീൻമുള്ള് കുടുങ്ങി ഗുരുതരാവസ്ഥയിലായ മനോജ് ഒടുവിൽ നാടണഞ്ഞു
text_fieldsഅബൂദബി: തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയക്കൊടുവിൽ ഗുരുതരാവസ്ഥയിലായ മനോജ് നാടണഞ്ഞു. വ്യാഴാഴ്ച അബൂദബി-തിരുവന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് അദ്ദേഹം നാട്ടിലെത്തിയത്.
അബൂദബി യൂനിയൻ പൈപ്പ് ഇൻഡസ്ട്രീസ് കമ്പനിയിലെ വെൽഡറും ആലുപ്പുഴ കുട്ടനാട് എടത്വ പച്ചചെക്കടിക്കാട് കറുകച്ചേരിൽ പരേതനായ മോഹനെൻറ മകനുമായ മനോജിനെ 45 ദിവസത്തെ ചികിത്സക്കൊടുവിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് മെഡിക്കൽ സിറ്റിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ആശുപത്രിയിൽ നിന്ന് നേരെ വിമാനത്താവളത്തിലേക്കായിരുന്നു യാത്ര.
എടത്വ ചക്കുളത്തുകാവിലെ അമ്മാവൻ പവിത്രെൻറ വീട്ടിലാവും ഇനി മനോജിെൻറ 14 ദിവസത്തെ ക്വാറൻറീൻ. ഇതിന് മുന്നോടിയായി മനേജിെൻറ അമ്മ വിജയമ്മയും മക്കളായ മനുവും മിഥുനും അമ്മാവനുമെല്ലാം സമീപത്തെ ബന്ധുവീടുകളിലേക്ക് മാറി.
മൂന്നാഴ്ചയോളം വെൻറിലേറ്ററിലും തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലുമായിരുന്നു മനോജ്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയപ്പോൾ ട്രിക്കിയോസ്റ്റമി ശസ്ത്രക്രിയ നടത്തിയശേഷമാണ് വെൻറിലേറ്ററിൽ നിന്ന് നീക്കാനായതെന്ന് ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലെ ന്യൂറോ സർജറി സ്പെഷലിസ്റ്റും മനോജിനെ ചികിത്സിച്ച ടീമിലെ അംഗവുമായ തൃശൂർ സ്വദേശി ഡോ. ദീപക്ക് കരങ്ങാര പറഞ്ഞു.
ശരീരത്തിെൻറ ഇടതു ഭാഗത്തിനേറ്റ ബലക്കുറവ് ഭേദമാകുന്നുണ്ട്. ശ്വാസമെടുക്കുന്നതിലും ഗണ്യമായ പുരോഗതി ഉണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം നടത്തിയ സ്കാനിങ്ങിൽ ശരീരത്തിൽ ചെറിയ തോതിൽ അണുബാധ കാണുന്നുണ്ട്. അഞ്ച് ആഴ്ച ഓറൽ ആൻറിബയോട്ടിക് മരുന്നുകൾ കഴിക്കണം. എന്നാൽ മാത്രമെ പൂർണമായും അണുബാധ മാറൂവെന്നും ഡോ. ദീപക് പറഞ്ഞു.
നടക്കാൻ പ്രയാസമുള്ളതിനാൽ നാട്ടിൽ ഫിസിയോ തെറപ്പി ചികിത്സ ഉറപ്പാക്കണം. ശസ്ത്രക്രിയ കഴിഞ്ഞ് െഎ.സി.യുവിൽ കഴിഞ്ഞ മനോജിന് കോവിഡ് വരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ആരോഗ്യ വിദഗ്ധരുടെ ടീം ലീഡറും ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലെ ന്യൂറോ സർജറി കൺസൾട്ടൻറുമായ ഡോ. ജോനാദൻ വസർബെർഗിെൻറ നേതൃത്വത്തിൽ ഒരുക്കിയിരുന്നു.
ഏപ്രിൽ 27നാണ് മനോജിനെ മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചത്. നാല് മാസം മുമ്പ് ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുരുങ്ങിയ മുള്ളാണ് മനോജിെൻറ ജീവിതത്തിൽ വില്ലനായത്. മുള്ള് നീക്കാൻ മുസഫയിലെ ആശുപത്രിയിലെത്തിയ മനോജ് ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും പിന്നീട് കൂടുതൽ ഗുരുതരാവസ്ഥയിലാവുകയായിരുന്നു. പിന്നീടാണ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.