അൽഐനിൽ ‘മെർസ്’ സ്ഥിരീകരിച്ചു
text_fieldsദുബൈ: ജൂൺ മാസം അൽഐനിൽ പ്രവാസി യുവാവിന് മെര്‍സ് (മിഡിൽഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ്) ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. രോഗം ബാധിച്ച 28കാരനുമായി സമ്പർക്കം പുലർത്തിയ 108 പേരുടെ നിരീക്ഷണ കാലയളവ് പൂർത്തിയായ ശേഷമാണ് അധികൃതർ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
രോഗിയുമായി ബന്ധപ്പെട്ട ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ജൂൺ മൂന്നിനും ഏഴിനും പലതവണകളിലായി രോഗി ഛർദി, മൂത്രമൊഴിക്കുമ്പോൾ വേദന തുടങ്ങിയ പ്രയാസങ്ങളുമായി ആശുപത്രിയിലെത്തിയിരുന്നു. തുടർന്ന് ജൂണ്‍ എട്ടിനാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ പ്രവേശിച്ച ഇയാൾക്ക് ജൂണ്‍ 21ന് നടത്തിയ പി.സി.ആർ പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗി യു.എ.ഇക്ക് പുറത്ത് യാത്ര ചെയ്യുകയോ രോഗമുള്ളവരുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഒട്ടകങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ബന്ധപ്പെട്ടിട്ടുമില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
2013ലാണ് രാജ്യത്ത് ആദ്യമായി മെർസ് സ്ഥിരീകരിച്ചത്. ഈ വര്‍ഷം ആദ്യമായാണ് യു.എ.ഇയില്‍ രോഗബാധ സ്ഥിരീകരിക്കുന്നത്. ഇതടക്കം രാജ്യത്ത് ഇതുവരെ 94 പേർക്കാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ 12 പേർ മരണപ്പെടുകയും ചെയ്തു. യു.എ.ഇയിൽ പൊതുവേ അപൂർവമായ രോഗമാണിത്. അബൂദബി പൊതുജനാരോഗ്യ കേന്ദ്രം രോഗബാധ കണ്ടെത്തിയ റിപ്പോർട്ടിനെത്തുടർന്ന് നിരീക്ഷണം ശക്തമാക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറഞ്ഞു. സമ്പർക്കം പുലർത്തിയ ദിവസം മുതൽ 14 ദിവസത്തെ നിരീക്ഷണമാണ് ആരോഗ്യ വിദഗ്ധർ രോഗബാധ പകരാതിരിക്കാൻ നിർദേശിച്ചിട്ടുള്ളത്.
മെർസ് ഗുരുതരമോ?
2012ലാണ് ആദ്യമായി മെർസ് വൈറസ് സ്ഥിരീകരിക്കുന്നത്. ഗുരുതര സ്വഭാവമുള്ള രോഗം ബാധിച്ചവരിൽ 35 ശതമാനമാണ് മരണനിരക്ക്.
സാധാരണ കോവിഡ് ബാധയേക്കാൾ മാരകമാണെങ്കിലും പകരുന്നത് വളരെക്കുറഞ്ഞ അളവിൽ മാത്രമാണ്. ലോകത്ത് ആകെ 2605 കേസുകൾ മാത്രമാണ് ഇതിനകം കണ്ടെത്തിയിട്ടുള്ളത്. ഇവയിൽ 84 ശതമാനവും സൗദി അറേബ്യയിലാണ്. ആകെ മരണം 936 ആണ്. ഒട്ടകങ്ങൾ വൈറസിനെ വഹിക്കുകയും മനുഷ്യരിലേക്ക് പകരാൻ കാരണമാവുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മൃഗങ്ങളുമായി സമ്പർക്കമില്ലാത്ത ചിലരിലും അണുബാധ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും വീടുകളിൽനിന്നുമാണ് അപൂർവമായി മനുഷ്യരിൽനിന്ന് രോഗം പകർന്ന സംഭവങ്ങളുണ്ടായിട്ടുള്ളത്.
ചികിത്സയും പ്രതിരോധവും
മെർസ് ബാധിതർക്ക് പ്രത്യേക ചികിത്സ നിലവിലില്ല. പ്രതിരോധ വാക്സിനും കണ്ടെത്തിയിട്ടില്ല. അതേസമയം രോഗത്തെ നേരിടുന്നതിനുള്ള മരുന്നും വാക്സിനും കണ്ടെത്തുന്നതിന് പരീക്ഷണം പുരോഗമിക്കുന്നുണ്ട്. രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുൻകരുതലെന്ന നിലയിൽ ഫാമുകൾ, മാർക്കറ്റുകൾ, ഒട്ടകശാലകൾ എന്നിവ സന്ദർശിക്കുന്നവർ പൊതു ശുചിത്വം പാലിക്കണം. മൃഗങ്ങളെ തൊട്ടുകഴിഞ്ഞാൽ കൈകഴുകുക, കണ്ണ്, മൂക്ക്, വായ എന്നിവ കൈകൊണ്ട് തൊടാതിരിക്കുക, രോഗമുള്ള മൃഗങ്ങളുമായി സമ്പർക്കം പുലർത്താതിരിക്കുക എന്നിവയും പ്രതിരോധത്തിന് പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.