മീഡിയവൺ ഫിൻടോക്കിൽ മികച്ച പങ്കാളിത്തം
text_fieldsദുബൈ: യു.എ.ഇ എന്ന രാജ്യത്തിനും, അവിടെ ബിസിനസ് നടത്തുന്നവർക്കും സാമ്പത്തികമായ സുസ്ഥിരതക്ക് പുതിയ നികുതി ഘടന വഴിയൊരുക്കുമെന്ന് ഫിൻടോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച പ്രമുഖ സാമ്പത്തിക വിദഗ്ധൻ കെ.വി ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി. യു.എ.ഇയിലെ കോർപറേറ്റ് ടാക്സ് സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാൻ മീഡിയവൺ ഒരുക്കിയ ഗ്രോ ഗ്ലോബൽ- ഫിൻടോക്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1971 ൽ യു.എ.ഇ രൂപവത്കരിച്ച നാൾ മുതൽ നികുതി ഘടനയിലേക്ക് മാറാൻ ലോകബാങ്കും മറ്റും നിർദേശം നൽകിയിരുന്നു.
എന്നാൽ, നികുതി ഏർപ്പെടുത്താതെ തന്നെ കുറഞ്ഞ നാൾ കൊണ്ട് യു.എ.ഇക്ക് സാമ്പത്തികരംഗത്ത് മുന്നേറാനും വികസിക്കാനും സാധിച്ചു. അത്തരം മാതൃകകൾ ലോകത്ത് വളരെ വിരളമാണ്. വികസനത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് മൂല്യവർധിത നികുതിയും, കോർപറേറ്റ് നികുതിയും യു.എ.ഇയിൽ നടപ്പാക്കുന്നത്. പുതിയ രീതികൾ അവലംബിക്കുന്നതിനുള്ള പ്രാരംഭ ബുദ്ധിമുട്ടുകൾ മാറ്റിനിർത്തിയാൽ രാജ്യത്തിനും നിക്ഷേപകർക്കും സാമ്പത്തിക സുസ്ഥിരത പ്രദാനം ചെയ്യുന്നതിനാണ് നികുതി ഘടന സഹായകമാവുകയെന്ന് കെ.വി ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.
അക്കൗണ്ടിങ് രംഗത്ത് പ്രവർത്തിക്കുന്ന പ്രഫഷനലുകളുടെ പങ്കാളിത്തം കൊണ്ട് ഫിൻ ടോക് ശ്രദ്ധേയമായി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഇരുന്നൂറിലേറെ പേരാണ് പരിപാടിയിൽ പങ്കെടുത്തത്. കോർപറേറ്റ് ടാക്സുമായി ബന്ധപ്പെട്ട സെഷനുകൾ കൈകാര്യം ചെയ്തത് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ഹുസൈൻ അൽ ശംസിയിലെ വിദഗ്ധരാണ്. എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം സമീർ, ഓഡിറ്റ് ആൻഡ് അഡ്വൈസറി വിഭാഗം ഡയറക്ടർ ഫൈസൽ സലീം, ഓഡിറ്റ് ആൻഡ് കോർപറേറ്റ് ടാക്സ് ഡയറക്ടർ മുഹമ്മദ് സലീം അറക്കൽ എന്നിവർ നികുതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകി. ചോദ്യോത്തര സെഷൻ സംശയനിവാരണത്തിന് ഏറെ ഉപകാരപ്പെട്ടുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കോർപറേറ്റ് രംഗത്തെ നിയമവിരുദ്ധ അക്കൗണ്ടിങ് പ്രവണതകളെ കുറിച്ച സെഷന് യാബ് ലീഗൽ സർവിസിലെ ലീഗൽ കൺസൽട്ടന്റ് മുഹമ്മദ് നാഇഫ് മരക്കാർ, ബി. ഡി.എം ഫർസാന അബ്ദുൽ ജബ്ബാർ എന്നിവർ നേതൃത്വം നൽകി. മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ നാസർ, മീഡിയവൺ-ഗൾഫ് മാധ്യമം എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. അബ്ദുസലാം ഒലയാട്ട് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.