ചെറു അപകടം: വാഹനം റോഡിൽനിന്ന് മാറ്റാം
text_fieldsഅബൂദബി: ചെറു അപകടങ്ങൾ സംഭവിച്ചാൽ വാഹനം റോഡരികിലേക്ക് മാറ്റുന്നതിന് നിയമതടസ്സമില്ലെന്ന് അബൂദബി പൊലീസ്. ഇത്തരം നടപടികൾ അപകടം എങ്ങനെ സംഭവിച്ചുവെന്നുള്ള അന്വേഷണത്തെ ബാധിക്കില്ല. ചെറിയ അപകടങ്ങൾക്കുശേഷം വാഹനം റോഡിൽനിന്ന് മാറ്റാൻ വിസമ്മതിക്കുന്നത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ പുതിയ നിർദേശം.
റോഡ് സുരക്ഷക്കും സുരക്ഷിത പാതക്കുമായി അബൂദബി പൊലീസ് പുതിയ കാമ്പയിനും തുടക്കമിട്ടിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിങ്, പെട്ടെന്നുള്ള ലൈൻമാറ്റം, അമിതവേഗം മുതലായ ഡ്രൈവിങ് രീതികളും ഒഴിവാക്കണമെന്നും പൊലീസ് വ്യക്തമാക്കി. ചെറിയ അപകടങ്ങൾ സംഭവിച്ചാൽ ലളിതമായ നടപടികളിലൂടെ പൊലീസിനെ അറിയിക്കാൻ സഈദ് ആപ് നേരത്തേ അബൂദബി പൊലീസ് അവതരിപ്പിച്ചിരുന്നു.
അപകടം നടന്നാൽ സഈദ് ആപ്പിലൂടെ ഇക്കാര്യം റിപ്പോർട്ട് ചെയ്യാം. ആപ്പിൽ സർവിസ് തെരഞ്ഞെടുത്ത് അപകട സ്ഥലം അറിയുന്നതിനായി ഫോൺ നമ്പർ നൽകണം. എന്തുതരം അപകടമാണ് നടന്നതെന്ന് വ്യക്തമാക്കുകയും വേണം. വാഹനത്തിന്റെ ഉടമസ്ഥാവകാശ രേഖ, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ ഫോട്ടോ അപ് ലോഡ് ചെയ്യണം. അപകടത്തിലൂടെ വാഹനത്തിന് സംഭവിച്ച കേടുപാടും തുടർന്ന് നൽകണം.
അപകടത്തിൽപെട്ട മറ്റുവാഹനങ്ങളുടെ വിവരങ്ങളും നൽകണം. തുടർന്ന് ആപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണം. ഇത് പൂർത്തിയാക്കിയാൽ സബ്മിറ്റ് ചെയ്യാം. തുടർന്ന് ഒരു റഫറൻസ് നമ്പർ ലഭിക്കും. രേഖകളെല്ലാം കൈയിലുണ്ടെങ്കിൽ മൂന്നു മിനിറ്റുകൊണ്ട് അപകടം റിപ്പോർട്ട് ചെയ്യാം.
സഈദ് ആപ്പിൽ റിപ്പോർട്ട് ചെയ്ത് അപകടത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും വാഹനം സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയിടുകയും അബൂദബി പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽനിന്നുള്ള നിർദേശങ്ങൾക്കായി കാക്കുകയും വേണം. അകാരണമായി റോഡിന് നടുവിൽ വാഹനം നിർത്തിയിട്ടതിന് യു.എ.ഇയിൽ കഴിഞ്ഞവർഷം മാത്രം 19960 പേർക്കാണ് പിഴ ചുമത്തിയത്.
ഇതിൽ 2291 എണ്ണം അബൂദബിയിലാണ്. 16272 എണ്ണം ദുബൈയിലും 564 എണ്ണം ഷാർജയിലും 357 എണ്ണം അജ്മാനിലും 97 എണ്ണം ഉമ്മുൽഖുവൈനിലും 139 എണ്ണം റാസൽഖൈമയിലും 240 എണ്ണം ഫുജൈറയിലുമാണ്. അപകടത്തിൽപെട്ട വാഹനം റോഡിൽനിന്ന് മാറ്റാനാവുന്നില്ലെങ്കിൽ 999 നമ്പരിൽ ബന്ധപ്പെട്ട് സഹായം തേടുകയും വാഹനം നീക്കുകയും ചെയ്ത് മറ്റ് അപകടങ്ങളുണ്ടാവുന്നത് തടയണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.