മിഥുൻ ഈസ് ബാക്ക് ഇൻ ദി റിങ്
text_fieldsഎട്ട് വർഷം മുൻപ് ഇന്ത്യമുഴുവൻ ഏറ്റുപറഞ്ഞൊരു പേരാണ് മിഥുൻ ജിത്. ഒറ്റ രാത്രി കൊണ്ട് രണ്ട് ലോക മെഡലുകൾ ഇടിച്ചെടുത്ത കിക്ക് ബോക്സർ. മിന്നും വേഗത്തിൽ കിക്കുകൾ പായിച്ച് രണ്ട് തവണ ഗിന്നസ് ബുക്കിൽ ഇടം നേടിയ ലോകറെക്കോഡ് ജേതാവ്. രണ്ട് തവണ ഇൻറർനാഷനൽ കരാട്ടെ ചാമ്പ്യൻഷിപ്പ് നേടിയ താരം. 17 തവണ ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മുത്തമിട്ട യുവാവ്.
21 തവണ സംസ്ഥാന ചാമ്പ്യൻ. അതിനും മുൻപ് കുട്ടിക്കാലത്ത് വയനാട് ജില്ലാ കേലാത്സവത്തിൽ തായമ്പകയും ചെണ്ടമേളവും കുത്തകയാക്കി വിജയിച്ചുപോന്ന കലാപ്രതിഭ. 24ാം വയസിൽ ലോകചാമ്പ്യെൻറ തലയെടുപ്പോടെ ഇടിക്കൂട്ടിൽ നിന്നിറങ്ങിയ മിഥുൻ ജിത്തിനെ 2014ന് ശേഷം ആരും മത്സരപ്പോരിൽ കണ്ടിട്ടില്ല. ഏഴ് വർഷത്തിനിപ്പുറം വീണ്ടും റിങിലേക്കിറങ്ങുകയാണ് മിഥുൻ. ഇക്കുറി പക്ഷെ, എതിരാളികളെ വിറപ്പിക്കുന്ന കിക്ക് ബോക്സറായല്ല, സംഘാടകെൻറ റോളിലാണ് മിഥുൻ എത്തുന്നത്. ബോക്സിങ് ലോകത്തെ പുതിയ വേർഷനായ ബെയർ നെക്ക്ൾ ടൂർണമെൻറിെൻറ സംഘാടനത്തിനായി ദുബൈയിൽ എത്തിയ മിഥുെൻറ വിശേഷങ്ങൾ.
ചാമ്പ്യൻ 'ഷിപ്പിലേക്ക്'
2013ൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്നപ്പോഴാണ് മിഥുൻ ബോക്സിങ് റിങിൽ നിന്നിറങ്ങുന്നത്. മറൈൻ എൻജിനീയറായ മിഥുന് കപ്പലിൽ ജോലി ലഭിച്ചത് ഈ സമയത്താണ്. 2014ൽ ഓസ്ട്രിയയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ കിട്ടിയിരുന്നു. എന്നാൽ, ഇതിനും ഒരു മാസം മുൻപേ മിഥുെൻറ കപ്പൽ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചിരുന്നു. ഇതിന് ശേഷവും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗ്ലൗസണിയാൻ മിഥുൻ തയാറായില്ല.
സ്പോർട്സിനേക്കാൾ പ്രാധാന്യം എന്തുകൊണ്ട് ജോലിക്ക് നൽകി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. 'കിക്ക് ബോക്സിങ്ങിന് വേണ്ടത്ര പ്രാധാന്യം ഇന്ത്യ നൽകിയിരുന്നില്ല. നാട്ടിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. രാഷ്ട്രീയമായ താൽപര്യങ്ങളും അസോസിയേഷൻ പ്രശ്നങ്ങളുമെല്ലാമായി കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായിരുന്നു കിക് ബോക്സിങ്. എനിക്ക് ശേഷം കേരളത്തിൽ നിന്ന് കിക് ബോക്സിങിൽ ഒരു ലോക ചാമ്പ്യൻ പോലും ഉണ്ടാവാത്തതിെൻറ കാരണവും ഇതൊക്കെയാണ്. ഇപ്പോൾ അവസ്ഥ കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട്. കാര്യമായ പിന്തുണ ലഭിക്കാതെ വന്നതോടെ ചെയ്യുന്നതിലൊന്നും തൃപ്തിയില്ലാതെ വന്നു. മത്സര രംഗത്തുനിന്ന് പിൻമാറാനുള്ള ഒരു കാരണം ഇതാണ്'- മിഥുൻ പറയുന്നു.
മത്സരത്തിൽ നിന്ന് പിൻമാറിയെങ്കിലും കിക് ബോക്സിങിനെ പൂർണമായും ഉപേക്ഷിച്ചിരുന്നില്ല. നാട്ടിലെത്തി സ്വന്തമായി ബിസിനസ് തുടങ്ങിയ മിഥുൻ പുതുതാരങ്ങളെ വളർത്താൻ അക്കാദമി സ്ഥാപിച്ചു. കേരളത്തിലെ ആദ്യ കിക് ബോക്സിങ് അക്കാദമിയാണിത്. എറണാകുളം പനമ്പള്ളി നഗറിലെ അക്കാദമിയിൽ നിന്നുള്ള കുട്ടികൾ സംസ്ഥാന, ദേശീയ തലത്തിൽ മികച്ച പ്രകടനം നടത്തുന്നുണ്ട്.
ഒരുപിടി നേട്ടങ്ങൾ
കേരളത്തിൽ നിന്ന് ഇതുവരെ ആർക്കും സ്വന്തമാക്കാൻ കഴിയാത്തത്ര നേട്ടങ്ങൾ എത്തിപ്പിടിച്ചയാളാണ് വയനാട് ചൂണ്ടേൽ പുത്തൻവീട്ടിൽ മിഥുൻ. മാധ്യമപ്രവർത്തകയും കവയിത്രിയുമായ മേരി ലില്ലിയുടെ മകൻ. കരാട്ടേയോടായിരുന്നു കമ്പം. 12ാം വയസിൽ ബ്ലാക്ക് ബെൽറ്റ്. 13ാം വയസിൽ എറണകുളം ജില്ലാ തൈക്കോണ്ടോ, ജൂഡോ ചാമ്പ്യൻഷിപ്പുകളിൽ സ്വർണം. സംസ്ഥാന-ദേശീയ തലത്തിൽ കരാട്ടെയിൽ കിരീടങ്ങൾ കൊയ്തുകൂട്ടി. കരാട്ടെയിൽ ഒരുമിനിറ്റിൽ 310 കിക്കെടുത്ത് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചതോടെയാണ് ലോകത്തിെൻറ ശ്രദ്ധാേകന്ദ്രമായത്. അമേരിക്കയുട റോൾ മേസയുടെ 281 കിക്കുകളുടെ റെക്കോഡാണ് തകർത്തത്.
മൂന്ന് മിനിറ്റിൽ 608 കിക്കെന്ന മറ്റൊരു ഗിന്നസ് റെക്കോഡും സ്ഥാപിച്ചു. ഇതോടെയാണ് കിക്ക്ബോക്സിങിലേക്ക് വഴിമാറിയത്. സുഹൃത്ത് ജോഫിലാലായിരുന്നു പരിശീലകൻ. തായ്ലൻഡിലെത്തി ലോകോത്തര പരിശീലകരായ കോർഹസ് ബാസ്, മൈക്ക്, ബാസ്ബൂൺ എന്നിവരുടെ ശിശ്യത്വം സ്വീകരിച്ചു. ഇതിനിടയിൽ ജൂഡോയിലും റസ്ലിങിലും പയറ്റിതെളിഞ്ഞു. 2013ൽ ക്രൊയേഷ്യയിൽ നടന്ന ലോക കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മിഥുൻ ലോകത്തെ വിസ്മയിപ്പിച്ചു. ഒറ്റ രാത്രിയിൽ നടന്ന രണ്ടിനങ്ങളിൽ വെള്ളിയും വെങ്കലവും ഇടിച്ചെടുത്തു. അഞ്ചുപേരോടൊപ്പം ഇടിച്ചുനിന്നായിരുന്നു ചരിത്രം കുറിച്ചത്. രണ്ട് തവണ ഇൻറർനാഷനൽ കരാട്ടെ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. എറണാകുളം കാക്കനാടാണ് താമസം.
എന്തുകൊണ്ട് ദുബൈ
ഇന്ത്യയിൽ നടത്താനായിരുന്നു പദ്ധതി. എന്നാൽ, കോവിഡ് രൂക്ഷമായതോടെ ദുബൈയിലേക്ക് മാറ്റുകയായിരുന്നു. മാത്രമല്ല, വിദേശത്തുനിന്നെത്തുന്ന കായിക താരങ്ങൾക്ക് വിസ നടപടികൾ ഉൾപെടെ വേഗത്തിൽ നടക്കും. എല്ലാവർക്കും എത്തിപ്പെടാനുള്ള എളുപ്പവും കോവിഡിനെ മികച്ച രീതിയിൽ നേരിടുന്നതും ദുബൈ തെരഞ്ഞെടുക്കാൻ കാരണമായി. ഇൻറർനാഷനൽ പ്ലാറ്റ്ഫോമാണ് ദുബൈ. ഇവിടെ എല്ലാരാജ്യങ്ങളിൽ നിന്നുമുള്ളവരുണ്ട്. അതിനാൽ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്ന് മിഥുൻ പറയുന്നു.
വരുന്നു, ഇടിയുടെ പൊടിപൂരം
ബോക്സിങ് റിങ്ങിലെ പുതിയ ട്രെൻഡാണ് ബെയർ നെക്ക്ൾ. നിയമങ്ങളിലും കാഴ്ചയിലും ബോക്സിങുമായി അടുത്ത ബന്ധമുണ്ടെങ്കിലും ബോക്സിങ് ഗ്ലൗസില്ലാതെയാണ് താരങ്ങൾ ഫൈറ്റിനിറങ്ങുന്നത്. 42 രാജ്യങ്ങളിലെ 60 താരങ്ങൾ പോരിനിറങ്ങുന്ന ബെയർ നെക്ക്ൾ കോംപാക്ടിനൊരുങ്ങുകയാണ് ദുബൈ. ഇതിെൻറ നടത്തിപ്പിനായാണ് മിഥുൻ ദുബൈയിൽ എത്തിയിരിക്കുന്നത്. മിഥുനും മലയാളിയായ സംവിധായകൻ സന്ധ്യമോഹനും ചേർന്നാണ് 70 ലക്ഷം ഡോളർ (50 കോടി രൂപ) വരവ് ചെലവ് വരുന്ന ടൂർണമെെൻറാരുക്കുന്നത്. ജൂലൈയിൽ തുടങ്ങാനാണ് പദ്ധതി. നിലവിലുള്ള ലോകചാമ്പ്യൻമാരെല്ലാം ഗോദയിലിറങ്ങും.
സൈഫുല്ലഖ് ഖാൻbഖാദോവ് (റഷ്യ), റസൻ മുഹറെബ് (ഡച്ച്), സ്റ്റീവ് ബാങ്ക്സ് (യു.എസ്), ഹംസ ബോമയ (ഫ്രാൻസ്), മൈക്കൽ ബദാസ് ബഡാറ്റോ (ഓസ്ട്രേലിയ), സിൻഡി സൈബർഗ് (ഫ്രാൻസ്), ക്രിസ്റ്റ മുറാതീദി (കസാഖിസ്ഥാൻ), മിലോസ് ബജോവിസ് (സെർബിയ), ഫാബിയാനോ ഹത്തോൺ (ബ്രസീൽ) തുടങ്ങിയ വമ്പൻമാരാണ് പരസ്പരം പോരടിക്കുന്നത്. 30 മെയിൻകാർഡ് ഫൈറ്റേഴ്സുമുണ്ട്. മത്സരം ലോകമെമ്പാടുമുള്ള ഒന്നാം നമ്പർ സ്പോർട്സ് ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യും. ഓൺലൈൻ പ്ലാറ്റ്ഫോം വഴി പണം മുടക്കി കാണാനും കഴിയും. വേൾഡ് മൊയ്തായ് ഫെഡറേഷനുമായി ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്.
എല്ലാ മാസവും ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കാനാണ് പദ്ധതി. ആദ്യ മാസങ്ങളിൽ ദുബൈയിലായിരിക്കും മത്സരം. പിന്നീട് മറ്റ് രാജ്യങ്ങളിലെത്തി സംഘടിപ്പിക്കും. മലയാളികളായ വി.കെ. വിഷ്ണു, സി.കെ. നിഷാദ് എന്നിവരും അണിയറയിലുണ്ട്. ബിഗ് ബജറ്റ് സിനിമ നിർമിക്കുന്നത് പോലുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്. പൂർണമായും തത്സമയ സംപ്രേക്ഷണമായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ, യു.എ.ഇയിൽ കായികമേളകളിൽ കാണികളെ അനുവദിക്കാൻ തീരുമാനിച്ചതോടെ ഗാലറി നിറച്ചുള്ള പരിപാടിയാണ് പദ്ധതിയിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.