റാസല്‍ഖൈമയില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഏഷ്യന്‍ വംശജർ പിടിയിൽ
text_fieldsറാസല്‍ഖൈമ: മയക്കുമരുന്ന് വിപണന-പ്രചാരണ പ്രവര്‍ത്തനം നടത്തിവന്ന സംഘത്തെ പിടികൂടി റാക് പൊലീസ്.
രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് വന്‍ മയക്കുമരുന്ന് മാഫിയ വലയിലായതെന്ന് റാക് ആൻറി നാർകോട്ടിക് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം ജാസിം അല്‍ തുനൈജി പറഞ്ഞു. 67 ഇടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് സംഘാംഗങ്ങളുടെ പ്രവര്‍ത്തനം. ചെയിന്‍ മാതൃകയില്‍ പ്രവര്‍ത്തിച്ചാണ് ഇവര്‍ ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്. 23നും 30നും ഇടയിലുള്ള ഏഷ്യന്‍ വംശജരായ യുവാക്കള്‍ ലഹരിവസ്തുക്കളും അനുബന്ധ ഉപകരണങ്ങളോടെയുമാണ് കസ്റ്റഡിയിലായത്.
സമൂഹത്തെയും രാജ്യത്തെയും വന്‍ വിപത്തിലേക്ക് തള്ളിവിടുന്ന പ്രവൃത്തികളില്‍ കരുവാക്കപ്പെടുന്നത് കൂടുതലും യുവാക്കളാണ്. അടിക്കടിയുള്ള ലഹരിവിരുദ്ധ പ്രചാരണവും കുറ്റവാളികളെ കടുത്ത ശിക്ഷക്ക് വിധേയമാക്കുന്നതിനിടയിലും മയക്കുമരുന്ന് മാഫിയകളുടെ കുതന്ത്രങ്ങളില്‍ സമൂഹം വശംവദരാകുന്നത് ഗൗരവതരമാണെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.
കുറ്റവാളികൾക്ക് രക്ഷപ്പെടാനാകാത്ത വിധം പഴുതടച്ച അന്വേഷണ നിരീക്ഷണ പരിശോധനകളാണ് പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ നടത്തിയതെന്നും ആഭ്യന്തര മന്ത്രാലയത്തിെൻറ തന്ത്രപരമായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വന്‍ മയക്കുമരുന്ന് സംഘത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതെന്നും കേണല്‍ ഇബ്രാഹിം അഭിപ്രായപ്പെട്ടു.
സംശയകരമായ സാഹചര്യങ്ങളില്‍ കാണപ്പെടുന്ന വ്യക്തികളെയും സംഘത്തെയും കുറിച്ചുള്ള വിവരങ്ങള്‍ 999 നമ്പറില്‍ അറിയിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.