മെറ്റാവേഴ്സ്: ഇ-ലോകം യഥാർഥ ലോകത്തിനടുത്തേക്ക്...
text_fieldsദുബൈ: കമ്പ്യൂട്ടർകൊണ്ട് നിർമിച്ചെടുത്ത പ്രതീതിയുമായി യഥാർഥ പരിസ്ഥിതിയിൽ നിന്നുകൊണ്ട് ആശയവിനിമയം നടത്താനുള്ള സാങ്കേതികവിദ്യയാണ് മെറ്റാവേഴ്സ് ഒരുക്കുന്നത്. ഇ–ലോകം യഥാർഥ ലോകത്തിനടുത്തേക്കെന്ന അവകാശവാദത്തോടെയാണ് മെറ്റാവേഴ്സ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നീ സാങ്കേതികവിദ്യകളാണ് മെറ്റാവേഴ്സിന്റെ അടിസ്ഥാനം. ഇന്റർനെറ്റിന്റെ തത്സമയ ത്രിമാന അനുഭവം എന്നും മെറ്റാവേഴ്സിനെ വിശേഷിപ്പിക്കാം. മെറ്റാവേഴ്സ് വരുന്നതോടെ ഇന്നത്തെ ഓൺലൈൻ സങ്കേതങ്ങളിലെല്ലാം വെർച്വലായെങ്കിലും നമ്മുടെ സാന്നിധ്യം സാധ്യമാകുമെന്നർഥം. വിവിധ രാജ്യങ്ങളിലുള്ളവർക്കുപോലും നേരിൽ കണ്ടും സ്പർശിച്ചും അനുഭവങ്ങൾ കൈമാറിയും ആശയവിനിമയം നടത്തുന്ന പ്രതീതിയുണ്ടാക്കാൻ മെറ്റാവേഴ്സിലൂടെ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
സ്വന്തം പ്രതിരൂപം സൃഷ്ടിച്ച് നേരിട്ട് ഇടപെടുന്നതുപോലെ മറ്റൊരാളുമായി സംവദിക്കാം, ഒരുമിച്ച് പ്രവർത്തിക്കാം, ഷോപ്പിങ് വരെ നടത്താം എന്നൊക്കെയാണ് ഇതിന്റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടപ്പെടുന്നത്. 1992ൽ നീൽ സ്റ്റീഫൻസൺ എഴുതിയ സയൻസ് ഫിക്ഷനായ 'സ്നോ ക്രാഷി'ലൂടെയാണ് ഈ സങ്കൽപം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇന്റർനെറ്റും വെർച്വൽ റിയാലിറ്റിയും സമൂഹമാധ്യമങ്ങളും പോലുള്ള സങ്കേതങ്ങളെല്ലാം ഒന്നിച്ചണിനിരക്കുന്ന ടെക് ലോകം യഥാർഥ ലോകവുമായി സമന്വയിക്കുന്ന സങ്കൽപമാണ് നീൽ അവതരിപ്പിച്ചത്. ഫേസ്ബുക്ക് തങ്ങളുടെ മാതൃക കമ്പനിയായി മെറ്റാ പ്ലാറ്റ്ഫോംസ് രൂപവത്കരിക്കുകയും മെറ്റാവേഴ്സ് പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിടുകയും ചെയ്തതോടെയാണ് ഇത് സാങ്കേതിക മേഖലയിലെ ചൂടൻ വിഷയമായി മാറിയത്. മൈക്രോസോഫ്റ്റ്, ഗൂഗ്ൾ, ആമസോൺ, സോണി എന്നിവയെല്ലാം ശതകോടിക്കണക്കിന് ഡോളറാണ് ഇതിന്റെ വികസനത്തിനായി ചെലവഴിക്കുന്നത്. 10,000 ഐ.ടി വിദഗ്ധർ മെറ്റാ പ്ലാറ്റ്ഫോമിന്റെ പണിപ്പുരയിലുണ്ടെന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഇനിയുമൊരു 10,000 വിദഗ്ധരെ കൂടി രംഗത്തിറക്കാനും അവർ ആലോചിക്കുന്നു.
മീറ്റിങ് പ്ലാറ്റ്ഫോമായ ടീംസിൽ ഒരുവർഷത്തിനുള്ളിൽ വെർച്വൽ റിയാലിറ്റി സങ്കേതങ്ങൾ സന്നിവേശിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഓപറേറ്റിങ് സിസ്റ്റം, ക്ലൗഡ്, വിഡിയോ കോൺഫറൻസിങ്, ഹാർഡ്വെയർ, സോഷ്യൽ നെറ്റ്വർക്ക് എന്നിവയെല്ലാം മെറ്റാവേഴ്സ് പ്ലാറ്റ്ഫോമിൽ ഒന്നിപ്പിക്കാനാണ് മൈക്രോസോഫ്റ്റ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.