കുട്ടികൾക്ക് ചികിത്സ സഹായം; നാസർ ഹുസൈൻ ഇന്ന് മലകയറും
text_fieldsദുബൈ: ജലീലിയ ഫൗണ്ടേഷൻ വഴി കുട്ടികൾക്ക് ചികിത്സ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം മേലാറ്റൂർ സ്വദേശി നാസർ ഹുസൈൻ തിങ്കളാഴ്ച മലകയറാനൊരുങ്ങുന്നു. ന്യൂ ഇയർ ചലഞ്ച് വി.1 എന്ന് പേരിട്ടിരിക്കുന്ന ഈ ചലഞ്ചിലൂടെ റാസൽഖൈമയിലെ ജബൽ ജെയ്സ്, ജബൽ യബാന, ജബൽ റഹബ എന്നിവ താണ്ടാനാണ് നാസറിന്റെ പദ്ധതി. തിങ്കളാഴ്ച പുലർച്ച ആറിന് തുടങ്ങുന്ന ഹൈക്കിങ് ചൊവ്വാഴ്ച അവസാനിക്കും.
യു.എ.ഇയിലെ ആരോഗ്യ മേഖലയിലെ പഠനത്തിനും സഹായങ്ങൾക്കുമായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം രൂപം നൽകിയ ജീവകാരുണ്യ സ്ഥാപനമാണ് അൽ ജലീലിയ ഫൗണ്ടേഷൻ. സ്ഥാപനത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ചികിത്സ നൽകാൻ ലക്ഷ്യമിട്ട് നടത്തുന്ന ‘ഫറ’ പദ്ധതിയിലേക്ക് ഫണ്ട് നൽകാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രഥമ ലക്ഷ്യം. യാത്രയിലുടനീളം സമൂഹ മാധ്യമങ്ങളിലൂടെ സഹായാഭ്യർഥന ജനങ്ങളിലേക്കെത്തിക്കും. 30 ദിവസത്തിനുള്ളിൽ 20 ലക്ഷം ദിർഹം സംഭാവന ചെയ്യുക എന്നതാണ് ലക്ഷ്യം.
ഹൈക്കിങ്ങിനുശേഷം മറ്റു പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. പണം നേരിട്ട് ജലീലിയ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് എത്തുന്നത്. യു.എ.ഇയിലെ സാഹസിക വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും നാസറിന്റെ യാത്രക്കുണ്ട്. ജബൽ ജെയ്സിന്റെ താഴ്ഭാഗമായ വാദിബിഹിൽനിന്നാണ് യാത്ര തുടങ്ങുന്നത്. 50ലേറെ കിലോമീറ്റർ മല കയറണം. ആദ്യ ദിവസം കുറച്ച് ദൂരം ഹൈക്ക് ചെയ്യാൻ മറ്റുള്ളവരുമുണ്ടാകും. യാത്ര സ്പോൺസർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങൾ അടക്കം ജലീലിയ ഫൗണ്ടേഷന് സംഭാവന നൽകും. മുമ്പും യു.എ.ഇയുടെ വിവിധ മലനിരകൾ കീഴടക്കി ശ്രദ്ധേയനായിട്ടുണ്ട് നാസർ ഹുസൈൻ. യു.എ.ഇയിലെ പ്രധാന ഹൈക്കർമാരിൽ ഒരാളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.