കുട്ടികൾക്ക് കലാശിൽപശാലയുമായി 'മറായാ ആർട്ട് സെന്റർ'
text_fieldsഷാർജ: കുട്ടികൾക്ക് സർഗാത്മക പരിശീലന ശിൽപശാലയൊരുക്കി ഷാർജയിലെ സന്നദ്ധ കലാസംരംഭമായ മറായാ ആർട്ട് സെന്റർ.
സമ്മർ ക്യാമ്പ് എന്നുപേരിട്ട ശിൽപശാലയിൽ ഏഴു മുതൽ പന്ത്രണ്ടുവരെ പ്രായമുള്ള കുട്ടികൾക്കായി വിവിധ പരിശീലന സെഷനുകളാണ് ഒരുങ്ങുന്നത്. ജൂലൈ 25 മുതൽ 30വരെ ആറു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിക്ക് ഷാർജ അൽ ഖസ്ബയിലുള്ള 'മറായാ ആർട്ട് സെന്ററാ'ണ് വേദി. രാവിലെ 10.30 മുതൽ ഉച്ച 1.30 വരെയാണ് ക്യാമ്പ് നടക്കുക.
കുട്ടികളിലെ നൈസർഗികവാസനയെ പ്രോത്സാഹിപ്പിക്കാനും പരിശീലനം നൽകാനും ലക്ഷ്യംവെച്ചാണ് വർക്ക്ഷോപ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. 'ബിൽഡ് ഇറ്റ്'എന്ന ആശയത്തെ കേന്ദ്രീകരിച്ച് ബലൂൺ, ഇഷ്ടിക തുടങ്ങി നിരവധി വസ്തുക്കളുപയോഗിച്ച് കലാനിർമാണങ്ങളും ചിത്രരചന പരിശീലനവും ഇതിലുണ്ടാവും. പ്രശസ്ത കലാകാരി സാറ മഹ്മൂദ് അടക്കമുള്ളവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
ആറു ദിവസത്തെ ക്യാമ്പിന്റെ അവസാനദിവസം എൻ.എഫ്.ടിയുടെ സാധ്യതകളെക്കുറിച്ചും കുട്ടികൾക്ക് എങ്ങനെ ഡിജിറ്റൽ കലാസൃഷ്ടികൾ നിർമിക്കാമെന്നതിനെക്കുറിച്ചും പ്രത്യേക സെഷനും ഒരുക്കുന്നുണ്ട്.
390 ദിർഹമാണ് മുഴുവൻ സെഷനുകളിലും പങ്കെടുക്കാൻ ഫീസ്. താൽപര്യമുള്ള പരിശീലന സെഷനുകളിൽ മാത്രമായി രജിസ്റ്റർ ചെയ്യാൻ 80 ദിർഹം. വിവരങ്ങൾക്ക് 054 997 0535 എന്ന വാട്സ്ആപ് നമ്പറിലോ rsvp@maraya.ae എന്ന മെയിലിലോ ബന്ധപ്പെടാം.
വളർന്നുവരുന്ന കലാകാരന്മാരെ പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനുമായി ഷാർജ നിക്ഷേപവികസന വകുപ്പിന്റെ(ഷുറൂഖ്) കീഴിൽ 2006ൽ ആരംഭിച്ച സന്നദ്ധ കലാസംരംഭമാണ് മറായാ ആർട്ട് സെന്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.