ഖലീഫക്കുപിന്നാലെ എംബിഇസെഡ്-സാറ്റ്; ബഹിരാകാശ രംഗത്ത് ചരിത്രകുതിപ്പിന് രാജ്യം
text_fieldsദുബൈ: പൂർണമായും യു.എ.ഇയിൽ തദ്ദേശീയമായി നിർമിച്ച ഖലീഫ എന്ന ഉപഗ്രഹത്തിനുശേഷം ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രമെഴുതാൻ രാജ്യം തയാറെടുക്കുന്നു. എംബി ഇസെഡ്-സാറ്റ് എന്ന് പേരിട്ടിരിക്കുന്ന സമ്പൂർണമായ എമിറാത്തി ഉപഗ്രഹം രാജ്യം നിർമിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽമക്തൂം പ്രഖ്യാപിച്ചു. അബൂദബിയിലെ കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാൻെറ പേര് വഹിക്കുന്ന ഈ സാറ്റലൈറ്റ് സാങ്കേതികവിദ്യ മേഖലയിലെ ഏറ്റവും പുതിയതായിരിക്കുമെന്നും പദ്ധതിയുടെ പിന്നിലുള്ള ടീം 100 ശതമാനം എമിറാത്തിയായിരിക്കുമെന്നും ട്വിറ്ററിലൂടെ ശൈഖ് മുഹമ്മദ് പറഞ്ഞു.
ഉപഗ്രഹം സിവിലിയൻ, വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിൻെറ പേര് എംബി ഇസെഡ്-സാറ്റ് എന്നായിരിക്കും. മുമ്പത്തെ ഉപഗ്രഹത്തിന് ഖലീഫ സാറ്റ് എന്നാണ് പേര് നൽകിയിരുന്നത്. ഇതിന് എൻെറ സഹോദരൻ മുഹമ്മദ് ബിൻ സായിദിൻെറ പേര് നൽകും. അല്ലാഹു അദ്ദേഹത്തെ സംരക്ഷിക്കട്ടെയെന്നും ശൈഖ് മുഹമ്മദ് ട്വീറ്റിൽ കുറിച്ചു.
യു.എ.ഇയിൽ 100 ശതമാനം രൂപകൽപന ചെയ്ത് നിർമിച്ച ആദ്യത്തെ ഉപഗ്രഹമായിരുന്നു ഖലീഫ സാറ്റ്. ലോകത്തിലെ ഏറ്റവും നൂതനമായ വിദൂര സംവേദനാത്മക നിരീക്ഷണ ഉപഗ്രഹങ്ങളിലൊന്നായ ഇത് 2018 ഒക്ടോബറിലാണ് വിക്ഷേപിക്കപ്പെട്ടത്. ഭൂമിയുടെ ഉയർന്ന നിലവാരമുള്ളതും വിശദമായതുമായ ചിത്രങ്ങൾ പകർത്താനും ദുബൈയിലെ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലേക്ക് തിരികെ അയക്കാനുമുള്ള അഞ്ച് വർഷത്തെ ദൗത്യമാണ് ആരംഭിച്ചിരിക്കുന്നത്.
• ബഹിരാകാശ നേട്ടങ്ങൾ
2021ഓടെ ചൊവ്വയിലെത്താനും 2117ഓടെ ആദ്യത്തെ വാസസ്ഥലം പണിയാനുമുള്ള രാജ്യത്തിൻെറ ബഹിരാകാശ പദ്ധതിയുടെ ഭാഗമായാണ് യു.എ.ഇ ദേശീയ ബഹിരാകാശ പദ്ധതി ആരംഭിച്ചത്. ചൊവ്വ അന്വേഷണ പേടകമായ ഹോപ്പ് ഈ വർഷം ജൂലൈയിൽ വിക്ഷേപിച്ചതിനുശേഷം ഇപ്പോൾ 200 ദശലക്ഷം കിലോമീറ്ററിലധികം സഞ്ചരിച്ചുകഴിഞ്ഞു.
ബഹിരാകാശത്തിലൂടെ സഞ്ചരിച്ച്, ഭ്രമണപഥം റെഡ് പ്ലാനറ്റിലേക്കുള്ള യാത്രയുടെ പകുതിയിൽ എത്തിയിരിക്കുന്നു. രാജ്യം തങ്ങളുടെ ആദ്യത്തെ ബഹിരാകാശ യാത്രികനെ 2019 സെപ്റ്റംബർ 25നാണ് ബഹിരാകാശത്തേക്ക് അയച്ചത്. എമിറാത്തി ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂരി റഷ്യൻ ബഹിരാകാശ വാഹനമായ സോയൂസ് എം.എസ് -15 വിമാനത്തിൽ എട്ട് ദിവസത്തെ ദൗത്യത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയിരുന്നു. അറബ് മേഖലയിൽനിന്ന് ആദ്യമായി ബഹിരാകാശ പര്യവേക്ഷണം നടത്തിയ രാജ്യമെന്ന ബഹുമതി യു.എ.ഇക്ക് നേടിക്കൊടുത്തത് വലിയ ചരിത്രമായാണ് രാജ്യം ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.