തീപിടിത്തം തടയാൻ ജാഗ്രത വേണമെന്ന് മന്ത്രാലയം
text_fieldsഅബൂദബി: വേനൽ കടുത്ത സാഹചര്യത്തിൽ തീപിടിത്ത കാരണമായേക്കാവുന്ന കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്ഥാപനങ്ങൾ, കമ്പനികൾ, വീടുകൾ എന്നിവയിൽ അഗ്നി പ്രതിരോധ ഉപകരണം സ്ഥാപിക്കേണ്ടതിെൻറ പ്രാധാന്യവും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എയർ കണ്ടീഷൻ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ക്രമരഹിതമായ വൈദ്യുതി ഇൻസ്റ്റലേഷൻ, അഗ്നിശമന മാർഗങ്ങൾ വീടുകളിൽ ഇല്ലാതിരിക്കൽ എന്നിവ വേനൽക്കാല തീപിടിത്ത കാരണങ്ങളാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.
എയർകണ്ടീഷണറുകൾ ശരിയായ രീതിയിൽ പരിപാലിക്കണം. ഇലക്ട്രിക്കൽ ഉപകരണങ്ങൾ വൈദ്യുതിയുമായി കൃത്യമായി ഘടിപ്പിക്കണം. ഒരേ പോയൻറിലെ എക്സ്റ്റൻഷൻ ബോർഡുകളിൽ കൂടുതൽ ഉപകരണങ്ങൾ ബന്ധിപ്പിക്കുന്നത് ഒഴിവാക്കണം. വേഗം തീപിടിക്കാൻ സാധ്യതയുള്ള സുഗന്ധദ്രവ്യ കുപ്പികൾ, ഹാൻഡ് സാനിറ്റൈസർ, ലൈറ്റർ, മറ്റ് വസ്തുക്കൾ എന്നിവ വീടുകളിലും വാഹനങ്ങളിലും അലസമായി ഉപേക്ഷിക്കരുത്. അറ്റകുറ്റപ്പണികളില്ലാത്ത എയർകണ്ടീഷണറുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിെൻറ ഫലമായും തീപിടിത്തം ഉണ്ടാകാം. ഇലക്ട്രിക്കൽ എക്സ്റ്റൻഷനുകളിലും ലൈനുകളിലെയും ലോഡ് വർധന അഗ്നിബാധക്ക് പ്രധാന കാരണമാണ്.
റഫ്രിജറേറ്റർ, ഹീറ്ററുകൾ, എയർകണ്ടീഷണർ, ഫാൻ, അയേൺ ബോക്‌സ് എന്നിവയിൽ നിലവാരമില്ലാത്ത ഇലക്ട്രിക്കൽ കേബിളുകളുടെയും ഉപകരണങ്ങളുടെയും ഉപയോഗം ഒഴിവാക്കണം. അഗ്നിശമന ഉപകരണം വീടുകളിൽ സ്ഥാപിക്കേണ്ടതിെൻറ പ്രാധാന്യം വലുതാണ്. വാഹനങ്ങളിലും കടകളിലും സ്ഥാപനങ്ങളിലും കമ്പനികളിലും വീടുകളിലും പൊതു-സ്വകാര്യ സൗകര്യങ്ങളിലും അഗ്നി പ്രതിരോധ സുരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കണം.
സിവിൽ ഡിഫൻസ് ലൈസൻസുള്ളതും അംഗീകരിച്ചതുമായ ഉപകരണങ്ങളാണ് സ്ഥാപിക്കേണ്ടത്. ഇവ തീയണക്കാൻ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തണം. ഇവ എളുപ്പത്തിൽ എടുക്കാവുന്ന സ്ഥലങ്ങളിൽ വെക്കണം. തീപിടിത്തം ഒഴിവാക്കാൻ വൈദ്യുതി ഉപകരണങ്ങൾ അലക്ഷ്യമായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും കൃത്യമായി പരിപാലിക്കണമെന്നും സിവിൽ ഡിഫൻസ് ജനറൽ കമാൻഡ് അധികൃതർ ചൂണ്ടിക്കാട്ടി.
അൽ റിഗ്ഗയിൽ ഫ്ലാറ്റിൽ തീപിടിത്തം
ദുബെ അൽ റിഗ്ഗയിലെ ഫാൽക്കൺ ടവറിലെ 14ാം നിലയിലെ അപ്പാർട്മെൻറിൽ ബുധനാഴ്ച തീപിടിത്തമുണ്ടായി.നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് ദുബൈയിൽ തീപിടിത്തമുണ്ടാകുന്നത്. അൽ റിഗ്ഗയിൽ രാവിലെ ഒമ്പതിനാണ് തീപിടിത്തമുണ്ടായത്. ആറ് മിനിറ്റിനുള്ളിൽ പോർട്ട് സഈദ് സ്റ്റേഷനിൽനിന്നെത്തിയ സിവിൽ ഡിഫൻസ് സംഘം 9.40ഓടെ തീ അണച്ചു.
അൽറാസിലെയും കറാമയിലെയും സിവിൽ ഡിഫൻസ് വിഭാഗവും എത്തിയിരുന്നു. ആർക്കും പരിക്കേറ്റില്ല. തീപിടിത്തത്തിെൻറ കാരണം വ്യക്തമായിട്ടില്ല.ഞായറാഴ്ച അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിലും വൻ തീപിടിത്തമുണ്ടായിരുന്നു.മലയാളിയുടെ ഉടമസ്ഥതയിലുള്ള ഇൻറീരിയർ സ്ഥാപനം ഉൾപ്പെടെ എട്ടോളം സ്ഥാപനങ്ങളാണ് കത്തിനശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.