മാരത്തൺ ഓട്ടം; ഒടുവിൽ ദുബൈയിൽ
text_fieldsയാത്രാവിലക്ക് പ്രഖ്യാപിച്ചതോടെ യു.എ.ഇയിലെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു പ്രവാസികൾ. രണ്ട് ദിവസത്തെ ഓട്ടത്തിനൊടുവിൽ ദുബൈയിലെത്തിയ മലപ്പുറം ചമ്രവട്ടം സ്വദേശി വി.പി. ഫൈസലിെൻറ അനുഭവക്കുറിപ്പ്....
മേയ് നാലിന് വിസ കാലാവധി അവസാനിക്കുന്നതിനാൽ മാർച്ചിൽതന്നെ യു.എ.ഇയിലേക്ക് തിരിക്കാൻ തീരുമാനിച്ചിരുന്നു. മാർച്ച് 28നാണ് ടിക്കറ്റെടുത്തത്. യാത്രക്കുള്ള തയാറെടുപ്പ് നടത്തിയെങ്കിലും പോകുന്നതിെൻറ ഒരു ദിവസം മുൻപ് ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റിവ്. അതോടെ കുടുംബമൊന്നാകെ ക്വാറൻറീനിലായി. ഏപ്രിൽ 26നാണ് അടുത്ത യാത്രക്കായി ടിക്കറ്റെടുത്തത്. 11,000 രൂപയായിരുന്നു റേറ്റ്.
ടിക്കറ്റെടുത്ത് കുറച്ചുകഴിഞ്ഞപ്പോഴാണ് യു.എ.ഇയിലേക്കുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയെന്ന വാർത്തയെത്തിയത്. ആലോചിച്ചുനിൽക്കാൻ സമയമില്ലായിരുന്നു. മേയ് നാലിന് വിസ കാലാവധി കഴിയും. 10 ദിവസത്തെ യാത്രാവിലക്ക് മേയ് നാലിന് അവസാനിച്ചാലും കൃത്യസമയത്ത് എത്താൻ കഴിഞ്ഞെന്നുവരില്ല. രണ്ടും കൽപിച്ച് ടിക്കറ്റെടുക്കാൻ തീരുമാനിച്ചു. എങ്ങനെയും ദുബൈയിൽ എത്തുകയായിരുന്നു ലക്ഷ്യം.
ട്രാവൽ ഏജൻസിയിൽ അന്വേഷിച്ചപ്പോൾ ടിക്കറ്റ് നിരക്ക് ഓരോ മിനിറ്റ് കഴിയുേമ്പാഴും കുത്തനെ ഉയരുന്നു. രണ്ടും കൽപിച്ച് കോവിഡ് ടെസ്റ്റ് ചെയ്തു. റിസൽട്ട് വരാൻ കാത്തുനിൽക്കാതെ ടിക്കറ്റും ബുക്ക് ചെയ്തു. 40,000 രൂപ. അപ്പോഴും ടിക്കറ്റ് കൺഫേം ആയിരുന്നില്ല. വെള്ളിയാഴ്ച രാത്രി 12.30നാണ് ടിക്കറ്റ് കൺഫേമായ വിവരം അറിയുന്നത്. ഒരുമാസം മുമ്പ് കോവിഡ് ബാധിച്ചിരുന്നതിനാൽ ഫലം പോസിറ്റിവാകില്ലെന്ന പ്രതീക്ഷയുണ്ടായിരുന്നു. രാത്രിയോടെ കോവിഡ് ടെസ്റ്റിെൻറ ഫലവും വന്നു. കോഴിക്കോട്ടുനിന്ന് 3.25ന് പുറപ്പെട്ട ഇൻഡിഗോ വിമാനം യാത്രാവിലക്കേർപ്പെടുത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ദുബൈ വിമാനത്താവളത്തിൽ എത്തി.
6000 രൂപക്ക് ദുബൈയിൽ എത്തേണ്ട സ്ഥാനത്ത് 60,000 രൂപ ചെലവിട്ടാണ് ദുബൈയിൽ തിരിച്ചെത്തിയത്. കാൻസൽ ചെയ്ത രണ്ട് ടിക്കറ്റുകളുടെ അവസ്ഥ എന്താണെന്നറിയില്ല. പണം തിരിച്ചുകിട്ടിയാൽ കിട്ടി. എങ്കിലും, ദുബൈയിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഉടൻ തിരിച്ചെത്തേണ്ട നിരവധി പേർക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും ഇവിടെ എത്താൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.