ശമ്പളം വൈകിപ്പിച്ചാൽ കർശന നടപടിയെന്ന് തൊഴിൽ മന്ത്രാലയം
text_fieldsദുബൈ: യു.എ.ഇയിൽ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ തൊഴിൽമന്ത്രാലയം നടപടി കർശനമാക്കുന്നു. സമയത്തിന് ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ പുതിയ ശിക്ഷാനടപടികൾ ഉൾപ്പെടുത്തി രാജ്യത്തെ വേതന സംരക്ഷണ സംവിധാനത്തിൽ ഭേദഗതിവരുത്തിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.
ശമ്പളം വൈകിപ്പിച്ച കാലയളവ്, ജീവനക്കാരുടെ എണ്ണം, ശമ്പളം നിഷേധിക്കപ്പെട്ടവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾക്കെതിരെ വിവിധ ശിക്ഷ നടപടികൾ ഉൾപ്പെടുത്തിയാണ് യു.എ.ഇയിലെ വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ ഭേദഗതികൾ നടപ്പാക്കുന്നത്. തൊഴിൽ മന്ത്രി ഡോ. അബ്ദുറഹ്മാൻ അബ്ദുൽ മന്നാൻ അൽ അവാറിന്‍റെ നിർദേശപ്രകാരമാണ് പുതിയ മാറ്റങ്ങൾ. ജീവനക്കാർക്ക് കൃത്യസമയം ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്ഥാപനങ്ങളുടെ വലുപ്പച്ചെറുപ്പം പരിഗണിക്കാതെ തന്നെ പരിശോധന കർശനമാക്കാനാണ് തീരുമാനം. ഇലക്ട്രോണിക് സംവിധാനം വഴി ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ വേതനം എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ഇതിന് പുറമെ, സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്താനും മന്ത്രാലയം നിർദേശിക്കുന്നു.
ശമ്പളം വൈകുന്നുണ്ടെന്ന് കണ്ടാൽ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകും. വീഴ്ച പരിഹരിക്കുന്നില്ലെങ്കിൽ ഈ സ്ഥാപനങ്ങൾക്ക് പുതിയ വർക്ക് പെർമിറ്റ് നൽകുന്നത് നിർത്തിവെക്കും. അമ്പത് ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങളാണ് ശമ്പളനിഷേധം തുടരുന്നതെങ്കിൽ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ഒപ്പം ഫെഡറൽ, ലോക്കൽ അതോറിറ്റികളോട് കമ്പനിക്കെതിരെ നിയമനടപടി ആരംഭിക്കാൻ നിർദേശം നൽകും. ആറുമാസം വീഴ്ച തുടർന്നാൽ വൻ തുക പിഴചുമത്തുകയും സ്ഥാപനത്തെ തരംതാഴ്ത്തുകയും ചെയ്യും. മുഴുവൻ ജീവനക്കാർക്കും വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യൂ.പി.എസ് സംവിധാനം) വഴിയാണ് ശമ്പളം നൽകേണ്ടത്.
കപ്പൽ ജീവനക്കാർ, വിദേശത്തെ ഓഫിസുകളിൽനിന്ന് ശമ്പളം കൈപ്പറ്റുന്നവർ, യു.എ.ഇ സ്വദേശികളുടെ കീഴിലെ ടാക്സി, മത്സ്യബന്ധന ബോട്ട് ജീവനക്കാർ, ബാങ്ക് ജീവനക്കാർ തുടങ്ങി ചുരുക്കം വിഭാഗം ജീവനക്കാർക്ക് മാത്രമേ ഈ സംവിധാനം വഴിയില്ലാതെ ശമ്പളം നൽകാൻ അനുമതിയുള്ളൂവെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.