നാസറിനിത് മാരത്തൺ മാസം
text_fieldsദുബൈ: പൊട്ടിവിടരുന്ന ഓരോ പ്രഭാതവും നാസർ ഹുസൈന് വെല്ലുവിളികളുടേതാണ്. സുബ്ഹി നമസ്കാരം കഴിഞ്ഞാൽ ദുബൈ വിമാനത്താവളത്തിന് സമീപത്തെ അൽ തവാറിലെത്തിയാൽ നാസറിന്‍റെ കാൽപെരുക്കം കേൾക്കാം. ഉദിച്ചുയരുന്ന സൂര്യനൊപ്പം നാസറിന്‍റെ കാലുകൾക്ക് കരുത്തും വേഗവും വർധിക്കും. പുണ്യമാസത്തിലും ഈ മലപ്പുറത്തുകാരൻ വിശ്രമമില്ലാതെ ഓട്ടം തുടരുകയാണ്. നോമ്പുനോറ്റ് ദിവസവും 21 കിലോമീറ്റർ ഹാഫ് മാരത്തൺ ഓടിത്തീർക്കുകയാണ് മേലാറ്റൂർ സ്വദേശിയായ നാസർ ഹുസൈൻ.
മാരത്തണിലും മലകയറ്റത്തിലും ഹരം കണ്ടെത്തുന്ന നാസർ ഹുസൈൻ ‘റമദാൻ ചലഞ്ച്’ എന്ന പേരിലാണ് ദിവസവും ഓടുന്നത്. പ്രഭാത നമസ്കാരത്തിന് ശേഷമാണ് കൂടുതൽ ദിവസങ്ങളിലും ഓട്ടം. ചില ദിവസങ്ങളിൽ നോമ്പുതുറക്കുന്നതിന് മുമ്പായിരിക്കും ഓട്ടം. ഓരോ ദിവസവും പല റൂട്ടുകളാണ്. ഏകദേശം രണ്ടുമണിക്കൂറോളം സമയമെടുക്കും 21 കിലോമീറ്റർ താണ്ടാൻ. നോമ്പായതിനാൽ വേഗം കുറച്ചാണ് ഓടുന്നത്. പ്രശസ്ത ഫിറ്റ്നസ് ആപ്പായ സ്ട്രാവ വഴി ഓരോ ദിവസത്തെയും ഓട്ടം കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നുണ്ട്. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഇടയത്താഴത്തിന് ഒരുപാട് വെള്ളം കുടിക്കും. അരിഭക്ഷണവും ഇലക്കറികളും പഴവർഗങ്ങളുമാണ് കൂടുതലായി കഴിക്കുക. വൈകീട്ട് നോമ്പുതുറക്ക് തൊട്ടുമുമ്പ് അവസാനിക്കുന്ന രീതിയിലായിരിക്കും ഓട്ടം. ഇതിനുപുറമെ ആഴ്ചയിൽ ഒരുദിവസം മലകയറാനും പോകുന്നുണ്ട്.
റമദാൻ ആത്മസംസ്കരണത്തിന്റെ മാസമാണെന്നും ശാരീരികവും മാനസികവുമായ സംസ്കരണം അതിന്‍റെ ഭാഗമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. അതിനാലാണ് ദൈവത്തിലർപ്പിച്ച് വെറുംവയറ്റിൽ ഓട്ടം തുടരുന്നത്. എന്നാൽ, തുടക്കക്കാർ നോമ്പെടുത്ത് ഇത്രദൂരം ഓടരുതെന്ന് നാസർ ഉപദേശിക്കുന്നു. വെള്ളം വറ്റിയാൽ അത് ശരീരത്തെ ഗുരുതരമായി ബാധിക്കും. തുടക്കത്തിൽ ചെറിയ ദൂരം ഓടുകയും പിന്നീട് പരിശീലനത്തിലൂടെ വൻ ദൂരങ്ങൾ താണ്ടാൻ ശ്രമിക്കുകയും ചെയ്യണമെന്നാണ് നാസറിന്‍റെ നിർദേശം.
റമദാനിലും വ്യായാമങ്ങൾക്ക് വിശ്രമം നൽകേണ്ടതില്ല എന്ന സന്ദേശം പകരുക കൂടിയാണ് നാസർ. ഓടാൻ താൽപര്യമുള്ളവർക്ക് തനിക്കൊപ്പം ചേരാമെന്നും ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകുമെന്നും നാസർ പറയുന്നു. ദുബൈയിലെ ജലീലിയ ഫൗണ്ടേഷൻ വഴി കുട്ടികൾക്ക് ചികിത്സാസഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ നാസർ ഹുസൈൻ കഴിഞ്ഞ മാസം മലകയറിയിരുന്നു. ന്യൂ ഇയർ ചലഞ്ച് വി.1 എന്ന് പേരിട്ടിരിക്കുന്ന ഈ ചലഞ്ചിലൂടെ റാസൽഖൈമയിലെ ജബൽ ജെയ്സ്, ജബൽ യബാന, ജബൽ റഹബ എന്നിവയാണ് താണ്ടിയത്. ജബൽ ജെയ്സിന്റെ താഴ്ഭാഗമായ വാദിബിഹിൽനിന്ന് തുടങ്ങിയ യാത്ര 50 കിലോമീറ്ററിലേറെ പിന്നിട്ടാണ് അവസാനിച്ചത്. മുമ്പും യു.എ.ഇയുടെ വിവിധ മലനിരകൾ കീഴടക്കി ശ്രദ്ധേയനായിട്ടുണ്ട് നാസർ ഹുസൈൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.