മഹാമാരിയിൽനിന്ന് ഉയിർത്തെഴുന്നേറ്റ് മിന പഴം–പച്ചക്കറി മാർക്കറ്റ്
text_fieldsഅബൂദബി: കോവിഡ് വ്യാപനത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കുകയാണ് മിന സായിദ് പഴം –പച്ചക്കറി മാർക്കറ്റ്. ലോക്ഡൗൺ കാലത്ത് അടഞ്ഞുകിടന്ന മാർക്കറ്റ് ഇടവേളക്കുശേഷം വീണ്ടും പഴയ ചടുലത വീണ്ടെടുക്കുകയാണ്. നിരവധി മലയാളികളെ അന്നമൂട്ടുന്ന മാർക്കറ്റാണിത്.
വേനൽ ചൂടിലും എയർ കണ്ടീഷൻ സൗകര്യം പോലുമില്ലാത്ത ഈ മാർക്കറ്റിൽ ദിവസേന എത്തുന്ന ഇലകൾ വാടിത്തളരാതെ വിറ്റഴിക്കാനുള്ള തിരക്കിലാണ് രണ്ടു പതിറ്റാണ്ടിലേറെ ഈ മാർക്കറ്റിൽ ജോലി ചെയ്യുന്ന വളാഞ്ചേരി സ്വദേശി സലീം വെണ്ടല്ലൂർ, തിരൂർ സ്വദേശി ഷാഫി പുല്ലൂർ, സിദ്ദീഖ് കന്മനം എന്നിവർ. രാവിലെ മാർക്കറ്റിലെത്തുന്ന ഇലകൾ വാടിത്തളരാതെ ഉപഭോക്താക്കൾക്കു കൈമാറണം.
ഇവയിൽ അധികവും സലാഡിനും മറ്റുമാണ് ഉപയോഗിക്കുന്നത്. ഇലകൾ കഴുകി വൃത്തിയാക്കി കെട്ടി അടുക്കിവെക്കുന്നതാണ് ആദ്യ ജോലി. വിറ്റഴിക്കുന്നതനുസരിച്ചു മാത്രമേ അടുത്ത സെറ്റ് നിരത്തൂ. ലെറ്റൂസ്, ജെർജെർ, മല്ലിയില, ഉള്ളി ഇല തുടങ്ങിയവക്ക് കോവിഡ് കാലത്തും ആവശ്യക്കാർ കൂടുതലാണ്. വിറ്റാമിനുകളുടെ കലവറയായ ഇലകൾ സ്വദേശികൾക്കും വിദേശികൾക്കും പ്രിയപ്പെട്ടതാണ്.
വിദേശ രാജ്യങ്ങളിലെ ഇലകളാണ് അധികവും വേനൽ സീസണിൽ മാർക്കറ്റിൽ ലഭിക്കുന്നത്. തണുപ്പു സീസണായാൽ പ്രാദേശിക മേഖലകളിലെ ഇലകൾ എത്തിത്തുടങ്ങും. അപ്പോൾ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് കൊടുക്കാനാവും. ദിവസേനയെത്തുന്ന ഇലകൾ രാത്രിയോടെ വിറ്റഴിക്കാനാവുന്നു എന്നതാണ് ആശ്വാസം. ഇലകൾ വാടിയാൽ ആരും കൊണ്ടുപോകില്ല. നല്ല ഇലകൾ തേടിയാണ് എല്ലാവരും മാർക്കറ്റിലെത്തുന്നത്.
12 ഓളം മലയാളികളാണ് ഇലകൾ വിറ്റഴിക്കുന്ന അലി അൽ റൊമൈത്തി, ഗയാപ്പിപ്പ് വെജിറ്റബിൾ എന്നീ കടകളിലുള്ളത്. നാട്ടിൽ അവധിക്കുപോയി ലോക്ഡൗണിൽപെട്ട അഞ്ചു പേരൊഴികെയുള്ളവർ മാർക്കറ്റിലുണ്ട്. 14 ദിവസം കൂടുമ്പോൾ എല്ലാവരും പി.സി.ആർ പരിശോധന നടത്തണം. വിപണിയിൽ കൈയുറയും മാസ്‌ക്കും ധരിച്ചാണ് വിൽപനക്ക് നിൽക്കേണ്ടത്.
അബൂദബി ഫുഡ് കൺട്രോൾ അതോറിറ്റി ഉദ്യോഗസ്ഥർ മിക്ക ദിവസവും മാർക്കറ്റിൽ പരിശോധനക്കെത്തും. കോവിഡ് സുരക്ഷ മാനദണ്ഡങ്ങളും സാമൂഹിക അകലവും മാർക്കറ്റിലെ ജീവനക്കാർ പാലിക്കണം. നിയമലംഘനം കണ്ടാൽ പിഴകിട്ടും. കോവിഡ് കാലത്തെ സുരക്ഷ മാനദണ്ഡങ്ങളിൽ തൊഴിലാളികൾ വളരെ തൃപ്തരാണ്. തൊഴിലാളികൾക്ക് ഇത്ര സുരക്ഷ മറ്റൊരിടത്തും ലഭിക്കില്ലെന്നാണ് ഷാഫി പുല്ലൂർ പറയുന്നത്. അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് നിയമം പഴം –പച്ചക്കറി മാർക്കറ്റിലെ ഉപഭോക്താക്കളുടെ എണ്ണത്തെ ബാധിക്കുമോ എന്ന ആശങ്കയും തൊഴിലാളികൾ പങ്കുവെച്ചു. കോവിഡ് രോഗ വ്യാപനത്തിെൻറ തീക്ഷ്ണതയിൽ നിന്ന് മാർക്കറ്റ് സജീവമായതിെൻറ സന്തോഷം തൊഴിലാളികൾ പങ്കുവെക്കുമ്പോൾ പുതിയ ഗ്രീൻ പാസ് പ്രശ്‌നം പൊല്ലാപ്പാകുമോ എന്ന ആശങ്കയുള്ളതായി സിദ്ദീഖ് കന്മനം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.