ലുലു വാക്കത്തണിൽ വൻ ജനപങ്കാളിത്തം
text_fieldsദുബൈ: ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചും സുസ്ഥിരമായ പ്രവർത്തനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ലുലു ഇന്റർനാഷനൽ ഗ്രൂപ് ദുബൈയിൽ സംഘടിപ്പിച്ച എട്ടാമത് ‘സുസ്ഥിരത വാക്കത്തൺ’ ബഹുജന പങ്കാളിത്തംകൊണ്ട് ലോകശ്രദ്ധ നേടി.
ഞായറാഴ്ച ദുബൈ മംസാർ പാർക്കിൽനിന്ന് ആരംഭിച്ച വാക്കത്തണിൽ 146 രാജ്യങ്ങളിൽനിന്നായി 15,000 പേർ പങ്കെടുത്തു. മാസ്റ്റർ കാർഡ്, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ സ്പോർട്സ് കൗൺസിൽ, ട്രാൻസ്മെഡ്, അൽ റവാബി, യെല്ലോ എ.ഐ, സ്പാർക്ലോ, ലുലു എക്സ്ചേഞ്ച്, യൂനിലീവർ, ടാറ്റ സോൾഫുഡ്, ബുർജീൽ ഹോൾഡിങ്സ് തുടങ്ങിയ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് വലിയ പിന്തുണയാണ് വാക്കത്തണിന് ലഭിച്ചത്. രാവിലെ 7.30ന് ആരംഭിച്ച വാക്കത്തണിൽ എല്ലാ പ്രായത്തിലുള്ളവരും പങ്കാളികളായിരുന്നു.
പരിസ്ഥിതിസൗഹൃദ സംരംഭങ്ങളുടെ ഭാഗമായി സുസ്ഥിരതയെ കോർപറേറ്റ് യാത്രയിലെ പ്രധാന ഘടകമെന്ന നിലയിലാണ് നോക്കിക്കാണുന്നതെന്ന് ലുലു ഗ്രൂപ് ഡയറക്ടർ എം.എ. സലീം പറഞ്ഞു.
ജീവിതത്തിന്റെ നാനാതുറയിലുള്ള മനുഷ്യരെ വാക്കത്തണിൽ ഒരുമിച്ചുകൂട്ടിയതിലൂടെ ഭാവി തലമുറക്കായി ഭൂമിയെ സംരക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അതിന് ലഭിച്ച പ്രതികരണത്തിൽ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നതായും അദ്ദേഹം പറഞ്ഞു.
സുംബ ഡാൻസ്, ശാരീരികക്ഷമത പ്രവർത്തനങ്ങൾ, ആരോഗ്യവുമായി ബന്ധപ്പെട്ട മത്സരങ്ങൾ, പുനഃചംക്രമണ പ്രവർത്തനങ്ങൾ തുടങ്ങിയവ വാക്കത്തണിലെ പ്രധാന ആകർഷണങ്ങളായിരുന്നു. പങ്കെടുത്തവർക്ക് പരിസ്ഥിതി സൗഹൃദ സമ്മാനങ്ങളും സമ്മാനിച്ചിരുന്നു.
സുസ്ഥിരതയിൽ പുതിയൊരു അധ്യായം കുറിക്കുന്നതിൽ ലുലു എന്നും മുന്നിലുണ്ടാവുമെന്ന് ലുലു ഗ്രൂപ് ഗ്ലോബൽ മാർകോം ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.