സ്ത്രീ നെയ്ത്തുകാരുടെ കരവിരുതിൽ തിളങ്ങി മെക്സികോ പവലിയൻ
text_fieldsദുബൈ: എക്സ്പോ 2020 ദുബൈയിലെ പല രാജ്യങ്ങളുടെയും പവലിയനുകളുടെ ബാഹ്യരൂപഭംഗി ഏവരെയും അതിശയിപ്പിക്കുന്നതാണ്. യു.എ.ഇ, ഇന്ത്യ, സൗദി അറേബ്യ തുടങ്ങി സന്ദർശകരെ ഇതിനകം വളരെയധികം ആകർഷിച്ച പവലിയനുകൾ അക്കൂട്ടത്തിലുണ്ട്.
എന്നാൽ, രൂപഭംഗിയിൽ അത്ഭുതപ്പെടുത്തുന്നതിനൊപ്പം നിർമാതാക്കളുടെ പ്രത്യേകതകൊണ്ടും മെക്സികോ പവലിയൻ വേറിട്ടുനിൽക്കുന്നു. മനോഹരമായ ഇതിെൻറ ബാഹ്യരൂപം രാജ്യത്തെ 200 സ്ത്രീ നെയ്ത്തുകാരാണ് പണിതുയർത്തിയത്. രാജ്യത്തിെൻറ സർവമേഖലകളിലും സ്ത്രീകൾക്കുള്ള പ്രധാന്യവും സ്ഥാനവും വെളിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് വനിതാ നെയ്ത്തുകാരെ പദ്ധതി ഏൽപിച്ചത്. പ്രതീക്ഷിക്കപ്പെട്ടതിനേക്കാൾ രൂപഭംഗിയിൽ സുന്ദരമായാണ് ഇതിെൻറ നിർമാണം പൂർത്തിയായിരിക്കുന്നത്. പലവിധ വർണങ്ങളിൽ പൂക്കളും ചിത്രങ്ങളും നിറഞ്ഞ രൂപം കാഴ്ചക്കാരെ പവലിയനിലേക്ക് മാടിവിളിക്കുന്നതാണ്.
മെക്സികൻ സംസ്കാരത്തിെൻറയും പൈതൃകത്തിെൻറയും യാഥാർഥ്യം ഉൾക്കൊള്ളുന്നതും സമൂഹത്തിലെ സ്ത്രീകളുടെ പ്രധാന പങ്ക് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതാണ് പവലിയൻ രൂപമെന്ന് പവലിയൻ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. മെക്സികോയിലെ ജാലിസ്കോ മേഖലയിൽനിന്നുള്ള 200 കരകൗശല വിദഗ്ധരാണ് ഇത് നെയ്തെടുത്തത്. ഈ കലാസൃഷ്ടി പരമ്പരാഗത മെക്സികൻ സ്ത്രീകളുടെ കഴിവിെൻറ പ്രാധാന്യ വെളിപ്പെടുത്തുന്ന പ്രതീകമാണ് -പവലിയൻ കമീഷണർ ജനറൽ മാർത്ത ജറാമിലോ പറഞ്ഞു. ലാറ്റിനമേരിക്കൻ രാജ്യത്തിെൻറ പവലിയൻ ഇടനാഴികളിൽ ആ നാടിെൻറ വിഖ്യാതമായ പാരിസ്ഥിതിക വൈവിധ്യവും മനോഹരമായ പ്രകൃതിയും കാണിക്കുന്നതിനായി വലിയ ത്രീഡി സ്ക്രീനുകളിൽ അവതരണങ്ങളും ഒരുക്കിയിട്ടുണ്ട്.
പവലിയൻ ഹാളിൽ 4000 വർഷങ്ങൾക്ക് മുമ്പുള്ള 'മായ' നാഗരികതയുടെ അടയാളങ്ങളും സന്ദർശകർക്കായി പ്രദർശിപ്പിക്കുന്നുണ്ട്. മറ്റു പവലിയനുകളിൽനിന്ന് വ്യത്യസ്തമായ സംവേദനാത്മക അനുഭവം ഇത് സന്ദർശകർക്ക് നൽകുമെന്ന് സ്റ്റാഫ് കോഒാഡിനേറ്റർ ഫ്രാൻസിസ്കോ ഗാർഡുനോ പറഞ്ഞു. മെക്സികൻ പാചകരീതികളും സുഗന്ധവ്യഞ്ജനങ്ങളും ആസ്വദിക്കാനും സന്ദർശകർക്ക് ഇവിടെ സാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.