ജബൽ അലി ക്ഷേത്രം ഉദ്ഘാടനം മന്ത്രി ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറക് പങ്കെടുക്കും
text_fieldsദുബൈ: ജബല്‍ അലിയില്‍ നിര്‍മിച്ച പുതിയ ഹിന്ദു ക്ഷേത്രം ഒക്ടോബര്‍ നാലിന് വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. യു.എ.ഇ സഹിഷ്ണുത സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്‍യാൻ ബിന്‍ മുബാറക് അല്‍ നഹ്‍യാൻ സംബന്ധിക്കും. ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ മുഖ്യാതിഥിയാകും. ക്ഷേത്ര ട്രസ്റ്റി രാജു ഷ്‌റോഫ് പങ്കെടുക്കും. ക്ഷേത്ര നിര്‍മാണത്തിന്‍റെ മൂന്നുവര്‍ഷത്തെ നാള്‍വഴികള്‍ ഉദ്ഘാടന ചടങ്ങില്‍ അനാവരണം ചെയ്യും.
ഈ മാസം ആദ്യം മുതല്‍ ക്ഷേത്രം വിശ്വാസികള്‍ക്ക് സന്ദര്‍ശനത്തിന് തുറന്നുകൊടുത്തിരുന്നു. ഓൺലൈൻ ബുക്കിങ് അനുസരിച്ചാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്. എല്ലാവർക്കും പ്രവേശനം അനുവദിക്കുന്ന ക്ഷേത്രത്തിൽ 16 ആരാധനാമൂർത്തികളുടെ പ്രതിഷ്ഠകളാണുള്ളത്. ദുബൈയിലെ ബർദുബൈയിൽ 1958 മുതൽ ഹിന്ദു ക്ഷേത്രം നിലവിലുണ്ട്. വിശേഷ ദിവസങ്ങളിൽ ഇവിടത്തെ വർധിച്ച തിരക്കുകൂടി കണക്കിലെടുത്താണ് പുതിയ ക്ഷേത്രം നിർമിച്ചത്. ഒമ്പതുദിവസം പ്രത്യേക പ്രാർഥനകൾ നടത്തിയ ശേഷമാണ് ഇവിടെ പ്രതിഷ്ഠാകർമം പൂർത്തിയായത്. ആഗസ്റ്റ് അവസാനത്തോടെ, സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബും സ്ഥാപിച്ചിട്ടുണ്ട്.
ത്രീഡി പ്രിന്‍റ് ചെയ്ത വലിയ താമര ചിത്രമുള്ള പ്രധാന പ്രാർഥന ഹാളിലാണ് ഭൂരിഭാഗം പ്രതിഷ്ഠകളും സ്ഥാപിച്ചിരിക്കുന്നത്. വിവിധ ചർച്ചുകളും ഗുരുനാനാക്ക് ദർബാർ ഗുരുദ്വാരയും ഉൾക്കൊള്ളുന്ന ജബൽ അലിയിലെ 'ആരാധന ഗ്രാമം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സന്ദർശനത്തിന് ക്ഷേത്രത്തിന്‍റെ വെബ്സൈറ്റ് വഴിയാണ് നിലവിൽ ബുക്ക് ചെയ്യേണ്ടത്. അബൂദബിയിൽ മറ്റൊരു കൂറ്റൻ ഹിന്ദു ക്ഷേത്രത്തിന്‍റെ നിർമാണം പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.