യു.എ.ഇയിൽ കൃഷി ശക്തിപ്പെടുത്താൻ പദ്ധതിയുമായി മന്ത്രാലയം
text_fieldsദുബൈ: കാർഷിക മേഖലയെ ശക്തിപ്പെടുത്തി രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ പദ്ധതിയുമായി കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം.
ഇതിനായി കാർഷിക വികസന ഏജന്റുമാരുടെയും കൃഷിക്ക് മാർഗനിർദേശം നൽകുന്ന ജീവനക്കാരുടെയും കാര്യക്ഷമത വർധിപ്പിക്കുന്ന പദ്ധതിയാണ് മന്ത്രാലയം രൂപപ്പെടുത്തിയിരിക്കുന്നത്. ജീവനക്കാരുടെ പ്രഫഷനൽ കഴിവുകൾ വികസിപ്പിക്കുന്നതിനു പുറമേ, ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ഉൽപാദനം വർധിപ്പിക്കുന്നതിന് ആധുനിക കാർഷിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിന് പ്രാപ്തരാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
ഇതിന്റെ ഭാഗമായി മണ്ണ്, ജലസേചനം, വിള, പച്ചക്കറി ഉൽപാദനം, പഴവർഗങ്ങളുടെ ഉൽപാദനം, കീടനിയന്ത്രണം, തേനീച്ച വളർത്തൽ, തേൻ ഉൽപാദനം എന്നിവയെക്കുറിച്ചുള്ള പ്രത്യേക പരിശീലന കോഴ്സുകൾ ഈ പദ്ധതിയിൽ ഉൾപ്പെടും.
കാർഷിക വികസന ഏജൻറുമാരുടെ സാങ്കേതിക വൈദഗ്ധ്യവും കഴിവുകളും വർധിപ്പിക്കുന്നതിനുള്ള പ്രഭാഷണങ്ങളും ശിൽപശാലകളും നടപ്പാക്കും. കൂടാതെ, കാർഷിക തത്ത്വങ്ങൾ പ്രയോഗത്തിൽ കൊണ്ടുവരുന്നതിനും ആശയവിനിമയ കഴിവുകൾ വികസിപ്പിക്കുന്നതിനും ഫീൽഡ് കോഴ്സുകളും പ്രോഗ്രാമിൽ ഉൾപ്പെടുത്തും.
ഇതുവഴി വിവിധ രീതികളുടെ പ്രയോഗം പരിശീലിക്കാൻ ഏജന്റുമാർക്ക് അവസരമൊരുങ്ങും. യു.എ.ഇയിലെ ഫാമുകളെ സഹായിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് കാർഷിക മേഖലയിലെ കാര്യക്ഷമത മെച്ചപ്പെടുത്താൻ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രാലയത്തിലെ ഭക്ഷ്യ വൈവിധ്യവിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് സൽമാൻ അൽ ഹമ്മാദി പറഞ്ഞു.
വിവിധ പങ്കാളികൾ, ഗവേഷണ കേന്ദ്രങ്ങൾ, ആഗോള വിദഗ്ധർ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിള ഉൽപാദനം വർധിപ്പിക്കുന്നതിനും കീടങ്ങളിൽനിന്ന് വിളകളെ സംരക്ഷിക്കുന്നതിനും കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ട് മേഖലക്കായി വാർഷികപദ്ധതി വികസിപ്പിച്ചെടുക്കുന്നതും മന്ത്രാലയത്തിന്റെ പദ്ധതികളിൽ ഉൾപ്പെടും.
ഓരോ വിളയുടെയും കൃഷി സീസണുകൾക്ക് അനുസരിച്ച് ഒരു ടൈംടേബിൾ രൂപപ്പെടുത്തിയാണ് ഈ സംരംഭം രൂപപ്പെടുത്തുക. ഈത്തപ്പഴം, പഴങ്ങൾ, പച്ചക്കറികൾ, കാലിത്തീറ്റ, തേൻ ഉൽപാദനം എന്നിവയിലാണ് പദ്ധതി ശ്രദ്ധകേന്ദ്രീകരിക്കുക. ജലസേചനം, വളപ്രയോഗം, നിലം നികത്തൽ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.