വിദ്യാര്‍ഥികള്‍ക്ക് ‘ഫ്രണ്ട്സ് ഓഫ് പൊലീസ്’ പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം
text_fieldsറാസല്‍ഖൈമ: വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും വേനലവധി ഒഴിവ് സമയം ക്രിയാത്മകമാക്കുകയെന്ന ലക്ഷ്യത്തോടെ ‘ഫ്രണ്ട്സ് ഓഫ് പൊലീസ്’ സമ്മര്‍ പ്രോഗ്രാമുമായി റാക് പൊലീസ്.
മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, സ്പോര്‍ട്സ് ആക്ടിവിറ്റീസ്, എമിറേറ്റ്സ് സ്കൂള്‍ എജുക്കേഷന്‍ ഫൗണ്ടേഷന് വകുപ്പുകളുമായി സഹകരിച്ച് ഫ്രിജ്ന സ്കൂള്‍ അല്‍ ദൈദ് ഫോറത്തിന് കീഴിലാണ് പ്രോഗ്രാം ഒരുക്കുന്നതെന്ന് റാക് പൊലീസ് മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്ല അല്‍ അവദ് പറഞ്ഞു.
ഒമ്പതിനും 16നും മധ്യേ പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ ജൂലൈ എട്ട് മുതല്‍ ആഗസ്റ്റ് ഒന്ന് വരെയാണ് റാസല്‍ഖൈമയില്‍ ‘ഫ്രണ്ട്സ് ഓഫ് പൊലീസ്’ പ്രോഗ്രാം നടക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്കനുസൃതമായാണ് പ്രോഗ്രാം. വിദ്യാര്‍ഥികളെ ചേര്‍ത്തുപിടിച്ച് സമൂഹത്തിന് മികച്ച സേവനങ്ങള്‍ നല്‍കുന്നതിലൂടെ അവരുടെ വ്യക്തിത്വ രൂപവത്കരണത്തിനും ഉത്തരവാദിത്ത മനോഭാവം വളര്‍ത്തുകയും ലക്ഷ്യമാണ്.
സാംസ്കാരിക-സുരക്ഷ പരജ്ഞാനം ഉപയോഗിച്ച് വിദ്യാര്‍ഥികളുടെ കഴിവുകള്‍ വളര്‍ത്തുന്നതിനും സുരക്ഷ പരിപാടികളിലൂടെയും സമൂഹത്തില്‍ സുരക്ഷ അവബോധം സൃഷ്ടിക്കാനും ഫ്രണ്ട്സ് ഓഫ് പൊലീസ് പ്രോഗ്രാം ഉപകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍-സുരക്ഷ സ്ഥാപനങ്ങള്‍, ഏജന്‍സി ഫീല്‍ഡ് സന്ദര്‍ശനം, പൊലീസ് പ്രവര്‍ത്തന രീതി അടുത്തറിയാനുള്ള അവസരം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളും കായിക, വിനോദ യാത്രയും ഒരുക്കുമെന്നും ഹമദ് അബ്ദുല്ല തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.