മീനാക്ഷിയമ്മ വാൾചുഴറ്റി; താൻ 'ഷവർമ'യായെന്ന് ഖാലിദ് അൽ അമീരി !
text_fieldsദുബൈ: ഇമാറാത്തി സോഷ്യൽ മീഡിയ താരം ഖാലിദ് അൽ അമീരി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ കണ്ട ആരാധകരൊന്നാകെ മൂക്കത്ത് കൈവെച്ചു. 80വയസുകാരിയായ സ്ത്രീ അദ്ദേഹത്തെ വാൾചുഴറ്റി പ്രതിരോധത്തിലാക്കുന്നതാണ് വീഡിയോ ദൃശ്യം. എന്നാൽ ദൃശ്യം കണ്ട മലയാളികൾക്ക് അതിൽ വലിയ അൽഭുതമൊന്നും തോന്നിക്കാണില്ല. കാരണം വാൾചുഴറ്റി മുന്നേറുന്ന സ്ത്രീ കേരളീയർക്ക് സുപരിചിതയാണ്. കോഴിക്കോട് വടകര കടത്തനാടൻ കളരിസംഘത്തിലെ ആയോധനകലാ വിദഗ്ധയായ പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കളായിരുന്നു അത്.
ഇന്ത്യൻ ആയോധന കലയായ കളരി വിദഗ്ധയായ മീനാക്ഷിയമ്മ എന്നെ ഒരു 'ഷവർമ'യാക്കിയതിന്‍റെ ലഘു വീഡിയോ എന്ന കാപ്ഷനോടെയാണ് ഇൻസ്റ്റഗ്രാമിൽ ഖാലിദ് വീഡിയോ പങ്കുവെച്ചത്. വിവിധ രാജ്യങ്ങൾ സന്ദർശിക്കാറുള്ള ഖാലിദ്, ഓണാഘോഷങ്ങളും മറ്റും കാണുന്നതിനായി ദിവസങ്ങൾക്ക് മുമ്പാണ് കേരളത്തിലെത്തിയത്. മീനാക്ഷിയമ്മയുടെ വടകരയിലെ കളരിയിലെത്തിയാണ് ആയോധനകലയുടെ 'രുചി'യറിഞ്ഞത്.
കേരളത്തിലെ ഏറ്റവും പ്രായംചെന്ന വനിതാ കളരി ഗുരുക്കളായ മീനാക്ഷിയമ്മക്ക് 2017ലാണ് പത്മശ്രീ ലഭിച്ചത്. ഏഴ് വയസു മുതൽ കളരിയഭ്യസിക്കുന്ന ഇവർക്ക് ആയിരക്കണക്കിന് ശിഷ്യരുണ്ട്. യു.എ.ഇയിലെ പ്രശസ്ത ബ്ലോഗറായ ഖാലിദിന്‍റെ ഭാര്യ സലാമ മുഹമ്മദും സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. ഇന്ത്യയിൽ ഖാലിദ് പലതവണ സന്ദർശനം നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.