അഫ്ഗാനിൽനിന്ന് നിരവധിപേർ ദുബൈയിലെത്തി
text_fieldsയു.കെ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിെല പൗരന്മാരും അഫ്ഗാൻ സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്
ദുബൈ: താലിബാൻ അധികാരം പിടിച്ചതിനെ തുടർന്ന് അഫ്ഗാനിസ്താനിൽനിന്ന് നൂറുകണക്കിന് ആളുകളെ ദുബൈയിലെത്തിച്ചു. കാബൂളിൽനിന്ന് സൈനിക വിമാനത്തിലാണ് ഇവരെ എത്തിച്ചത്. യു.കെ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിെല പൗരന്മാരും അഫ്ഗാൻ സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ദുബൈ വേൾഡ് സെൻററിലാണ് ഇവരെ എത്തിച്ചത്. ഇതിനുശേഷം കൂടുതൽ ആളെ എത്തിക്കുന്നതിനായി സൈനിക വിമാനം വീണ്ടും അഫ്ഗാനിലേക്ക് തിരിച്ചു. ബുധനാഴ്ച അഫ്ഗാൻ പ്രസിഡൻറ് അശ്റഫ് ഗനിക്ക് യു.എ.ഇ അഭയം നൽകിയിരുന്നു. മാനുഷിക പരിഗണന നൽകിയാണ് ഗനിക്ക് അഭയം നൽകിയത്. ഇതിനുപുറമെ ഫ്രഞ്ച് പൗരന്മാരെയും അബൂദബിയിൽ എത്തിച്ചിരുന്നു.
സൈനിക വിമാനമായ ഇസഡ്, ഇസഡ് 172വിൽ വൈകീട്ട് 3.45നാണ് യാത്രക്കാരെ ദുബൈയിൽ എത്തിച്ചത്.
വനിതകളും കുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു. വൈകാതെ തന്നെ ഇവരെ മറ്റൊരു വിമാനത്തിൽ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കും.
പലരും ലഗേജുകളും സാധനങ്ങളും ഉപേക്ഷിച്ചാണ് എത്തിയത്. വിമാനത്താവളത്തിലെ ജീവനക്കാർ ഇവർക്ക് ഭക്ഷണവും മറ്റു സംവിധാനങ്ങളും നൽകി. അടിയന്തര സാഹചര്യമായതിനാൽ യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുകയോ വാക്സിനേഷൻ രേഖകൾ ആവശ്യപ്പെടുകയോ ചെയ്തില്ല.
യു.എ.ഇ വഴി ആയിരക്കണക്കിന് പൗരന്മാരെ യു.കെയിൽ എത്തിക്കുമെന്ന് യു.എ.ഇയിലെ യു.കെ എംബസി അറിയിച്ചു. ഏഴ് വിമാനങ്ങൾ യു.എ.ഇയിൽ നിന്ന് യു.കെയിലെത്തി. ഇന്നലെ മാത്രം കാബൂൾ വിമാനത്താവളത്തിൽനിന്ന് മൂന്നു വിമാനങ്ങൾ യു.എ.ഇയിലെത്തിയെന്നും എംബസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.