അജ്മാനിൽ മസ്ഫൂത്ത് വികസന പദ്ധതിക്ക് തുടക്കംകുറിച്ചു
text_fieldsഅജ്മാന് : അജ്മാനിന്റെ വിനോദ സഞ്ചാര പ്രദേശമായ മസ്ഫൂത്തിന്റെ വികസന പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചു. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിയാണ് മസ്ഫൂത്ത് വികസന പദ്ധതികൾ പ്രഖ്യാപിച്ചത്. എമിറേറ്റ്സ് വില്ലേജസിന്റെ കീഴില്‍ രണ്ടാമത്തെ പദ്ധതിയായ മാസ്ഫൗട്ട് വികസന പദ്ധതിക്ക് നൂറുകോടി ദിര്‍ഹമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖല, പ്രാദേശിക സമൂഹങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ എമിറേറ്റ്സ് ഡെവലപ്മെന്റ് കൗൺസില്‍ നേതൃത്വം നൽകുന്ന പദ്ധതി യു.എ.ഇയിലെ 10 ഗ്രാമങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.
ദുബൈ, റാസൽഖൈമ എന്നീ എമിറേറ്റുകളാലും അയൽരാജ്യമായ ഒമാനാലും ചുറ്റപ്പെട്ടിരിക്കുന്നതാണ് മസ്ഫൂത്ത് പ്രദേശം. മസ്ഫൂത്ത് മലയിടുക്കുകള്‍ ,1940 കളുടെ അവസാനത്തിൽ പുനഃസ്ഥാപിച്ച 19-ാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ കോട്ട, 5,000 വർഷത്തെ ചരിത്രം വിവരിക്കുന്ന മ്യൂസിയം, 1815-ൽ പണികഴിപ്പിച്ച ബിൻ സുൽത്താൻ മസ്ജിദ്, തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രകൃതി രമണീയമായ മസ്ഫൂത്തിന്റെ വലിയ പ്രത്യേകതയാണ്.
സാംസ്കാരിക ടൂറിസം മേഖലയുടെ വികസനത്തിന്റെ കേന്ദ്ര അച്ചുതണ്ടായി മാറുമെന്ന് പ്രതീക്ഷിക്കുന്ന മസ്ഫൂത്തില്‍ വിപുലമായ നൂതന വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് തീരുമാനം.
എമിറേറ്റ്സ് വില്ലേജസ് പദ്ധതിക്ക് കീഴിലുള്ള സംരംഭം ഒരു ലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കും. വിനോദ സഞ്ചാരം, പൈതൃക മേഖല, അടിസ്ഥാന വികസനം, യുവജന സംരംഭങ്ങള്‍ എന്നിവക്കാണ് പദ്ധതി മുന്‍ഗണന നല്‍കുന്നത്. വികസന പദ്ധതിയുടെ ഭാഗമായി കാർഷിക ജലസേചനത്തിനായി ഉപയോഗിക്കുന്ന പുരാതന ജല ചാനലുകളുടെ സംവിധാനം, അക്കാദമിക തലത്തിലുള്ള പരിശീലന പരിപാടികൾ, തൊഴിൽ മേഖലകളില്‍ പ്രായോഗിക പരിപാടികള്‍ എന്നിവ ഇതിനോടനുബന്ധിച്ച് പ്രോത്സാഹിപ്പിക്കും.
ഗ്രാമീണ മേഖലകളിൽ സാമ്പത്തിക, സംരംഭ അവസരങ്ങൾ സൃഷ്ടിക്കുക വഴി സുസ്ഥിരമായ മാതൃക വളര്‍ത്തിയെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഓരോ ഗ്രാമത്തിലും മെച്ചപ്പെട്ട സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുക വഴി പ്രാദേശിക ജനവിഭാഗങ്ങളില്‍ നിന്ന് കൂടുതൽ ഇടപെടൽ നേടുകയും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യും. ഹത്തയ്ക്ക് സമീപമുള്ള അജ്മാന്റെ തന്നെപ്രദേശമായ മസ്ഫൂത്ത് അജ്മാന് നഗരത്തില്‍ നിന്നും നൂറിലേറെ കിലോമീറ്റര്‍ വിട്ടാണ് സ്ഥിതി ചെയ്യുന്നത്.
മസ്ഫൂത്തില്‍ ആരംഭിക്കുന്ന പദ്ധതി വിപുലമായ ആരോഗ്യ സേവനങ്ങൾ, ഗുണനിലവാരമുള്ള ഡിജിറ്റൽ വിദ്യാഭ്യാസം, സുസ്ഥിര കാർഷിക സാങ്കേതികവിദ്യ, ഇക്കോടൂറിസത്തെ പ്രോത്സാഹിപ്പിക്കല്‍, സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ കൈവരിക്കാൻ സഹായിക്കൽ എന്നിവയുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിരവധി സംരംഭങ്ങളുടെ സമാരംഭം പദ്ധതിയിൽ ഉൾപ്പെടുന്നു. നിർമിത ബുദ്ധി (എഐ), ഓഗ്മെന്റഡ് റിയാലിറ്റി, ഡാറ്റാ സയൻസസ് എന്നിവയിൽ ഭാവിയിലെ കഴിവുകളെ കുറിച്ച് ഐ സ്കൂൾസ് ഓർഗനൈസേഷൻ വിദ്യാർഥികൾക്ക് സമഗ്രമായ പരിശീലനം നൽകും. അതേസമയം, സംരംഭകത്വത്തിനും ചെറുകിട, ഇടത്തരം പ്രോജക്ടുകൾ സ്ഥാപിക്കുന്നതിനും മുന്നേറുന്നതിനുമായി യുവാക്കളെ പരിശീലിപ്പിക്കുന്ന പരിപാടികൾ ഹബ് 71 സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.