ടാക്സി ഡ്രൈവറിൽനിന്ന് ശതകോടീശ്വരനിലേക്ക് വളർന്ന ജഗ്ത്യാനി
text_fieldsദുബൈ: ഒറ്റമുറി ഷോപ്പിൽനിന്ന് തുടങ്ങി തന്റേതായ ലോകം കെട്ടിപ്പടുത്ത വ്യവസായിയാണ് ഇന്നലെ വിടപറഞ്ഞ മുകേഷ് മിക്കി ജഗ്ത്യാനി. ലണ്ടൻ തെരുവിലെ ടാക്സി ഡ്രൈവറിൽനിന്ന് തുടങ്ങി 2000ത്തോളം ഷോപ്പുകളുടെ ഉടമയായി മാറിയതിന് പിന്നിൽ കഷ്ടപ്പാടുകളുടെയും അതിജീവനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും നിലപാടിന്റെയും കഥയുണ്ട്.
സിന്ധി വംശജനായ ജഗ്ത്യാനി 1952 ആഗസ്റ്റ് 15ന് കുവൈത്തിലാണ് ജനിച്ചത്. ഇന്ത്യയിലെ പഠനകാലത്തിന് ശേഷം തുടർ പഠനത്തിനായാണ് ലണ്ടനിലെത്തിയത്. ഇതിനിടയിൽ സമയം കിട്ടുമ്പോഴെല്ലാം ടാക്സി ഓടിക്കാനിറങ്ങിയ അദ്ദേഹം നഗരത്തിലെ ഹോട്ടൽ മുറികൾ വൃത്തിയാക്കുന്ന ജോലിയും ചെയ്തിരുന്നു. 1973ൽ ബഹ്റൈനിലേക്ക് ചേക്കേറിയതോടെയാണ് ജഗ്ത്യാനിയിലെ ബിസിനസുകാരൻ പുറത്തുചാടിയത്. സഹോദരന്റെ മരണത്തെ തുടർന്ന് അദ്ദേഹം നടത്തിയിരുന്ന കളിപ്പാട്ടം കട ഏറ്റെടുക്കുകയായിരുന്നു. ഇതോടെ, കളിപ്പാട്ടങ്ങൾ മാത്രമുണ്ടായിരുന്ന ആ ഷോപ്പിൽ കുട്ടികൾക്കുള്ള മറ്റ് ഉൽപന്നങ്ങളും നിറഞ്ഞു. 10 വർഷത്തിനിടെ ആറ് ഔട്ട്ലെറ്റുകൾ കൂടി തുറന്നു.
ബേബി ഷോപ്പ് എന്നു പേരിട്ട ഈ സ്ഥാപനം ഇന്ന് യു.എ.ഇയിൽ അറിയപ്പെട്ട ബ്രാൻഡാണ്. ബഹ്റൈനിൽ നല്ല നിലയിൽ പ്രവർത്തിക്കുമ്പോഴാണ് ഗൾഫ് യുദ്ധം തുടങ്ങുന്നത്. ഇതോടെ ദുബൈയിലേക്ക് ചേക്കേറി. ഇവിടെയാണ് ലാൻഡ് മാർക്ക് ഗ്രൂപ് സ്ഥാപിച്ചത്. ഫാഷൻ, ഇലക്ട്രോണിക്സ്, ഫർണിച്ചർ, ബജറ്റ് ഹോട്ടലുകൾ എന്നിവ ഇതിന് കീഴിൽ പിറവിയെടുത്തു. മിഡിലീസ്റ്റിലേക്കും ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും അതിവേഗം പടർന്ന് പന്തലിച്ചു.
പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സെന്റർപോയന്റ്, മാക്സ്, ബേബിഷോപ്പ്, സ്പ്ലാഷ്, ഹോം സെന്റർ, ലൈഫ് സ്റ്റൈൽ, ഷൂ മാർട്ട്, ഇ മാക്സ് തുടങ്ങിയ മുൻനിര ബ്രാൻഡുകൾ ലാൻഡ് മാർക്ക് ഗ്രൂപ്പിന്റേതാണ്. 1999ൽ ലാൻഡ് മാർക്ക് ഗ്രൂപ് ഇന്ത്യയിലുമെത്തി. കേരളത്തിൽ അടക്കം നിരവധി സ്ഥാപനങ്ങളുണ്ട്. 21 രാജ്യങ്ങളിലായി 2200 ബ്രാഞ്ചുകളിലായി പടർന്നുപന്തലിച്ച ഗ്രൂപ്പിന് കീഴിൽ 50,000ത്തോളം ജീവനക്കാരുണ്ട്. ഈ വർഷത്തെ ഫോബ്സ് പട്ടികയനുസരിച്ച് ലോകത്തിലെ ധനികരിൽ 521ാം സ്ഥാനത്ത് ജഗ്ത്യാനിയുണ്ട്.
നിലപാടുകളിലും വിട്ടുവീഴ്ചയില്ലാത്ത സംരംഭകനായിരുന്നു ജഗ്ത്യാനി. 2015ൽ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയ ഡോണൾഡ് ട്രംപിന്റെ നിലപാടിൽ പ്രതിഷേധിച്ച് എല്ലാ ലാൻഡ്മാർക്ക് സ്ഥാപനങ്ങളിൽനിന്നും ട്രംപ് ബ്രാൻഡ് ഉൽപന്നങ്ങൾ പിൻവലിച്ചിരുന്നു. കായികമേഖലക്ക് നൽകിയ സംഭാവനകൾ വിലയിരുത്തി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നേരിട്ട് അഭിനന്ദിച്ചിരുന്നു. മൂന്നു മക്കളും ഗ്രൂപ്പിന്റെ ഡയറക്ടർ സ്ഥാനത്തുണ്ട്. ഭാര്യ രേണുക ജഗ്ത്യാനിയാണ് സ്ഥാപനത്തിന്റെ ചെയർമാനും സി.ഇ.ഒയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.