എം.ബി.ഇസെഡ്-സാറ്റ് 2023ൽ വിക്ഷേപിക്കും
text_fieldsദുബൈ: യു.എ.ഇയുടെ രണ്ടാമത് സാറ്റ്ലൈറ്റായ എം.ബി.ഇസെഡ്-സാറ്റ് 2023ൽ വിക്ഷേപിക്കും. അറബ് മേഖലയിൽ ഇതുവരെ വിക്ഷേപിക്കപ്പെട്ട സാറ്റ്ലൈറ്റുകളിൽ ഏറ്റവും വലുതും മികച്ച സംവിധാനവുമുള്ള ഉപഗ്രഹമാണിത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാെൻറ പേര് നൽകപ്പെട്ട ഉപഗ്രഹത്തിെൻറ പരിശോധനകൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. 2018ൽ യു.എ.ഇ വിക്ഷേപിച്ച ആദ്യ സാറ്റ്ലൈറ്റായ ഖലീഫ-സാറ്റിനേക്കാൾ മൂന്നിരട്ടി കാര്യക്ഷമതയുണ്ട് ഇതിനെന്ന് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ സ്പേസ് സെൻറർ (എം.ബി.ആർ.എസ്.സി) അധികൃതർ വ്യക്തമാക്കി.
ബഹിരാകാശത്ത് ശക്തമായ ഭൗമനിരീക്ഷണ ഉപഗ്രഹസംവിധാനം ഒരുക്കലാണ് പദ്ധതിയുടെ ലക്ഷ്യം. പ്രാദേശികമായ സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് ഇത് നിർമിച്ചിട്ടുള്ളത്. 700 കിലോഗ്രാം തൂക്കമുള്ള എം.ബി.ഇസെഡ്-സാറ്റ് ഫാൽകൺ-9 റോക്കറ്റിലാണ് വിക്ഷേപിക്കുക.
കഴിഞ്ഞ വർഷങ്ങളിൽ ബഹിരാകാശത്ത് യു.എ.ഇക്ക് വലിയ നേട്ടങ്ങളുണ്ടായതായും രാജ്യത്തെ മേഖലയിലെ നേതൃത്വമായി വളർത്താനുമായാണ് ഉദ്ദേശിക്കുന്നതെന്നും എം.ബി.ആർ.എസ്.സി സ്പേസ് എൻജിനീയറിങ് സീനിയർ ഡയറക്ടർ അമീർ അൽ സായിഗ് പറഞ്ഞു. പ്രാദേശിക കമ്പനികളുമായി യോജിച്ച് പ്രവർത്തിക്കുന്നത് തൊഴിലവസരങ്ങൾ വർധിക്കാൻ കാരണമാകും. അതുപോലെ പുതിയ സാങ്കേതികവിദ്യകളെ രൂപപ്പെടുത്താനും സാധിക്കും. ഇത്തരത്തിൽ പദ്ധതി വിവിധങ്ങളായ ഉപകാരങ്ങൾ ചെയ്യുന്നതാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. എം.ബി.ആർ.എസ്.സി അഞ്ച് സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് എം.ബി.ഇസെഡ്-സാറ്റ് നിർമിച്ചത്. ഭൂമിയുടെ 500 കിലോമീറ്റർ മുകളിൽനിന്ന് ചിത്രങ്ങളെടുക്കാൻ സാധിക്കുന്ന ഹൈ റെസല്യൂഷൻ കാമറ അടങ്ങിയ വൻ ടെലിസ്കോപ് സാറ്റ്ലൈറ്റിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.