മെഡിക്കൽ ടൂറിസ്റ്റുകൾ വർധിച്ചു; കഴിഞ്ഞ വർഷം എത്തിയത് 6.74 ലക്ഷം
text_fieldsദുബൈ: കഴിഞ്ഞ വർഷം ദുബൈയിൽ മെഡിക്കൽ ടൂറിസ്റ്റുകളായി എത്തിയത് 6.74 ലക്ഷം പേരെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ). അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022ൽ മെഡിക്കൽ ടൂറിസത്തിലൂടെ എമിറേറ്റിന് 100 കോടി ദിർഹമിന്റെ വരുമാനമാണുണ്ടായത്. മെഡിക്കൽ ടൂറിസത്തിന്റെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും വളർച്ചയാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഡി.എച്ച്.എയുടെ ഡിജിറ്റൽ ആരോഗ്യ ഇൻഷുറൻസ് പോർട്ടൽ നിലവിൽ 40 ലക്ഷത്തിലധികം ആളുകൾക്ക് സേവനം നൽകുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2023ലെ ആദ്യ ആറു മാസങ്ങളിൽ രണ്ടുകോടി ഇൻഷുറൻസ് ക്ലെയിമുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് പ്രതിദിനം ശരാശരി 1.09 ലക്ഷം ക്ലെയിമുകളാണ് അംഗീകരിക്കുന്നത്. കൂടാതെ 2023 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ അംഗീകൃത ഇലക്ട്രോണിക് മെഡിക്കൽ കുറിപ്പടികളുടെ എണ്ണം ഏകദേശം 90 ലക്ഷത്തിലെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ടെലിമെഡിസിൻ പ്ലാറ്റ്ഫോമുകൾ വഴി നടത്തിയ മെഡിക്കൽ കൺസൽട്ടേഷനുകളുടെ എണ്ണം 2022ൽ 2.93 ലക്ഷമാണ്.
2021നെ അപേക്ഷിച്ച് ഇത് 23 ശതമാനം വർധനയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അതോറിറ്റിയുടെ സേവനങ്ങളുടെ ഉപഭോക്താക്കളുടെയും സേവനദാതാക്കളുടെയും സംതൃപ്തി നിരക്ക് 96 ശതമാനമാണ്.
ആരോഗ്യ ടൂറിസം, ആരോഗ്യ ഇൻഷുറൻസ്, മെഡിക്കൽ കമ്മിറ്റി സേവനങ്ങൾ, വിദേശ ചികിത്സ സേവനങ്ങൾ, പൊതുജനാരോഗ്യ സേവനങ്ങൾ, ഭരണപരമായ സഹായം, ആരോഗ്യ നിയന്ത്രണ സേവനങ്ങൾ, മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഡി.എച്ച്.എയുടെ പ്ലാറ്റ്ഫോമുകൾ വഴിയുള്ള സ്മാർട്ട് സേവനങ്ങൾ.
രാജ്യത്തിനകത്തും പുറത്തും നിന്ന് ആരോഗ്യപരിരക്ഷ തേടുന്നവർക്ക് ദുബൈയെ ഇഷ്ടപ്പെട്ട സ്ഥലമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഏറ്റവും ഉയർന്ന നിലവാരത്തിൽ ഈ മേഖലയെ വികസിപ്പിക്കാനാണ് ശ്രമിച്ചുവരുന്നതെന്ന് ഡി.എച്ച്.എ ഡയറക്ടർ ജനറൽ അവാദ് സഗായിർ അൽ കെത്ബി പറഞ്ഞു. ദുബൈ സർക്കാറിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾക്കും സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് മുൻഗണനയെനും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.