അർമീനിയയിലും ഉസ്ബകിസ്താനിലും നിരവധി മലയാളികൾ
text_fieldsദുബൈ: യു.എ.ഇയിലേക്ക് വരാൻ അർമീനിയ, ഉസ്ബകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ തങ്ങുന്നത് നിരവധി മലയാളികൾ. വിസ നടപടികൾ എളുപ്പമായതും ഇന്ത്യയിൽ നിന്ന് നേരിട്ട് സർവിസുള്ളതുമാണ് ഈ വഴികൾ തെരഞ്ഞെടുക്കാൻ പ്രധാന കാരണം. ഇതിന് പുറമെ റഷ്യ, യുക്രെയ്ൻ, ഇത്യോപ്യ എന്നീ രാജ്യങ്ങളെ ആശ്രയിക്കുന്നവരുമുണ്ട്. ടിക്കറ്റിനും വിസക്കുമായി ലക്ഷം രൂപയുടെ മുകളിലേക്കാണ് നിരക്ക്.
വാക്സിനെടുക്കാത്തവർ 14 ദിവസത്തെ ക്വാറൻറീന് ശേഷമാണ് ദുബൈയിലെത്തുന്നത്. എന്നാൽ, വാക്സിനെടുത്തവർ ക്വാറൻറീനിലിരിക്കാതെ ഇവിടേക്ക് വരുന്നുണ്ട്. നിലവിൽ ഇവിടെ തങ്ങുന്നവരിൽ ഭൂരിപക്ഷവും വാക്സിനെടുക്കാത്തവരാണ്.
അർമീനിയയിലേക്ക് കൊച്ചിയിൽനിന്ന് ദോഹ വഴി ദിവസവും വിമാന സർവിസുണ്ട്. അപേക്ഷിച്ചാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വിസ ലഭിക്കും. ഖത്തർ എയർവേസാണ് സർവീസ് നടത്തുന്നത്. ഓൺ അറൈവൽ വിസ ഖത്തർ എയർവേസ് അനുവദിക്കാത്തതിനാൽ ടൂറിസ്റ്റ് വിസ എടുത്ത ശേഷം വേണം യാത്ര ചെയ്യാൻ. ഇവിടെയെത്തി രണ്ടാഴ്ച ക്വാറൻറീൻ പൂർത്തീകരിച്ച് യു.എ.ഇയിലെത്താം. ട്രാവൽ ഏജൻസികൾ നൽകുന്ന പാക്കേജുകൾ വഴിയും സ്വന്തമായും ഇവിടേക്ക് യാത്രചെയ്യുന്നവരുണ്ട്.
ഉസ്ബകിസ്താനിലേക്ക് ഓൺ അറൈവൽ വിസ അനുവദിക്കുന്നുണ്ട്. വിസ, ടിക്കറ്റ്, ഹോട്ടൽ, ഭക്ഷണം ഉൾപ്പെ െട 1.15 ലക്ഷം രൂപയോളം ചെലവ് വരും. 90 ദിവസത്തിൽ കൂടുതൽ യു.എ.ഇയിൽ വിസ കാലാവധിയുള്ളവർക്ക് മാത്രമാണ് അനുമതി നൽകുന്നത്. ആറ് മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയവർക്ക് അനുമതി ലഭിക്കില്ല.
പാൻകാർഡ്, മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറ് എന്നിവ ഉൾപ്പെടെ സമർപ്പിച്ച് യു.എ.ഇയിൽ നിന്ന് അനുമതി ലഭിച്ചാൽ മാത്രമേ ഉസ്ബകിസ്താനിലേക്ക് യാത്ര ചെയ്യാൻ കഴിയു എന്ന് കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്കൈ ട്രാവൽസ് അറിയിച്ചു. കൊച്ചിയിൽ നിന്ന് ആഴ്ചയിൽ ഒന്നോ രണ്ടോ സർവിസ് മാത്രമാണുള്ളത്. അതിനാൽ ടിക്കറ്റ് ലഭിക്കൽ അത്ര എളുപ്പമല്ല. ഉസ്ബകിസ്താനിൽ ഹോട്ടലും ഭക്ഷണവും ഉൾപ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളുമുണ്ടെന്ന് അവിടെയെത്തിയ കാസർകോട് സ്വദേശി ഷമീർ പറഞ്ഞു. കൊച്ചിയിൽ നിന്ന് ഡൽഹിയിലെത്തി അവിടെനിന്നാണ് താഷ്കൻറ് വിമാനത്താവളത്തിൽ എത്തിയതെന്നും ഷമീർ പറഞ്ഞു.
കോവിഡ് വളരെ കുറവ് റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളാണ് ഉസ്ബകിസ്താനും അർമീനിയയും. ഇവിടെ സുരക്ഷിതമായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ കഴിയുമെന്നതും പ്രവാസികളെ ആകർഷിക്കുന്ന മറ്റൊരു ഘടകമാണ്. ഇന്ത്യക്കുപുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, വിയറ്റ്നാം, ദക്ഷിണാഫ്രിക്ക, പാകിസ്താൻ, യുഗാണ്ട, സാംബിയ, കോംഗോ എന്നീ രാജ്യങ്ങളിലെ യാത്രക്കാർക്കാണ് യു.എ.ഇ വിലക്കേർപെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.