കെടുതിയില്‍നിന്നും മുക്തമാവാതെ മത്രയിലെ വ്യാപാരികൾ
text_fieldsമത്ര: മഴ പെയ്ത് തോര്‍ന്നെങ്കിലും കെടുതിയില്‍നിന്നും മുക്തമാവാതെ രണ്ടാം ദിവസവും മത്രയിലെ വ്യാപാരികള്‍. സൂഖിന്റെ രണ്ടാം കവാടത്തിലുള്ള വ്യാപാര സ്ഥാപനങ്ങൾ തുറന്നെങ്കിലും ഉപഭോക്താക്കളൊന്നും എത്തിയില്ല. ഈ ഭാഗത്ത് ഇപ്പോഴു നീരൊഴുക്ക് തുടരുന്നതിനാൽ സഞ്ചാര യോഗ്യമല്ലാതായിരിക്കുകയാണ്. തുറന്ന കടകളിലുള്ളവരൊക്കെ വെള്ളം കയറിനശിച്ച സാധനങ്ങൾ വൃത്തിയാക്കുന്ന പ്രവൃത്തിയിലാണ് പ്രധാനമായും ഏർപ്പെട്ടിരുന്നത്. റീട്ടെയില്‍ സൂഖിനെക്കാള് ഇത്തവണ ഏറെ നാശമുണ്ടായത് മൊത്ത വിതരണ കച്ചവട കേന്ദ്രങ്ങളിലാണ്.
അവിടെയുള്ളവരുടെ ഗോഡൗണുകളിലും വെള്ളം കയറിയതിനാല്‍ നഷ്ടക്കണക്ക് ഇരട്ടിയായി. കണ്ണൂര്‍ ആഡൂര് സ്വദേശി ഇ.കെ. നാസറിന്റെ ഹോള്‍സെയില്‍ സ്ഥാപനങ്ങളില്‍ വെള്ളം കയറി നശിച്ചത് ആയിരക്കണക്കിന് റിയാലിന്റെ സാധങ്ങളാണ്.കണ്ണൂര്‍ കണ്ണാടിപ്പറമ്പ് സ്വദേശിയായ മിര്‍സയുടെ ഹാപ്പിലാൻഡ് ഗ്രൂപ്പിന്റെ നാലു കടകളിലും വെള്ളം കയറി. കനത്തനഷ്ടമാണ് ഇവിടെയും ഉണ്ടായിട്ടുള്ളത്. ആലപ്പുഴ സ്വദേശി സുമേഷിന്റെ ട്രാവല്‍സിലെ രണ്ട് കമ്പ്യൂട്ടറും മോഡവും വെള്ളംകയറി ഉപയോഗ ശൂന്യമായി. മട്ടന്നൂർ സ്വദേശി ഫിറോസിന്റെ മൊബൈല്‍ ഷോപ്പിനുള്ളില്‍ വെള്ളം കയറി സാധനങ്ങള്‍ ഒലിച്ചു പോകുകയും ചെയ്തു.
ജിബ്രുവിൽ മരിച്ചത് ബംഗ്ലാദേശ് സ്വദേശി
മത്ര: കനത്തമഴയെതുടർന്ന് കഴിഞ്ഞ ദിവസം മത്ര ജിബ്രുവിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. ബംഗ്ലാദേശ് കുമില്ല സ്വദേശി ജുവൽ (45) ആണ് മരിച്ചത്. സ്വര്‍ണാഭരണ നിർമാണ തൊഴിലാളിയായിരുന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഇദ്ദേഹത്തെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. പിന്നീട് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് മരിക്കുകയായിരുന്നു. ഞായറാഴ്ച അർധരാത്രിയോടെയാണ് മസ്കത്ത് ഗവർണറേറ്റിൽ അപ്രതീക്ഷിതമായി മഴയെത്തുന്നത്. റോഡുകളിൽ വെള്ളം കയറി ഗതാഗത തടസ്സവും നേരിട്ടു. മത്ര സൂഖിൽ മലയാളികളടക്കമുള്ളവരുടെ വ്യാപാരസ്ഥാപനങ്ങളിൽ കനത്തനാശമാണ് നേരിട്ടത്. വാദികളിലും വാഹനങ്ങളിലുമായി കുടുങ്ങിയ 30ൽ അധികം പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതരും റോയൽ ഒമാൻ പൊലീസും രക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.