ആഘോഷം ഫുൾ വെള്ളത്തിൽ; മീൻപിടിത്തക്കാരേ, ഇതിലേ ഇതിലേ...
text_fieldsമത്സ്യബന്ധന വ്യവസായത്തെയും വിനോദസഞ്ചാരമേഖലയെയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഉമ്മുൽഖുവൈനിൽ നടക്കുന്ന മറൈൻ ഫെസ്റ്റിവലിന്‍റെ രണ്ടാം പതിപ്പ് ആഘോഷമാക്കാൻ ഒരുങ്ങി അധികൃതർ. സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാശിദ് അൽ മുഅല്ലയുടെ രക്ഷാകർതൃത്വത്തിൽ നടത്തിവരുന്ന ഉമ്മുൽഖുവൈൻ ഫിഷർമാൻ ഫെസ്റ്റിവലിന്‍റെ രണ്ടാം പതിപ്പാണ് മറൈൻ ഫെസ്റ്റിവൽ എന്ന് പുനർനാമകരണം ചെയ്ത് വിപുലമാക്കി നടത്താനൊരുങ്ങുന്നത്. 2019ൽ നടന്ന ആദ്യ പതിപ്പിന്‍റെ വൻ വിജയം പകർന്ന ഊർജ്ജം ഈ വർഷത്തെ പരിപാടികളും മത്സരങ്ങളും കൂടുതൽ മികച്ചതും വ്യത്യസ്തവുമാക്കാനുള്ള ഒരുക്കങ്ങൾക്ക് പ്രേരണയായിട്ടുണ്ട്. 75,000 ദിർഹമിന്‍റെ സമ്മാനത്തുകയാണ് മത്സര വിജയികളെ കാത്തിരിക്കുന്നത്.
സന്ദർശകർക്ക് മത്സരങ്ങൾ വീക്ഷിക്കുന്നതോടൊപ്പം വിനോദോപാധികളിൽ ഏർപ്പെട്ട് സായാഹ്നങ്ങൾ ആന്ദകരമാക്കാൻ വിവിധ പരിപാടികൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാൻ പ്ലേ ഏരിയകളും വിശപ്പകറ്റാൻ ഫുഡ് കോർട്ടും സന്ദർശകർക്ക് കണ്ടൽകാടുകളുടെ സൗന്ദര്യം ആസ്വദിച്ച് ബോട്ട്സവാരിക്കുള്ള അവസരവും ഉണ്ടാകും. മത്സ്യബന്ധന മേഖലയിലെ സാധനസാമഗ്രികളുടെ പ്രദർശനവും വിൽപനയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് മുതൽമുടക്കി വ്യവസായങ്ങൾ തുടങ്ങാനുള്ള അനുകൂല സാഹചര്യങ്ങലൊരുക്കലും മേളയുടെ ലക്ഷ്യങ്ങളിൽ പ്രധാനമാണ്.
വ്യാവസായികാടിസ്ഥാനത്തിലല്ലാതെ വിനോദസഞ്ചാര മേഖലയിലും മീൻപിടിത്തം മുഖ്യ ആകർഷണമായതിനാൽ ജലാശയങ്ങൾ കൂടുതലുള്ള ഉമ്മുൽ ഖുവൈനിലെ ഭൂമിശാസ്ത്ര പ്രത്യേകത സഞ്ചാരികൾക്ക് അടുത്തറിയാനും ഈ മേള അവസരമൊരുക്കുന്നു. മാർച്ച് ഒമ്പതിന് ഉച്ചതിരിഞ്ഞാണ് മത്സരങ്ങൾക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നത്. മാർച്ച് 10 മുതൽ 12 വരെയാണ് സന്ദർശകരെ ആകർഷിക്കുന്ന മുഖ്യ പരിപാടികൾ സംവിധാനിച്ചിരിക്കുന്നത്. സ്റ്റാളുകൾ ലഭിക്കാനുള്ള വിവരങ്ങൾക്ക് 0543203020 എന്ന നമ്പറിൽ ബന്ധപ്പെടാം.
ബോട്ടുകളുടെ സംഗമഭൂമി
ദുബൈ ഹാർബറിൽ അരങ്ങേറുന്ന ബോട്ട് ഷോയിൽ അണിനിരക്കുന്ന ബോട്ടുകളുടെ മൂല്യം കണക്കാക്കിയാൽ 250 കോടി ദിർഹമിലേറെ വരും. കായലിൽ നീന്തിത്തുടിക്കുന്ന ചെറു ബോട്ടുകൾ മുതൽ നടുക്കടലിലേക്കൊഴുകുന്ന വമ്പൻ യാനങ്ങൾ വരെ ഇവിടെ കാണാം. ഇനിയും കാണാത്തവരുണ്ടെങ്കിൽ ഇന്ന് ഒരു ദിവസം കൂടി അവസരമുണ്ട്. ദുബൈ ഹാർബറിൽ അഞ്ച് ദിവസമായി അരങ്ങേറുന്ന ബോട്ട് ഷോ ഞായറാഴ്ച സമാപിക്കും. വൈകുന്നേരം മൂന്ന് മുതൽ രാത്രി എട്ട് വരെയാണ് പ്രദർശനം. 30 ദിർഹമാണ് ടിക്കറ്റ് നിരക്ക്. boatshowdubai.com/ticket എന്ന വെബ്സൈറ്റിലെത്തിയാലും ടിക്കറ്റെടുത്ത് കാണാം.
175ലധികം യോട്ടുകൾക്ക് പുറമെ സമുദ്രഗാതാഗത സംവിധാനങ്ങളുടെയും ശേഖരം പ്രദർശനത്തിലുണ്ട്. സമുദ്ര ഗതാഗത മേഖലയുടെ ഭാവി രൂപപ്പെടുത്തുന്ന നൂതനാശയങ്ങളും സാങ്കേതിക മികവുകളും പങ്കുവെക്കുന്നതാണ് ഇത്തവണത്തെ മേളയുടെ തീം. ലോകത്തിന്‍റെ വിവധ ഭാഗങ്ങളിൽ നിന്ന് 30,000 സന്ദർശകരാണ് ഇവിടേക്ക് പ്രവഹിക്കുന്നത്.
ആഡംബര യാനങ്ങളിൽ കയറാനും സന്ദർശിക്കാനുമെല്ലാം ഇവിടെ അവസരമുണ്ട്. പുതിയ ബോട്ടുകൾ അരങ്ങേറ്റം കുറിക്കുന്ന മേളകൂടിയാണിത്. ദുബൈ ഹാർബറിലെ ബോട്ടുകൾക്കുള്ള പ്രത്യേക ബെർത്തിലാണ് പ്രദർശന യോട്ടുകളുള്ളത്. 10 പുതിയ ബ്രാൻഡുകൾ ഇക്കുറിയുണ്ട്. അബെകിങ് ആൻഡ് റാസ്മുസെൻ, ബോട്ടിക്യൂ യാട്ട്, ഫിൻമാസ്റ്റർ, ഗ്രീൻലൈൻ യാട്ട്, നോർധൻ, സോ കാർബൺ തുടങ്ങിയവ ഇതിൽ ഉൾപെടുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ യോട്ട് ഉടമകൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവരും മേളയിൽ പങ്കെടുക്കുന്നുണ്ട്. മേളയിലെത്തുന്നവർക്ക് യാത്രാസൗകര്യമൊരുക്കി ആർ.ടി.എയുടെ വാട്ടർ ടാക്സികളും ശീതികരിച്ച അബ്രകളും ഇവിടെയുണ്ട്. മിഡീലിസ്റ്റിൽ ഏറ്റവും കൂടുതൽ യാനങ്ങളുള്ള ദുബൈയിൽ രാജ്യാന്തര ബോട്ടുകളുടെ സംഗമമാണ് ബോട്ട് ഷോയിൽ ഒരുങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.