മെലീഹയിൽ രാപ്പാർക്കാം
text_fieldsതണുപ്പുകാലമായതോടെ മെലീഹയിൽ രാപ്പാക്കാർക്കുന്നവരുടെ ഒഴുക്ക് വീണ്ടും തുടങ്ങി.ഷാർജ മെലീഹ മരുഭൂമിയിൽ ഇനി പ്രകൃതി ആസ്വദിച്ചുക്കൊണ്ട് രാപ്പാർക്കാം. പ്രകൃതിസ്നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കുമായി ഷാർജയിലെ മെലീഹ പുരാവസ്തു കേന്ദ്രമാണ് ‘മെലീഹ ഗ്ലാമ്പിങ്’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പരിസ്ഥിതി സൗഹൃദത്തിൽ മെലീഹ മരുഭൂമിയിൽ മനോഹരമായ ഒരു രാത്രി ചിലവഴിക്കാനും പരമ്പരാഗത ആതിഥ്യമര്യാദകൾ അനുഭവിക്കാനും ഒരു അതുല്യമായ അവസരമാണ് മെലീഹ ഗ്ലാമ്പിങ് ഒരുക്കുന്നത്.
മനോഹരമായ സുഖ സൗകര്യങ്ങളോട് കൂടിയ ടെന്റുകളാണ് ഇവിടെയുള്ളത്. സ്റ്റാൻഡേർഡ്, ഫാമിലി, ഡീലക്സ് ഫാമിലി എന്നീ വിഭാഗങ്ങളിലും മരുഭൂമിയിൽ സൗകര്യങ്ങളോടു കൂടിയ ഔട്ട്ഡോർ ക്യാമ്പിംഗിലും ഇവിടെ താമസ സൗകര്യങ്ങളുണ്ട്. സ്റ്റാൻഡേർഡ് ടെന്റിൽ രണ്ട് മുതിർന്നവർക്കും ഫാമിലി, ഡീലക്സ് ഫാമിലി ടെന്റുകളിൽ മുതിർന്നവർക്കും രണ്ട് കുട്ടികൾക്കും താമസിക്കാൻ കഴിയും. ഒത്തുചേരൽ വേദി എന്ന നിലയിൽ അതിഥികൾക്ക് അവരുടെ ആവശ്യത്തിൻ അഞ്ച് ടെന്റുകളോ അധിലധികമോ തിരഞ്ഞെടുക്കാം.
വൈകുന്നേരം അഞ്ച് മുതൽ ആരംഭിക്കുന്ന ഗ്ലാമ്പിങ് അടുത്ത ദിവസം രാവിലെ 10 വരെയാണുള്ളത്. അതിഥികൾക്ക് ആദ്യം ക്യാമ്പ്സൈറ്റിലേക്ക് പോകാം. അവിടെ വിശ്രമമുറികളും പാനീയങ്ങളും വിവിധ ഭക്ഷണങ്ങളും ആസ്വദിക്കാൻ സാധിക്കും. നക്ഷത്രങ്ങൾക്ക് കീഴിലിരുന്നുകൊണ്ട് ഭക്ഷണം കഴിക്കാനുള്ള അവിസ്മരണീയമായ ഡൈനിങ് അനുഭവവും ഇവിടെ സമ്മാനിക്കുന്നുണ്ട്. ഇത് കൂടാതെ തത്സമയ ഓൺ സൈറ്റ് ഡിന്നർ, അല്ലെങ്കിൽ അവരുടേ പ്രത്യേക ബാർബിക്യൂ, ജ്യോതിശാസ്ത്ര വിദഗ്ധരുമായി 20 മിനിറ്റ് ദൈർഘ്യമുള്ള പ്രത്യേക നക്ഷത്രനിരീക്ഷണവും രാത്രിയിൽ ആസ്വദിക്കാം. ചക്രവാളത്തിൽ ഉദിച്ചുയരുന്ന സൂര്യനെ പിടികൂടുന്ന മെലീഹ മണലിലൂടെയുള്ള സവാരിയോടെയാണ് പ്രഭാതം ആരംഭിക്കുന്നത്. തുടർന്ന് മരുഭൂമിയിൽ പരമ്പരാഗത പിക്നിക്ക് ബ്രേക്ക്ഫാസ്റ്റ് ബാസ്കറ്റും അതോടൊപ്പം അതിഥികൾക്ക് രുചികരമായ പ്രഭാതഭക്ഷണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പാലിയോലിത്തിക്ക് യുഗം, വെങ്കലയുഗം, ഇരുമ്പ് യുഗം, ഇസ്ലാമിന് മുമ്പുള്ള കാലഘട്ടം തുടങ്ങിയ ചരിത്രപരവും പുരാവസ്തുശാസ്ത്രപരവുമായ കണ്ടെത്തലുകളുടെയും കേന്ദ്രമായ മെലീഹ മ്യൂസിയം സന്ദർശിക്കാനും ചരിത്രത്തെക്കുറിച്ച് അതിഥികൾക്ക് പഠിക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.