നോര്‍ക്ക പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴില്‍ സഹായ പദ്ധതിക്ക് നാളെ തുടക്കം
text_fieldsദുബൈ: കോവിഡ് പ്രതിസന്ധിയിൽ തൊഴില്‍ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോര്‍ക്ക പ്രവാസി-ഭദ്രത മൈക്രോ പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കം.
അഞ്ചു ലക്ഷം രൂപ വരെ സ്വയംതൊഴില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതി കെ.എസ്.എഫ്.ഇ വഴിയാണ് നടപ്പാക്കുന്നത്. ഉച്ചക്ക് ഒന്നിന് തിരുവനന്തപുരം മാസ്‌കത്ത് ഹോട്ടലില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. പദ്ധതി തുകയുടെ 25 ശതമാനം വരെ (പരമാവധി ഒരു ലക്ഷം രൂപ) മൂലധന സബ്‌സിഡി ലഭിക്കുന്നുവെന്നതാണ് മുഖ്യസവിശേഷത. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് ആദ്യ നാലുവര്‍ഷം മൂന്നു ശതമാനം പലിശ സബ്‌സിഡിയും ലഭിക്കും. കെ.എസ്.എഫ്.ഇയുടെ സംസ്ഥാനത്തെ 600ൽ കൂടുതൽ ശാഖകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. കേരള ബാങ്ക് ഉള്‍പ്പെടെ വിവിധ സഹകരണ സ്ഥാപനങ്ങള്‍, പ്രവാസി കോഓപറേറ്റിവ് സൊസൈറ്റികള്‍, മറ്റ് ദേശസാത്കൃത ബാങ്കുകൾ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ വഴി പ്രവാസി ഭദ്രത-മൈക്രോ പദ്ധതി വിപുലമാക്കാനും ലക്ഷ്യമിടുന്നുണ്ട്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികള്‍ക്കായി നോര്‍ക്ക വഴി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന തുടര്‍ച്ചയായ രണ്ടാമത്തെ സംരംഭകത്വ സഹായ പദ്ധതിയാണിത്. കുടുംബശ്രീ വഴി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ അനുവദിക്കുന്ന പ്രവാസി ഭദ്രത-പേള്‍ പദ്ധതി നേരത്തെ തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.