മീഡിയ കോൺഗ്രസ് മാധ്യമമേഖലക്ക് കരുത്താകും -എം.എ. യൂസുഫലി
text_fieldsഅബൂദബി: ഗ്ലോബൽ മീഡിയ കോൺഗ്രസ് മാധ്യമ മേഖലക്ക് വലിയ രീതിയിൽ ഗുണം ചെയ്യുമെന്ന് അബൂദബി ചേംബർ ഓഫ് കോമേഴ്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി പറഞ്ഞു.
കോൺഗ്രസിന്‍റെ ആദ്യദിനം വേദിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേരളത്തിൽനിന്ന് സമ്മേളന അതിഥികളായി ജോൺ ബ്രിട്ടാസ് എം.പി, മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ, മുൻ രാജ്യസഭാംഗം എം.വി. ശ്രേയാംസ് കുമാർ എന്നിവർ എത്തിച്ചേർന്നിട്ടുണ്ട്.
മാധ്യമമേഖല വളരെ വേഗത്തിൽ മാറുകയാണെന്നും മാറ്റത്തോടൊപ്പം സഞ്ചരിക്കുന്നവർക്കേ പിടിച്ചുനിൽക്കാനാവൂ എന്നും ജോൺ ബ്രിട്ടാസ് എം.പി അഭിപ്രായപ്പെട്ടു. മാധ്യമ മേഖലയിലെ പുതിയ നിക്ഷേപ അവസരങ്ങൾ സംബന്ധിച്ച് ചൊവ്വാഴ്ച നടന്ന പാനൽ ചർച്ചയിൽ ശ്രേയാംസ് കുമാർ പങ്കെടുത്തു. പ്രിന്‍റ് മാധ്യമ മേഖല മഹാമാരിക്കു മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരിച്ചുവരുകയാണെന്ന് ചർച്ചയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
സമാപന ദിവസമായ വ്യാഴാഴ്ച 'മാധ്യമങ്ങളുടെ ഡിജിറ്റൽ പരിവർത്തനം'വിഷയത്തിൽ പ്രത്യേക അഭിമുഖത്തിലാണ് മാധ്യമപ്രവർത്തകൻ ശശികുമാർ പങ്കെടുക്കുന്നത്.
കേരളത്തിലെ വിവിധ മാധ്യമസ്ഥാപനങ്ങളിൽനിന്ന് യുവ മാധ്യമപ്രവർത്തകർ പ്രത്യേക പ്രതിനിധികളായി കോൺഗ്രസിന് എത്തിച്ചേർന്നിട്ടുണ്ട്.
'മീഡിയവണി'ൽനിന്ന് മാധ്യമ പ്രവർത്തകരായ ബി.കെ. സുഹൈൽ, കെ.പി.എ. ശക്കീബ് എന്നിവർ കോൺഗ്രസിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.