മാസ്കുകൾ ആദായ വിലയിൽ: അമിതവിലക്ക് വാങ്ങി സ്റ്റോക് ചെയ്തവർ കുടുങ്ങി
text_fieldsദുബൈ: കോവിഡ് വ്യാപനം തുടങ്ങിയ മാസങ്ങളിൽ ലഭ്യതക്കുറവ് മൂലം പൊള്ളുന്ന വിലക്ക് വാങ്ങിയ മാസ്ക്കുകൾ ഇപ്പോൾ തുച്ഛവിലക്ക് മാർക്കറ്റിൽ സുലഭം. വലിയ കച്ചവടം പ്രതീക്ഷിച്ച് അമിതവിലക്ക് സ്റ്റോക് വാങ്ങിക്കൂട്ടിയ വ്യാപാരികൾ ഇപ്പോൾ നഷ്ടത്തിൽ വിറ്റു തീർക്കാൻ നിർബന്ധിതരായിരിക്കുകയാണ്.മഹാമാരി പടർന്നതോടെ ചൈനയിൽ ഉൽപാദനമേഖല സ്തംഭിക്കുകയും മാസ്ക്കുകൾക്ക് വൻ ക്ഷാമം നേരിടുകയും ചെയ്തപ്പോൾ പല രാജ്യങ്ങളിൽനിന്നും കരിഞ്ചന്ത വിലയിൽ മാസ്ക്കുകൾ ചൈന ഇറക്കുമതി ചെയ്തിരുന്നു.ഇവ ചൈന തന്നെ തുച്ഛവിലയിൽ മുമ്പ് കയറ്റിയയച്ചിരുന്നു. കോവിഡ് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചതോടെ മാസ്ക്കുകൾ ആവശ്യത്തിന് കിട്ടാത്ത അവസ്ഥയായി.
പ്രതിസന്ധി മറികടക്കാൻ പല രാജ്യങ്ങളും മാസ്ക്കുകളുടെ കയറ്റുമതി തന്നെ നിരോധിച്ചു. കൂടാതെ മിക്ക സർക്കാറുകളും മാസ്ക് ധരിക്കൽ നിർബന്ധമാക്കുകയും ചെയ്തത് ആവശ്യകത വർധിപ്പിച്ചു. യു.എ.ഇയിൽ ഗുണമേന്മ അനുസരിച്ച് പെട്ടിക്ക് 10-15 ദിർഹം മാത്രമുണ്ടായിരുന്ന മാസ്കിന് 100 ദിർഹമിന് മുകളിൽ വരെ കൊടുക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയത് 'ഗൾഫ് മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
പിന്നീട് ചൈനയിൽ കോവിഡ് നിയന്ത്രണ വിധേയമാക്കുകയും ഉൽപാദനം പുനരാരംഭിക്കുകയും ചെയ്തതോടെ മാസ്കിെൻറ വരവ് തുടങ്ങിയെങ്കിലും അസംസ്കൃത വസ്തുക്കളുടെ വില കൂടിയതും കാർഗോ സംവിധാനകളുടെ ചെലവിലുണ്ടായ വർധനയും കാരണം പഴയ തുച്ഛ വിലക്ക് കിട്ടാത്ത അവസ്ഥയായി. വിപണിയിലെ വൻസാധ്യത മുന്നിൽകണ്ട് പുതിയ പല വ്യാപാരികളും കൂടിയ വിലക്ക് മാസ്ക്കുകൾ കണ്ടെയ്നർ കണക്കിന് ഇറക്കുമതി ചെയ്ത് സ്റ്റോക് ചെയ്തു.
എന്നാൽ, ഇപ്പോൾ കാര്യങ്ങൾ തകിടംമറിഞ്ഞ അവസ്ഥയാണ്. അമിതവിലക്ക് ഇറക്കുമതി ചെയ്തതിലുണ്ടായ നഷ്ടം ചൈന നികത്തിയതിനൊപ്പം മാസ്ക് ക്ഷാമം മുതലെടുത്ത് വൻലാഭവും കൊഴ്തു ചൈനീസ് കമ്പനികൾ. മുൻനിര ഹൈപ്പർമാർക്കറ്റുകളെല്ലാം ഓഫർ പ്രഖ്യാപിച്ചു വിറ്റഴിക്കാൻ തുടങ്ങിയതോടെ അഞ്ചു ദിർഹം മുതൽ ഇപ്പോൾ ഒരു പെട്ടി മാസ്ക് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.