2040ഓടെ മെട്രോ, ട്രാം സ്റ്റേഷനുകൾ ഇരട്ടിയിലേറെയാകും
text_fieldsദുബൈ: എമിറേറ്റിലെ സുപ്രധാന പൊതുഗതാഗത സംവിധാനമായ ദുബൈ മെട്രോ, ട്രാം സംവിധാനങ്ങൾ വിപുലീകരിക്കാൻ പദ്ധതി. 2040ഓടെ നിലവിലുള്ള മെട്രോ, ട്രാം സ്റ്റേഷനുകൾ ഇരട്ടിയിലേറെ വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ദുബൈ എക്സിക്യൂട്ടിവ് കൗൺസിലിന്റെ യോഗത്തിലാണ് വിശാല സാമ്പത്തിക പദ്ധതികളുടെ ഭാഗമായി ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ ദുബൈയിൽ റെഡ്, ഗ്രീൻ ലൈനുകളിലായി 55 മെട്രോ സ്റ്റേഷനുകളും 11 ട്രാം സ്റ്റേഷനുകളുമാണുള്ളത്. 2030ഓടെ ഇത് 140 കി.മീറ്റർ നീളത്തിൽ വികസിപ്പിച്ച് 96 സ്റ്റേഷനുകളാക്കും. പിന്നീട് 2040ഓടെ 228 ചതുരശ്ര കി.മീറ്റർ മേഖലയിൽ ഉൾക്കൊള്ളുന്ന രീതിയിൽ 140 സ്റ്റേഷനുകളാക്കാനും ലക്ഷ്യമിടുന്നു.
ദുബൈയുടെ സുസ്ഥിരതയും ജീവിതനിലവാരവും പ്രോത്സാഹിപ്പിക്കുന്നതിനായി മെട്രോ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾക്കായുള്ള പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായാണ് ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുള്ളത്.
പൊതുഗതാഗതം 45 ശതമാനമായി വർധിപ്പിക്കുക, കാർബൺ പുറന്തള്ളുന്നത് കുറച്ചുകൊണ്ടുവരുക, നടത്തം പ്രോത്സാഹിപ്പിക്കാനായി പൊതുയിടങ്ങളുടെ ഗുണനിലവാരം ഉയർത്തുക, തണൽ വിരിച്ച ഭാഗങ്ങൾ വർധിപ്പിക്കുക എന്നിങ്ങനെ വിവിധ കാര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടും. മെട്രോ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ജനസംഖ്യ വർധിപ്പിക്കുകയും അതിനനുസരിച്ച് താമസ, വാണിജ്യ, ഓഫിസ്, സേവന സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും.
ദുബൈ മെട്രോയുടെ പുതിയ പാതയായ ബ്ലൂ ലൈൻ 2029ൽ നിർമാണം പൂർത്തിയാക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. 30 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതയുടെ നിർമാണത്തിന് അനുമതിയും നൽകിയിരുന്നു.
ദുബൈ ക്രീക്കിനെ മുറിച്ച് കടക്കുന്ന വിധമാണ് പുതിയ ബ്ലൂ ലൈൻ മെട്രോ പാത വരുന്നത്. 30 കിലോമീറ്റർ ദൂരമുള്ള പാതയിൽ 14 സ്റ്റേഷനുകളുണ്ടാകും. രണ്ട് ഇന്റർചേഞ്ച് സ്റ്റേഷനുകളും ഒരു ഐക്കോണിക് സ്റ്റേഷനും ഇതിൽ ഉൾപ്പെടും. ഈ പദ്ധതിയും അടങ്ങുന്നതാണ് മെട്രോ, ട്രാം വികസനത്തിനുള്ള ആസൂത്രണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.