മരുഭൂമിയിലെ മാവേലി കാഴ്ചകൾ
text_fieldsപാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തപ്പെട്ട മഹാബലി തമ്പുരാന്‍ വര്‍ഷത്തിലൊരിക്കല്‍ പ്രജകളുടെ ക്ഷേമമന്വേഷിക്കാന്‍ ഭൂമിയിലെത്തുമെന്നാണ് ഐതിഹ്യം. കേരളം കഴിഞ്ഞാല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്നത് ഗള്‍ഫ് നാടുകളിലാണ്. അവിടെയെല്ലാം ഓണം ആഘോഷിക്കപ്പെടുന്നുണ്ട്. ആഘോഷിക്കുമ്പോള്‍ മാവേലി ഇല്ലാതെ പറ്റില്ലല്ലോ. മാവേലി നാടു വാണീടും കാലം മാനുഷ്യരെല്ലാം ഒന്ന് പോലെ എന്നത് അന്വര്‍ഥമാക്കുന്ന ജീവിത ശൈലി പിന്തുടരുന്ന യു.എ.ഇയില്‍ മാവേലി വന്നാല്‍ പിന്നെ ആറുമാസം കഴിഞ്ഞേ മടങ്ങാറുള്ളൂ.
ഓണം നടക്കുന്ന ആഗസ്റ്റ് മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിൽ നീണ്ടു നില്‍ക്കുന്നതാണ് യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിലെ ആഘോഷം. അവധി ദിനങ്ങളില്‍ മാത്രമാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയൂ എന്നതിനാലാണ് ഇത്രയും നീണ്ട ഓണ സീസൻ. മാവേലിക്കും ഇത്രയും കാലം വിശ്രമമില്ല. കമ്പനിയിലെ ഒഴിവു ദിവസങ്ങളില്‍ മാത്രമേ മാവേലിക്കും ആഘോഷത്തിനെത്താന്‍ കഴിയൂ. നല്ല കുടവയറും ആകാരവും ഉള്ളവർക്ക് ഇക്കാലത്ത് വലിയ ഡിമാൻറാണ്. മാവേലി വേഷം സ്ഥിരമായി ചെയ്യുന്ന നിരവധി പേരുണ്ട് ഗൾഫിൽ. ഇത്തരത്തില്‍ ശ്രദ്ധേയമായി വേഷം ചെയ്യുന്ന വ്യക്തിയാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ലിജിത്ത് കുമാര്‍.
കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട് കാലമായി യു.എ.ഇയിലുള്ള ലിജിത്ത് കുമാര്‍ കലാപരമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മാവേലി വേഷവുമായി രംഗത്ത് വന്നത് മൂന്ന് വര്‍ഷം മുന്‍പാണ്. അജ്മാനിലെ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഒഴിവു സമയം ഉപയോഗപ്പെടുത്തിയാണ് രാജാവായി എത്തുന്നത്. കടന്നപ്പള്ളി ശങ്കരന്‍കുട്ടി മാരാരുടെ കീഴില്‍ ചെണ്ട അഭ്യസിച്ചിട്ടുള്ള ഇദ്ദേഹം അടക്കമുള്ള നിരവധി ചെണ്ടക്കാരുടെ കൂട്ടായ്മയുണ്ട് യു.എ.ഇയില്‍. തെൻറ സഹപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ആദ്യഘട്ടങ്ങളില്‍ അണിഞ്ഞൊരുങ്ങിയിരുന്നത്.
ഇപ്പോള്‍ തിരക്ക് കൂടിയപ്പോള്‍ സഹധര്‍മ്മിണി പ്രിയങ്കയുടെ സഹായം തേടുകയാണ് 'മാവേലി'. കൊറോണ വ്യാപനം കഴിഞ്ഞ വര്‍ഷം മാവേലിയേയും കാര്യമായി ബാധിച്ചു. എങ്കിലും ഇക്കുറി പരിപാടികള്‍ക്ക് കഴിഞ്ഞ കൊല്ലത്തെക്കാള്‍ നല്ല മാറ്റമുണ്ട്. മാവേലിയുടെ വേഷമണിഞ്ഞ് മണിക്കൂറുകളോളം സദസില്‍ നിറഞ്ഞാടുക എന്നത് ശ്രമകരമാണെന്നാണ് ലിജിത്തിെൻറ പക്ഷം. മാവേലി വേഷത്തില്‍ എല്ലാവരാലും ശ്രദ്ധിക്കപ്പെടുമ്പോള്‍ വിശ്രമിക്കലും അവശ്യകാര്യങ്ങൾക്ക് പോകലുമെല്ലാം പ്രയാസമാണ്. ചില മാസങ്ങളില്‍ ദിവസം മുഴുവന്‍ വേഷം കെട്ടേണ്ടി വന്നിട്ടുണ്ട്. രാവിലെ ആറര മണിക്ക് വേഷമണിഞ്ഞു രാത്രി പത്തരവരെ നീണ്ട അനുഭവവുമുണ്ട്.
രാവിലെ അബൂദബിയിലും ഉച്ചക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലും വൈകീട്ട് മറ്റ് എമിറേറ്റുകളിലും വേഷം കെട്ടേണ്ടി വന്നിട്ടുണ്ട് ലിജിത്തിന്. വേഷം ഊരാന്‍ പോലും സമയം കിട്ടാതെ അബൂദാബിയിലെ പരിപാടി കഴിഞ്ഞയുടനെ അതേ വേഷത്തില്‍ കിരീടം മാത്രം ഊരിവെച്ച് കാറില്‍ ഷാര്‍ജയിലേക്ക് വെച്ച് പിടിച്ച അനുഭവം എന്നും മായാത്ത ഓര്‍മ്മയാണ്. അറബികളും വിദേശികളും കാണുമ്പോള്‍ കൗതുകത്തോടെ ഒപ്പം നിന്ന് ഫോട്ടോയെടുക്കും. വേഷത്തിനാവശ്യമായ എല്ലാ സാധനങ്ങളും നാട്ടില്‍ നിന്ന് കൊണ്ടുവന്നതാണ്. ഇക്കൊല്ലം ഇതിനിടെ നിരവധി പരിപാടികളില്‍ ലിജിത്ത് മാവേലിയായി എത്തിക്കഴിഞ്ഞു. ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂൾ വിദ്യാര്‍ഥി ഇഷാനാണ് മകൻ, മൂന്നര വയസ്സുകാരി മകൾ ഇഷിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.