വിദ്യാർഥികൾ ഒഴുകിയെത്തിയ ആദ്യ ദിനം
text_fields‘ഗൾഫ് മാധ്യമം’ നേതൃത്വം നൽകുന്ന ഇന്ത്യൻ പവലിയനിലെത്തിയ കുട്ടികൾ
ഷാർജ: രണ്ടു വിദ്യാഭ്യാസ മേളകൾ ഒരു കുടക്കീഴിലെത്തിയതോടെ ബുധനാഴ്ച രാവിലെ മുതൽ ഷാർജ എക്സ്പോ സെന്ററിലേക്ക് വിദ്യാർഥികളുടെ ഒഴുക്കായിരുന്നു. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഷാർജ പ്രൈവറ്റ് അതോറിറ്റിയുടെയും ചേംബർ ഓഫ് കോമേഴ്സിന്റെയും സഹകരണത്തോടെ നടക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിനൊപ്പം ഇന്ത്യൻ സമൂഹത്തിന്റെ പ്രിയപ്പെട്ട വിദ്യാഭ്യാസ-കരിയർ മേളയായ 'ഗൾഫ് മാധ്യമം' എജുകഫെയും എത്തിയപ്പോൾ 6ഷാർജ എക്സ്പോ സെന്ററിൽ പുസ്തകോത്സവത്തിന്റെ പ്രതീതിയായിരുന്നു.
ഇന്ത്യൻ പവിലിയനിലെ ലോകകപ്പ് മാതൃകക്ക് മുന്നിലിരുന്ന് ചിത്രം പകർത്തുന്ന വിദ്യാർഥിനികൾ
ആദ്യ ദിനം പെൺകുട്ടികൾക്ക് മാത്രമായി ക്രമീകരിച്ചിരുന്നെങ്കിലും വിദ്യാർഥിനികളുടെ ഒഴുക്കിന് ഒരു കുറവുമുണ്ടായില്ല. യു.എ.ഇയിലെ ഏറ്റവും വലിയ സമൂഹമായ ഇന്ത്യക്കാരെ പ്രതിനിധാനംചെയ്യുന്ന ഇന്ത്യൻ പവിലിയനിലേക്കും ആയിരക്കണക്കിന് വിദ്യാർഥികളെത്തി. ഇന്ത്യൻ പവിലിയന്റെ ചുമതലയും 'ഗൾഫ് മാധ്യമ'ത്തിനായിരുന്നു.
ഉദ്ഘാടനശേഷം ഇന്ത്യൻ പവിലിയനിലെത്തിയ ഷാർജ രാജകുടുംബാംഗവും റൂളേഴ്സ് ഓഫിസ് ചെയർമാനുമായ ശൈഖ് സാലിം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസിമി വിവരങ്ങൾ ചോദിച്ചറിഞ്ഞു. വിവിധ സ്റ്റാളുകൾ സന്ദർശിച്ച അദ്ദേഹം 'ഗൾഫ് മാധ്യമം' സ്റ്റാളിലുമെത്തി. ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് അദ്ദേഹത്തോട് പവിലിയനെ കുറിച്ചും 'ഗൾഫ് മാധ്യമ'ത്തെ കുറിച്ചും വിശദമാക്കി. സൗദി, യു.കെ, യു.എസ് പവിലിയനിലും ശൈഖ് സാലിം സന്ദർശിച്ചു.
ഇന്ത്യൻ പവിലിയന് മുന്നിൽനിന്ന് ചിത്രം പകർത്തുന്ന കുട്ടികൾ
രണ്ടാം ദിനമായ ഇന്ന് ആൺകുട്ടികൾക്കായാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ സെഷനുകളും സെമിനാറുകളും ഇന്ന് തുടങ്ങും. രാവിലെ ഒമ്പതുമുതൽ വൈകീട്ട് മൂന്നുവരെയായിരിക്കും പ്രവേശനം. വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് മൂന്നുമുതൽ രാത്രി ഒമ്പതുവരെയായിരിക്കും എജുകഫെയും വിദ്യാഭ്യാസ മേളയും നടക്കുക. കഴിഞ്ഞവർഷം 18,000 പേരാണ് അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിനെത്തിയത്. ഇക്കുറി ഈ റെക്കോഡ് തിരുത്തിക്കുറിക്കുമെന്നാണ് പ്രതീക്ഷ.
കോഡിങ്ങും റോബോട്ടിക്സും പഠിക്കാം
ഷാർജ: ഭാവിയുടെ സാങ്കേതികവിദ്യയായ കോഡിങ്ങിനെക്കുറിച്ച് എജുകഫേയിലും അറിയാം. വ്യാഴാഴ്ച ഉച്ചക്ക് 12നാണ് കോഡിങ് സ്കൂൾ അധികൃതർ ഇതേക്കുറിച്ച് വിശദമാക്കുന്നത്. മൂറേ ബോണ്ട്, ഇർഫാൻ ശൈഖ്, റഹിമ ജഹാംഗീർ എന്നിവർ സംസാരിക്കും. കരിയർ മേഖലയിൽ ഒഴിവാക്കാനാവാത്ത സാങ്കേതികവിദ്യയായി കോഡിങ് മാറുമ്പോൾ വിദ്യാർഥികൾ കേട്ടിരിക്കേണ്ട വിഷയമാണ് കോഡിങ്. കുട്ടികളെ കോഡിങ്ങിനെക്കുറിച്ച് പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് വലിയ അവസരമാണ് എജുകഫേ.
അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിന്റെയും എജുകഫെയുടെയും ആദ്യ ദിനം ഷാർജ എക്സ്പോ സെന്ററിലെത്തിയ വിദ്യാർഥികൾ
റോബോട്ടിക്സ്, നിർമിതബുദ്ധി തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചും അവയുടെ പഠനരീതികളും ജോലി സാധ്യതകളുമെല്ലാം ഇവർ വിവരിച്ചുതരും. ഇതിനു പുറമെ കോഡിങ് സ്കൂളിന്റെ സ്റ്റാളിലെത്തിയാൽ കോഡിങ്, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയെക്കുറിച്ച് അറിയാനും അവസരമുണ്ട്. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടെ കോഡിങ് പഠിക്കാനുള്ള സൗകര്യവുമൊരുക്കും. ഭാഗ്യമുണ്ടെങ്കിൽ, താൽപര്യമുണ്ടെങ്കിൽ 100 ശതമാനം സ്കോളർഷിപ്പോടെ കോഡിങ് പഠിക്കാനുള്ള അവസരം നിങ്ങളുടെ മക്കളെ തേടിയെത്തിയേക്കാം.
ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്
ഷാർജ: അറബ് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന പേര് ഒരിക്കൽകൂടി ഊട്ടിയുറപ്പിക്കുകയാണ് ഷാർജ. എക്സ്പോ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനവും എജുകഫെയും ഇതാണ് തെളിയിക്കുന്നത്. എക്സ്പോ സെന്ററിലെ മറ്റൊരു ഹാളിൽ ദേശീയ കരിയർ മേളയും നടക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വിദ്യാർഥികളെ നേർവഴി നടത്താനുള്ള യു.എ.ഇ സർക്കാറിന്റെ പ്രയത്നങ്ങളുടെ ഭാഗമാണ് ഷാർജയിൽ നടക്കുന്ന ഈ വിദ്യാഭ്യാസ മേളകൾ.
ശൈഖ് സാലിം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസിമി എജുകഫെയിലെ 'ഗൾഫ് മാധ്യമം' സ്റ്റാൾ സന്ദർശിക്കുന്നു. ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് സമീപം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സർവകലാശാലകൾ, കോളജുകൾ, ഹൈസ്കൂളുകൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കരിയർ ഗൈഡൻസ് സെന്ററുകൾ, ഡിസ്റ്റൻസ് ലേണിങ് ഇൻസ്റ്റിറ്റ്യൂട്ട്സ്, എമിഗ്രേഷൻ കൺസൽട്ടന്റുകൾ എന്നിവയെല്ലാം ഷാർജ എക്സ്പോ സെന്ററുകളിലുണ്ട്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആവശ്യമായ സംശയനിവാരണങ്ങൾ നടത്താനും ഈ മേളയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. വിദ്യാർഥികളെപോലെ തന്നെ നിരവധി രക്ഷിതാക്കളും ആദ്യ ദിവസം തന്നെ എക്സ്പോ സെന്ററിൽ എത്തിയിരുന്നു. കുട്ടികളെ ഭാവിയിൽ എന്തു പഠിപ്പിക്കണം എന്നതായിരുന്നു അവരുടെ ആകാംക്ഷ.
അന്താരാഷ്ട്ര വിദ്യാഭ്യാസ മേളയിലേക്ക് പ്രവേശിക്കുന്നവരെ ആദ്യം സ്വീകരിക്കുന്നത് സൗദി അറേബ്യയുടെ പവിലിയനാണ്. സൗദിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇവിടെ അണിനിരക്കുന്നത്. അതിമനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന സൗദി പവിലിയൻ കടന്ന് മുന്നോട്ടുപോയാൽ യു.കെ കാണാം. ഇന്ത്യയിൽനിന്ന് നിരവധി വിദ്യാർഥികളാണ് യു.കെയിൽ വിദ്യാഭ്യാസം തേടിപ്പോകുന്നത്.
'ഗൾഫ് മാധ്യമം' സ്റ്റാളിലെത്തിയ ശൈഖ് സാലിം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസിമി,'ഗൾഫ് മാധ്യമം' ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസിനൊപ്പം
ഇവർക്കുള്ള വഴികാട്ടിയാണ് യു.കെ പവിലിയൻ. ഇന്ത്യ, യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാഭ്യാസ സാധ്യതകളാണ് പ്രധാനമായും ഇന്ത്യൻ പവിലിയനിൽ കാണുന്നത്. ഇതിനുപുറമെ, പുതിയ ജോലി സാധ്യതകൾ, മെഡിക്കൽ ചെക്കപ്പ്, മത്സരങ്ങൾ, ആർ.ജെ ഹണ്ട് തുടങ്ങിയവയും ഇന്ത്യൻ പവിലിയനിലുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.