മെയ്ദാൻ സ്ട്രീറ്റ് വിപുലീകരണ പദ്ധതി അന്തിമ ഘട്ടത്തിൽ
text_fieldsദുബൈ: നഗരത്തിലെ അൽ മെയ്ദാൻ സ്ട്രീറ്റ് വിപുലീകരണ പദ്ധതി അന്തിമ ഘട്ടത്തിലെത്തിയെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). അൽഖൈൽ സ്ട്രീറ്റ് ജങ്ഷൻ മുതൽ സൈക്ലിസ്റ്റ്സ് ക്ലബ് വരെ നീളുന്ന പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ 85 ശതമാനം പിന്നിട്ടതായി അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. സ്ട്രീറ്റിലെ പാതകൾ രണ്ടിൽനിന്ന് മൂന്നായി വർധിപ്പിക്കുകയും അൽ മെയ്ദാൻ റൗണ്ട്എബൗട്ടിനെ ‘ടി’ ആകൃതിയിലുള്ള സിഗ്നലോടെയുള്ള ജങ്ഷനാക്കി മാറ്റുകയും ചെയ്യുന്നതാണ് പദ്ധതി. അതോടൊപ്പം അൽ ഖൂസ് റൗണ്ട്എബൗട്ടിനെ വിപുലീകരിച്ച സ്ട്രീറ്റാക്കി മാറ്റുന്നതും ഇതിലുൾപ്പെടും.
പദ്ധതി പൂർത്തിയാകുന്നതോടെ അൽ മെയ്ദാൻ സ്ട്രീറ്റിലെ യാത്രാസമയം രാവിലെ എട്ടു മിനിറ്റിൽനിന്ന് ഒരു മിനിറ്റിലേക്കും വൈകുന്നേരം ഏഴു മിനിറ്റിൽനിന്ന് ഒരു മിനിറ്റിലും കുറഞ്ഞ സമയത്തേക്കും ചുരുങ്ങുമെന്ന് ആർ.ടി.എ റോഡ്, ട്രാഫിക് വിഭാഗം ഡയറക്ടർ ഹമദ് അൽ ശെഹി പറഞ്ഞു. അതോടൊപ്പം ഈ ഭാഗത്തെ ജങ്ഷനുകളിലെ ട്രാഫിക് 93.3 ശതമാനം കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർച്ചയായ വിപുലീകരണത്തിലൂടെയും നവീകരണത്തിലൂടെയും വളരുന്ന നഗരത്തിന്റെ ഗതാഗത ആവശ്യങ്ങളെയും സുസ്ഥിര വികസനത്തെയും പിന്തുണക്കാനാണ് ആർ.ടി.എ ലക്ഷ്യമിടുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു.
പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ മുഹമ്മദ് ബിൻ റാശിദ് സിറ്റിയിലേക്കുള്ള പ്രവേശന ഭാഗം നവീകരിക്കുന്നത് ഉൾപ്പെടും. മുഴുവൻ നിർമാണ പ്രവർത്തനങ്ങളും അടുത്ത വർഷം രണ്ടാം പാദത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അൽ മെയ്ദാൻ പ്രദേശത്ത് സൈക്കിളുകൾക്കുള്ള തുരങ്കപ്പാത ആർ.ടി.എ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. 160 മീറ്റർ നീളവും 6.6 മീറ്റർ വീതിയുമുള്ള, മണിക്കൂറിൽ 800 സൈക്കിളുകൾ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണിത്.
സൈക്ലിങ് ട്രാക്ക് അൽ മെയ്ദാൻ ഏരിയയെ നാദ് അൽ ഷെബയുമായും സൈക്ലിസ്റ്റ് ക്ലബുമായും ബന്ധിപ്പിക്കുന്നത് സൈക്കിൾ യാത്രക്കാർക്ക് വളരെ പ്രയോജനകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.