മിനർവയുടെ മണിമുത്തം
text_fieldsബാഴ്സലോണയുടെയും മാഞ്ചസ്റ്റർ സിറ്റിയുടെയും ജൂനിയർ ടീമുകൾ കളിക്കുന്ന ടൂർണമെന്റിൽ ഇന്ത്യൻ കുട്ടികൾക്ക് എന്ത് ചെയ്യാൻ കഴിയും. തോൽവിയുടെ ഭാരം പരമാവധി കുറക്കുക എന്നത് തന്നെയായിരിക്കും പ്രാഥമീക ലക്ഷ്യം. മുന് റയൽ മഡ്രിഡ് താരം മരിയ സൽഗാദോയേ പോലുള്ളവർ പരിശീലിപ്പിക്കുന്ന ടീമിനോട് മുട്ടി നിൽക്കാൻ ഇന്ത്യൻ കുട്ടികൾക്ക് കഴിയുമോ എന്ന് ചോദിക്കുന്നവർക്ക് ഒന്നാന്തരമൊരു ഉത്തരമുണ്ട് ഇങ്ങ് ദുബൈയിൽ. പഞ്ചാബിൽ നിന്നുള്ള മിനർവ അക്കാദമി. കഴിഞ്ഞ ദിവസം സമാപിച്ച പ്രഥമ മിന കപ്പ് യൂത്ത് ഫുട്ബാൾ ടൂർണമെന്റിന്റെ അണ്ടർ 12 വിഭാഗത്തിൽ വമ്പൻമാരെ മലർത്തിയടിച്ച് കപ്പുമായി മടങ്ങിയിരിക്കുകയാണ് ഈ കുരുന്നുകൾ. അതും ചെറിയ ജയമൊന്നുമല്ല. സാക്ഷാൽ ബാഴ്സലോണയുടെ കുട്ടികളെ എതിരില്ലാത്ത നാല് ഗോളിനാണ് വിരട്ടിയോടിച്ചത്. ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ക്ലബ്ബായ ലാ ലീഗ അക്കാദമിയെ ഫൈനലിൽ കീഴ്പെടുത്തിയത് മറുപടിയില്ലാത്ത നാല് ഗോളിന്. ദുബൈയിലെ മറ്റൊരു വമ്പൻമാരായ ഗോ പ്രോ സ്പോർട്സ് അക്കാദമിക്കെതിരെ മിനർവ കുട്ടികൾ ആറാടിയപ്പോൾ സ്കോർബോർഡിൽ തെളിഞ്ഞ സ്കോർ 6-0. രാജ്യത്തിന് പുറത്ത് നടന്ന ആദ്യ ടൂർണമെന്റിൽ തന്നെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം നടത്തിയു കുട്ടികളെ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് മിനർവ മാനേജ്മെന്റും. ടൂർണമെന്റിലുടനീളം പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫാൻ ക്ലബ്ബായ മഞ്ഞപ്പടയും ഗാലറിയിലുണ്ടായിരുന്നു.
മിന കപ്പ് യൂത്ത് ഫുട്ബാളിൽ ഏവരും പ്രതീക്ഷിച്ചിരുന്നത് മാഞ്ചസ്റ്റർ സിറ്റി, ബാഴ്സ, ലാലീഗ അക്കാദമി, മറ്റ് യൂറോപ്യൻ ക്ലബ്ബുകൾ എന്നിവയുടെ പ്രകടനമായിരുന്നു. മറ്റ് വിഭാഗങ്ങളിൽ ഇവർ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അണ്ടർ 12ൽ മിനർവയുടെ കുട്ടികൾ ഞെട്ടിച്ചു കളഞ്ഞു. ജബൽ അലി സ്റ്റേഡിയത്തിൽ മിനർവ അക്കാദമി ശരിക്കും ആറാടുകയായിരുന്നു. ടൂർണമെന്റിലുടനീളം മിനർവയുടെ വലയിലേക്ക് ഒരു പന്തുപോലും എത്തിയില്ല. ബാഴ്സയും സിറ്റിയുമെല്ലാം കളിക്കുന്ന ടൂർണമെന്റിൽ ജയിക്കാനാകുമെന്നത് ഒരിക്കലും കരുതിയിരുന്നില്ലെന്ന ഗോൾ കീപ്പർ യൂഹെൻബ ക്വയ്റാക്പമിന്റെ വാക്കുകൾ കാണാനവുന്നത് അവിശ്വസനീയത തന്നെയാണ്. രാജ്യത്തിന് പുറത്ത് കളിക്കാൻ പോകുന്നതിന്റെ ആകാംക്ഷ മാത്രമായിരുന്നു ഇവിടേക്ക് വരുമ്പോൾ ഉണ്ടായിരുന്നത് എന്നാണ് അവന്റെ അഭിപ്രായം. അതിനപ്പുറം ഒന്നും അവർ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.
നോർത്ത് ഈസ്റ്റിൽ നിന്നുള്ള കുട്ടികളാണ് അക്കാദമിയിൽ ഏറെയും. 30,000 ഡോളറാണ് ടൂർണമെന്റിൽ പങ്കെടുത്തതിന് അക്കാദമിക്ക് ചിലവായത്. ഇതിൽ 1000 ഡോളർ ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ചു. ബാക്കി പൂർണമായും തങ്ങളാണ് എടുത്തതെന്ന് അക്കാദമയുടെ ഉടമ രഞ്ജിത് ബജാജ് പറയുന്നു. 100 ശതമാനം സ്കോളർഷിപ്പോടെയാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഒരു രൂപ പോലും കുട്ടികളുടെ കൈയിൽ നിന്ന് വാങ്ങിക്കുകയോ അവർക്ക് ചെലവാക്കേണ്ടി വരുകയോ ചെയ്തിട്ടില്ല. മിന കപ്പിൽ കളിക്കാനെത്തിയ മറ്റ് ടീമുകളും മിനർവ അക്കാദമിയും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരുപക്ഷെ, ഭാവിയിൽ ഈ ടീമിൽ നിന്ന് ഒരു മുഹമ്മദ് സലായോ അതുപോലുള്ള താരങ്ങളോ ഉണ്ടായേക്കാം. 2034ൽ ഇന്ത്യയെ ലോകകപ്പ് കളിപ്പിക്കുക എന്ന ലക്ഷ്യവും തന്റെ അക്കാദമിക്കുണ്ടെന്ന് ബജാജ് വ്യക്തമാക്കുന്നു.
പഞ്ചാബിലെ 25 ഏക്കർ കാമ്പസിലാണ് മിനർവ അക്കാദമി സ്ഥിതി ചെയ്യുന്നത്. മൂന്ന് ഫുൾ സൈസ് ഫുട്ബാൾ ഗ്രൗണ്ട് ഇവിടെയുണ്ട്. ഏഴ് സെവൻസ് ഗ്രൗണ്ടും ജിംനേഷ്യവും ഫിസിയോതെറാപ്പി വിഭാഗവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.