എമിറേറ്റൈസേഷന്റെ പേരിൽ തട്ടിപ്പിനെതിരെ മന്ത്രാലയം മുന്നറിയിപ്പ്
text_fieldsദുബൈ: എമിറേറ്റൈസേഷന്റെ പേരിൽ വഞ്ചനാപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ സ്വകാര്യ മേഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
എമിറേറ്റൈസേഷൻ സംവിധാനത്തെ മറികടക്കാനുള്ള ശ്രമങ്ങൾ എളുപ്പത്തിൽ തിരിച്ചറിയുമെന്നും ശക്തമായി നേരിടുമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവത്കരണം നടപ്പിലായെന്ന് വ്യാജ അവകാശവാദം നടത്തുക, നാഫിസ് പദ്ധതിയിലെ നേട്ടങ്ങൾക്കായി തെറ്റായ വിവരങ്ങൾ നൽകുക, നാഫിസിന് കീഴിൽ വർക് പെർമിറ്റും മറ്റാനുകൂല്യങ്ങളും നേടിയശേഷം ഗുണഭോക്താവ് ജോലിക്ക് ചേരാതിരിക്കുക, ഗുണഭോക്താവ് സ്ഥിരമായി ജോലി ചെയ്യാതിരിക്കുക, നിയമപരമായ കാരണമില്ലാതെ ഗുണഭോക്താവ് ജോലി അവസാനിപ്പിക്കുകയും അത് കമ്പനി അറിയിക്കാതിരിക്കുകയും ചെയ്യുക, നാഫിസ് അംഗീകരിച്ച ഒരു കാരണവുമില്ലാതെ പൗരന്റെ ആനുകൂല്യങ്ങളിൽ സംഭവിക്കുന്ന മാറ്റം റിപ്പോർട്ട് ചെയ്യാതിരിക്കുക എന്നിവയെല്ലാം എമിറേറ്റൈസേഷന്റെ പേരിലുള്ള തട്ടിപ്പായി കണക്കാക്കും.
ഒരേ ചുമതലകൾ നിർവഹിക്കുന്ന സഹപ്രവർത്തകരെക്കാൾ കുറഞ്ഞ വേതനം സ്വദേശിക്ക് നൽകുക, നാഫിസിൽനിന്ന് ആനുകൂല്യം ലഭിക്കുമെന്ന് പറഞ്ഞ് സ്വദേശിയുടെ കൂലി കുറക്കുക എന്നിവയും പാടില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എമിറേറ്റൈസേഷൻ പരസ്യങ്ങൾ നൽകുന്നതിനും നിയന്ത്രണങ്ങളുണ്ടെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മന്ത്രാലയത്തിൽനിന്ന് മുൻകൂർ അനുമതി വാങ്ങാതെ ഒഴിവുകൾ പരസ്യപ്പെടുത്തുമ്പോൾ എമിറേറ്റൈസേഷൻ നയങ്ങളോ അവയുടെ ആനുകൂല്യങ്ങളോ പരാമർശിക്കരുതെന്നും സ്വകാര്യ മേഖലയിലെ പൗരന്മാരുമായി ബന്ധപ്പെട്ട സർക്കാർ പിന്തുണയുടെയും പ്രോത്സാഹനങ്ങളുടെയും ഗുണങ്ങളൊന്നും തൊഴിൽ പരസ്യത്തിൽ ഉൾപ്പെടുത്തരുതെന്നും നിർദേശത്തിൽ പറഞ്ഞു. ഇമാറാത്തി പൗരന്മാരെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ‘നാഫിസ്’. 2026ഓടെ രാജ്യത്തെ 50ലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ 10 ശതമാനം സ്വദേശികളെ നിയമിക്കാനാണ് എമിററ്റൈസേഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.