എമിറേറ്റ്സിൽ മെഗാ റിക്രൂട്ട്മെന്റ്; 5,000 പേരെ നിയമിക്കും
text_fieldsദുബൈ: ഈ വർഷം ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് വിമാനക്കമ്പനി 5,000 കാബിൻ ക്രൂ അംഗങ്ങളെ പുതുതായി നിയമിക്കും. 2024 പകുതിയോടെ എ350 വിമാനങ്ങളും അടുത്ത വർഷം ബോയിങ്ങിന്റെ 777-എക്സ് വിമാനങ്ങളും സർവിസ് തുടങ്ങാനിരിക്കെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കാബിൻ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്.
കൂടുതൽ തൊഴിൽ പരിചയമുള്ളവരേക്കാൾ പുതുതായി ബിരുദം പൂർത്തിയാക്കിയവർക്കാണ് അവസരം ലഭിക്കുക. ഇന്റേൺഷിപ്പോ പാർട്ടൈം ജോലി ചെയ്ത് പരിചയമോ ഉള്ളവർക്കാണ് മുൻഗണന. പ്രധാനമായി ഒരു വർഷം ഹോസ്പിറ്റാലിറ്റി, കസ്റ്റമർ സർവിസ് രംഗങ്ങളിൽ ജോലിചെയ്തവരെയാണ് റിക്രൂട്ട്മെന്റിൽ പരിഗണിക്കുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 460 നഗരങ്ങളിലായാണ് കമ്പനി റിക്രൂട്ട്മെന്റ് നടപടികൾ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും റിക്രൂട്ട്മെന്റ് പ്രതീക്ഷിക്കാം. 2023ൽ എമിറേറ്റ്സ് 8,000 കാബിൻ ക്രൂവിനെ നിയമിക്കുകയും 353 നഗരങ്ങളിൽ റിക്രൂട്ട്മെന്റ് ഇവന്റുകൾ നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഗസ്റ്റിലെ കണക്കുപ്രകാരം കമ്പനിയുടെ കാബിൻ ക്രൂ അംഗങ്ങളുടെ എണ്ണം 20,000 കടന്നു. നിലവിലിത് 21,500 പിന്നിട്ടു. മികച്ച ശമ്പളം മാത്രമല്ല ലാഭവിഹിതവും കമ്പനി തൊഴിലാളികൾക്ക് നൽകാറുണ്ട്. ഹോട്ടൽ താമസം, വാർഷിക ലീവ്, വാർഷിക ലീവ് ടിക്കറ്റ്, ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള ഗതാഗതം, മികച്ച മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയവയും കാബിൻ ക്രൂ അംഗങ്ങൾക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
നിലവിൽ 140ലധികം രാജ്യങ്ങളിൽനിന്നുള്ള 130 ഭാഷകൾ സംസാരിക്കുന്ന അംഗങ്ങളാണ് ടീമിലുള്ളത്. ലോകത്തെ പ്രധാന രാജ്യങ്ങളിലേക്കെല്ലാം സർവിസ് നടത്തുന്ന എമിറേറ്റ്സിന്റെ ലാഭം ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ പുതിയ കാബിൻ ക്രൂ അംഗങ്ങൾക്കും കമ്പനി എട്ട് ആഴ്ചത്തെ തീവ്രപരിശീലനം നൽകാറുണ്ട്. എമിറേറ്റ്സിന്റെ ദുബൈയിലെ അത്യാധുനിക സൗകര്യങ്ങളിൽ പരിശീലനം നേടിയാൽ മികച്ച ആശയവിനിമയ ശേഷിയും നേതൃഗുണങ്ങളും കൈവരിക്കാനുമാകും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമാക്കിയാണ് കമ്പനിയുടെ സർവിസുകൾ.
യോഗ്യത മാനദണ്ഡങ്ങൾ
ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം(നല്ല രീതിയിൽ സംസാരിക്കാനും എഴുതാനുമുള്ള കഴിവുണ്ടാകണം)
ടീമിനൊപ്പം മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന നല്ല വ്യക്തിത്വം
കുറഞ്ഞത് 160 സെന്റീമീറ്റർ ഉയരമുണ്ടാകണം. 212 സെന്റീമീറ്റർ ഉയരത്തിൽ കൈയെത്താനും സാധിക്കണം
യു.എ.ഇയിലെ തൊഴിൽ വിസ നടപടികൾക്ക് തടസ്സമില്ലാതിരിക്കുക
ഒരു വർഷം ഹോസ്പിറ്റാലിറ്റി, കസ്റ്റമർ സർവിസ് രംഗങ്ങളിൽ തൊഴിൽ പരിചയം
കുറഞ്ഞത് 12ാം ക്ലാസ് വിദ്യാഭ്യാസം
കാബിൻ ക്രൂ യൂനിഫോമിൽ കാണാവുന്ന ടാറ്റൂ ഇല്ലാതിരിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.