സമുദ്ര പൈതൃകം അടുത്തറിയാം; അബൂദബിയില്‍ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന് തുടക്കം
text_fieldsഅബൂദബി: യു.എ.ഇയുടെ സമുദ്ര പൈതൃകത്തെക്കുറിച്ച് കൂടുതല്‍ അടുത്തറിയാന്‍ അവസരമൊരുക്കി അബൂദബിയില്‍ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിനു തുടക്കമായി. അബൂദബി കോര്‍ണിഷിലെ അല്‍ ബഹറില്‍ പത്തുദിവസമാണ് ഉത്സവം നടക്കുക.
കപ്പലോട്ടം, കപ്പല്‍ നിര്‍മാണം, മീന്‍പിടിത്തം, മുത്തുവാരല്‍ തുടങ്ങി കടല്‍ സംബന്ധമായ അനേകം അറിവുകള്‍ നേടാനുള്ള സാധ്യതകളാണ് ഉത്സവത്തില്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 27 വരെ നീണ്ടുനില്‍ക്കുന്ന മേളയിലെത്തുന്നവര്‍ക്ക് യു.എ.ഇയുടെ നാവിക-സമുദ്ര പാരമ്പര്യം, വാണിജ്യ ചരിത്രം, നാവിക മേഖലയില്‍ യു.എ.ഇ പരമ്പരാഗതമായി ആർജിച്ച കഴിവുകള്‍ തുടങ്ങിയവ മനസ്സിലാക്കാം. ദിവസവും വൈകീട്ട് നാലുമുതല്‍ രാത്രി 11വരെയാണ് പ്രവേശനം.
അബൂദബി എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗവും അബൂദബി എക്‌സിക്യൂട്ടിവ് ഓഫിസ് ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു. ശില്‍പശാലകള്‍, സംഗീത പ്രകടനങ്ങള്‍, കരകൗശല പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും അദ്ദേഹം സന്ദര്‍ശിച്ചു. വരുംതലമുറകള്‍ക്കുവേണ്ടി രാജ്യത്തിന്‍റെ സാംസ്‌കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പരിശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. അബൂദബി സാംസ്‌കാരിക, ടൂറിസം വകുപ്പാണ് (ഡി.സി.ടി അബൂദബി) ഉത്സവം സംഘടിപ്പിക്കുന്നത്. ഡിപ്പാര്‍ട്മെന്‍റ് ഓഫ് മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഹെറിറ്റേജ് ക്ലബ്, അബൂദബി ഫിഷര്‍മെന്‍ കോഓപറേറ്റിവ് സൊസൈറ്റി, അബൂദബി പൊലീസ്, അബൂദബി സോഷ്യല്‍ സപ്പോര്‍ട്ട് അതോറിറ്റി തുടങ്ങിയ വകുപ്പുകളും ഉത്സവത്തോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
പരിസ്ഥിതി ഏജന്‍സി അബൂദബി, സ്‌പോര്‍ട്‌സ് ക്ലബ്, ഫാല്‍ക്കണേഴ്‌സ് ക്ലബ്, അബൂദബി പോര്‍ട്സ്, മാരിടൈം, മറൈന്‍, കസ്ര്‍ അല്‍ ഹോസ്ന്‍ ഹൗസ് ഓഫ് ആര്‍ട്ടിസാന്‍സ്, ഇമേജ് നേഷന്‍, ദി നാഷനല്‍ അക്വേറിയം, സായിദ് യൂനിവേഴ്‌സിറ്റി, മ്യൂസിക് ആന്‍ഡ് സൗണ്ട് കൾചേഴ്‌സ് അബൂദബി തുടങ്ങിയ വിഭാഗങ്ങളും മേളയുടെ പിന്നണിയിലുണ്ട്. മുതിര്‍ന്നവര്‍ക്ക് 30 ദിര്‍ഹമും അഞ്ചുമുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 15 ദിര്‍ഹമുമാണ് പ്രവേശന ഫീസ്. https://abudhabiculture.ae/en എന്ന വെബ്സൈറ്റിൽ ടിക്കറ്റ് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.