കളിച്ച് തെളിയാൻ മെസ്സിയും അർജന്റീനയും അബൂദബിയിലേക്ക്
text_fieldsഅബൂദബി: ഖത്തർ ലോകകപ്പിന് തയാറെടുക്കാൻ ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീനൻ ടീം അബൂദബിയിലെത്തും. അബൂദബി സ്പോർട്സ് കൗൺസിലും അർജന്റീന ഫുട്ബാൾ അസോസിയേഷനും തമ്മിലെ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ടീം എത്തുന്നത്. എന്നാണ് വരുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല.
എന്നാൽ, ഇത് വൈകാതെ യാഥാർഥ്യമാകുമെന്ന് അബൂദബി സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി ആരിഫ് അൽ അവാനി പറഞ്ഞു. അർജന്റീനൻ ആരാധകരെ പരിശീലനം കാണാൻ അബൂദബിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഡീഗോ മറഡോണ, ലയണൽ മെസ്സി തുടങ്ങിയ പ്രതിഭകളെ സൃഷ്ടിച്ച ലോകത്തിലെ മുൻനിര ഫുട്ബാൾ രാജ്യങ്ങളിലൊന്നാണ് അർജന്റീന. അവരുടെ പരിശീലന ക്യാമ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ലോകകപ്പിന് മുന്നോടിയായ ഒരുക്കങ്ങൾ അടുത്തുനിന്ന് വീക്ഷിക്കാനുള്ള അവസരമാണ് കാണികൾക്ക് ഒരുങ്ങുന്നത്.
ഇരു ഫുട്ബാൾ അസോസിയേഷനുകളും തമ്മിലുണ്ടാക്കിയ കരാർ ഇരു രാജ്യങ്ങളിലെയും ഫുട്ബാളിന് ഗുണം ചെയ്യുമെന്നും ആരിഫ് അൽ അവാനി കൂട്ടിച്ചേർത്തു. നേരത്തേ മാഞ്ചസ്റ്റർ യുനൈറ്റഡ് അടക്കമുള്ള ടീമുകൾ യു.എ.ഇയിൽ പരിശീലനത്തിന് എത്തിയിരുന്നു. ദുബൈ എക്സ്പോയുടെ അംബാസഡറായിരുന്ന മെസി മഹാനഗരി സന്ദർശിച്ചിരുന്നു. പ്രഥമ ഫൈനലിസിമ പോരാട്ടത്തിൽ ഇറ്റലിയെ തകർത്ത ആത്മവിശ്വാസത്തിലാണ് അർജന്റീന ടീം ലോകകപ്പിന് ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.