ബാഗേജുകള്‍ ലഭിക്കാതെ നിരവധി യാത്രക്കാര്‍
text_fieldsഅജ്മാന്: കഴിഞ്ഞ വ്യാഴാഴ്ച ദുബൈയില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്ത യാത്രക്കാർക്ക് ഇനിയും ബാഗേജുകള്‍ ലഭിച്ചില്ല. മഴ പ്രതിസന്ധിമൂലം മുന്‍ ദിവസങ്ങളിലെ വിമാന യാത്ര തടസ്സപ്പെട്ടവരും യൂറോപ് അടക്കമുള്ള ഇടങ്ങളില്‍ നിന്നും കണക്ഷനായി വന്നവരടക്കമുള്ളവരുമാണ് ദുബൈ വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തത്. വിദേശങ്ങളില്‍ നിന്നെത്തി ഒന്നിലേറെ ദിവസം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്നവരും ഈ യാത്രയിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടുകൂടി കൊച്ചി വിമാനത്താവളത്തില്‍ വിമാനമിറങ്ങി ബാഗേജുകള്‍ സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് യാത്രക്കാരുടെ ബാഗേജുകള്‍ എത്തിയിട്ടില്ല എന്ന അറിയിപ്പ് വന്നത്.
വളരെ അത്യാവശ്യമായ മരുന്നും ഡോക്യുമെന്റ് അടക്കമുള്ള സാധനങ്ങളും ബാഗേജില്‍ കരുതിയ യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍, എത്രയും പെട്ടെന്ന് യാത്രക്കാരുടെ ബാഗേജുകള്‍ വീട് അഡ്രസ്സില്‍ എത്തിച്ചുതരുമെന്ന് എയര്‍ലൈന്‍സ് അധികൃതർ അറിയിച്ചു. തൊട്ടടുത്ത ദിവസം വിവാഹ നിശ്ചയത്തിന് വേണ്ടി വധുവിനുള്ള സമ്മാനങ്ങള്‍ അടക്കം ബാഗേജില്‍ കരുതി എത്തിയ കോട്ടയം സ്വദേശിയും അടുത്ത ദിവസം തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ അത്യാവശ്യമായി എത്തിയ വ്യക്തിയും അടക്കമുള്ളവര്‍ കൂട്ടത്തിലുണ്ടായിരുന്നു.
വെള്ളിയാഴ്ച രാവിലെ കൊച്ചിയിലിറങ്ങിയ യാത്രക്കാര്‍ക്ക് തിങ്കളാഴ്ച രാത്രി വരെ ബാഗേജുകള്‍ ലഭിച്ചിട്ടില്ല. എന്നാൽ, വിമാനക്കമ്പനി അധികൃതർ നൽകിയ ഉറപ്പ് പാലിച്ച് എത്രയും പെട്ടെന്ന് ബാഗേജുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.