ഹോട്ടലുകളിലും മാസ്ക് വേണ്ട; ചടങ്ങുകളില്‍ ഗ്രീൻ പാസ് വേണം
text_fieldsഅബൂദബി: അബൂദബി എമിറേറ്റിലെ മാസ്ക് ധാരണത്തില്‍ വ്യക്തതയുമായി അധികൃതര്‍. എമിറേറ്റിലെ സാംസ്കാരിക വേദികളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും ഇനിമുതല്‍ ഫേസ് മാസ്ക് നിര്‍ബന്ധമില്ല.
അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. കോവിഡ് നിയന്ത്രണങ്ങളില്‍ രാജ്യവ്യാപകമായി ഇളവുനല്‍കി ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് സാംസ്കാരിക, ടൂറിസം വകുപ്പ് മാസ്ക് ധരിക്കുന്നതിന് നിര്ബന്ധമില്ലെന്ന വിജ്ഞാപനമിറക്കിയത്.
കെട്ടിടങ്ങള്‍ക്കുള്ളിലും പുറത്തും മാസ്ക് ധരിക്കുന്നതിന് നിര്‍ബന്ധമില്ലെങ്കിലും ഭക്ഷണങ്ങള്‍ കൈകാര്യം ചെയ്യുന്നവരും കോവിഡ് പോസിറ്റിവെന്ന് സംശയിക്കുന്നവരും നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം.
ഇതിനുപുറമെ ഗുരുതര രോഗങ്ങളുള്ളവരും രോഗികളും മാസ്ക് ധരിക്കുന്നത് ഗുണകരമാണെന്നും വകുപ്പ് അറിയിച്ചു. ചടങ്ങുകളില്‍ പ്രവേശിക്കുന്നതിന് അൽ ഹുസ്ന് ആപ്പില്‍ ഗ്രീന്‍ പാസ് പ്രദര്‍ശിപ്പിക്കണം. ഇതിനുപുറമെ സംഘാടകര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളും പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. പി.സി.ആര് ഫലം നെഗറ്റിവാണെങ്കില്‍ വാക്സിനേഷന് സ്വീകരിച്ചവര്‍ക്ക് 30 ദിവസത്തേക്കും വാക്സിനെടുക്കാത്തവര്‍ക്ക് ഏഴുദിവസത്തേക്കും ഗ്രീന്‍ പാസ് ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിര്‍ബന്ധമാക്കിയ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പ് മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.