ദുബൈയിൽ തൊഴിലാളികൾക്ക് മെഗാ ഈദ് ആഘോഷം
text_fieldsദുബൈ: എമിറേറ്റിലെ തൊഴിലാളികളുടെ സംഭാവനകൾക്ക് ആദരമർപ്പിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) മെഗാ ഈദ് ആഘോഷം സംഘടിപ്പിക്കുന്നു. ‘ഒന്നിച്ച് ഈദ് ആഘോഷിക്കാം’ എന്ന പ്രമേയത്തിലാണ് പരിപാടി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശമനുസരിച്ചാണ് ആഘോഷം ഒരുക്കുന്നത്.
ബോളിവുഡ് താരങ്ങളായ ഹീന പഞ്ചാൽ, താന്യ ദേശായി, അനേരി വജാനി, പ്രമുഖ ഇന്ത്യൻ ഗായകനും സംഗീതസംവിധായകനുമായ അങ്കുഷ് ഭരദ്വാജ്, ഗായിക സെൻജുതി ദാസ് എന്നിവർ അതിഥികളായി പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. പരിപാടിയിൽ കാണികളായി എത്തുന്നവർക്ക് നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങൾ നൽകും. വിവിധ കാറുകൾ, സ്വർണക്കട്ടികൾ, വിമാന ടിക്കറ്റുകൾ അടക്കം ലക്ഷക്കണക്കിന് ദിർഹമിന്റെ സമ്മാനങ്ങളാണ് നൽകുന്നത്. ഒന്നാം പെരുന്നാളിന് അൽ ഖൂസ് ഏരിയയിലാണ് പ്രധാന ആഘോഷങ്ങൾ. ദുബൈയുടെ വളർച്ചക്കും വികസനത്തിനും വലിയ സംഭാവന ചെയ്യുന്ന തൊഴിലാളി സമൂഹത്തിന് ആദരവ് അർപ്പിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ അസി. ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.
വിവിധ രാജ്യങ്ങളിൽനിന്നുള്ള 10,000ത്തിലധികം തൊഴിലാളികൾ ആഘോഷ പരിപാടിയിൽ പങ്കെടുക്കും. ഈദ് ദിവസം വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടി അർധരാത്രി വരെ നീളും. അന്താരാഷ്ട്ര കലാകാരന്മാരുടെ വിവിധ സംഗീത പ്രകടനങ്ങൾ, അതിശയിപ്പിക്കുന്ന അക്രോബാറ്റിക് ഷോകൾ, സവിശേഷമായ ഉത്സവ അന്തരീക്ഷം സൃഷ്ടിക്കുന്ന ഡി.ജെ സെറ്റുകൾ, സാംസ്കാരികവും കലാപരവുമായ വൈവിധ്യങ്ങൾ പ്രദർശിപ്പിക്കുന്ന ആഗോള ടീമുകളുടെ പ്രകടനങ്ങൾ എന്നിവ ആഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടും.
തൊഴിലാളികൾക്കായി ഈദ്ഗാഹുകൾ
ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റുമായി സഹകരിച്ച്, ജി.ഡി.ആർ.എഫ്.എ ദുബൈ അൽ ഖൂസിൽ പെരുന്നാൾ നമസ്കാരം സംഘടിപ്പിക്കും. 10,000ത്തിലധികം വിശ്വാസികൾക്ക് സൗകര്യപ്രദമായ പ്രത്യേക സ്ഥലത്താണ് നമസ്കാരം നടക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.