വ്യാജ എൻജിൻ ഓയിൽ നിർമാണം: അജ്മാനിൽ ഒരാൾ പിടിയിൽ
text_fieldsപിടിയിലായത്
ഏഷ്യക്കാരൻ
അജ്മാൻ: എമിറേറ്റിൽ വ്യാജ ലൂബ്രിക്കന്റ് ഓയിൽ നിർമിച്ച കേസിൽ ഏഷ്യക്കാരനെ അജ്മാൻ പൊലീസ് പിടികൂടി. യു.എ.ഇയിൽ രജിസ്റ്റർ ചെയ്ത ലോകത്തെ പ്രമുഖ ബ്രാന്ഡിന്റെ പേരിലാണ് വ്യാജ എൻജിൻ ഓയിൽ നിർമിച്ച് വിൽപന നടത്തിയിരുന്നത്. അൽ ഹമിദിയ പൊലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്ന് അജ്മാൻ പൊലീസ് ക്രിമിനൽ അന്വേഷണ വിഭാഗം ഡയറക്ടർ കേണൽ അഹമ്മദ് സഈദ് അൽ നഈമി പറഞ്ഞു.
അജ്മാനിലെ പുതിയ ഇൻഡസ്ട്രിയൽ മേഖലയിലുള്ള ഗോഡൗൺ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. പരിശോധനയിൽ ഗോഡൗണിൽ സൂക്ഷിച്ച വ്യാജ ലൂബ്രിക്കന്റ് ഓയിലിന്റെ വലിയ ശേഖരവും പൊലീസ് കണ്ടെത്തി. ഇവിടെ നിന്ന് പാക്ക് ചെയ്താണ് വിപണിയിലേക്ക് വ്യാജൻ വിതരണം ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു. വ്യാജ ലൂബ്രിക്കന്റ് ഓയിൽ നിർമിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളും ഗോഡൗണിൽ ഒരുക്കിയിരുന്നു. പിടിയിലായ പ്രതിക്കെതിരെ അജ്മാനിലെ കോംപ്രിയൻസിവ് സിറ്റി പൊലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
വെയർ ഹൗസിലെ പരിശോധനക്കുശേഷം പ്രതിയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും വലിയ അളവിൽ കാർ എൻജിൻ ഓയിൽ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്വന്തം പേരിൽ തന്നെയാണ് ഓയിൽ നിർമിച്ചിരുന്നതെന്നും എന്നാൽ, വിൽപന നടത്തിയിരുന്നത് പ്രമുഖ ബ്രാൻഡിന്റെ പേരിലായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. പ്രതിയെ നിയമ നടപടികൾക്കായി തടവിൽ വെച്ചിരിക്കുകയാണ്. ഇയാളുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.